- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാധ്യമങ്ങളോടെന്നും ആദരം, 'കടക്ക് പുറത്തെന്ന്' പറഞ്ഞത് ഞാനല്ല'; മുഖ്യമന്ത്രിയുടെ കടക്കു പുറത്ത് പരാമർശം ഓർമ്മിച്ചെടുത്ത് മാധ്യമ വിമർശനത്തിൽ ഗവർണറുടെ വിശദീകരണം; രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾ മാത്രം; മീഡിയവൺ, കൈരളി, റിപ്പോർട്ടർ, ജയ്ഹിന്ദ് ചാനലുകൾക്ക് വിലക്ക്
തിരുവനന്തപുരം: മാധ്യമപ്രവർത്തകരോട് സംസാരിക്കാം, എന്നാൽ പാർട്ടി കേഡർമാരോട് സംസാരിക്കാൻ തനിക്കു താത്പര്യമില്ലെന്നും വ്യക്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ വാർത്താസമ്മേളനം നടത്തുകയാണിപ്പോൾ. മുഖ്യമന്ത്രിക്ക് മറുപടി നൽകി കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനം.'മാധ്യമങ്ങളോടെന്നും ആദരം, 'കടക്ക് പുറത്തെന്ന്' പറഞ്ഞത് ഞാനല്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ വിശദീകരിച്ചു.
ഭരണ പക്ഷത്തിനിരിക്കുമ്പോൾ മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' പരാമർശം നടത്തിയത് താനല്ല. പ്രതിപക്ഷത്തിരിക്കുമ്പോൾ മാധ്യമങ്ങളെ മാധ്യമ സിൻഡിക്കേറ്റെന്ന് വിളിച്ചതാരാണെന്ന് ഓർമ്മിക്കുന്നില്ലെയെന്നും ഗവർണർ ചോദിച്ചു. സർവകലാശാല വിസിമാരുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താ സമ്മേളനത്തിൽ ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. സിപിഎം ചാനൽ കൈരളി ന്യൂസ്, കോൺഗ്രസ് ചാനൽ ജയ്ഹിന്ദ് ടിവി, റിപ്പോർട്ടർ ചാനൽ, മീഡിയവൺ എന്നീ ചാനലുകളെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കിയത്.
കേഡർ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് നേരത്തെ ഗവർണർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന്റെ വിലക്ക്. മാധ്യമപ്രവർത്തകരോട് സംസാരിക്കാം, എന്നാൽ പാർട്ടി കേഡർമാരോട് സംസാരിക്കാൻ തനിക്കു താത്പര്യമില്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം. സർവകലാശാലകളിലെ വിസിമാരോട് ഗവർണർ രാജി ആവശ്യപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു ശേഷം പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോടായിരുന്നു ഗവർണറുടെ മറുപടി.
നിങ്ങളിൽ യഥാർഥ മാധ്യമപ്രവർത്തകർ ആരാണെന്നും മാധ്യമപ്രവർത്തകരുടെ വേഷം കെട്ടിയ കേഡർമാർ ആരെന്നും തനിക്ക് അറിയാൻ കഴിയുന്നില്ലെന്നും ഗവർണർ പറഞ്ഞു. അത്തരക്കാർക്കു മറുപടിയില്ലെന്നും തന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാജ്ഭവൻ വഴി അപേക്ഷ സമർപ്പിക്കാമെന്നും അത്തരത്തിൽ അപേക്ഷ സമർപ്പിക്കുന്നവരുമായി സംസാരിക്കുമെന്നു താൻ ഉറപ്പാക്കുമെന്നും ഗവർണർ പറഞ്ഞു. പ്രതികരണം രാജ്ഭവൻ വഴി ഔദ്യോഗികമായി മാത്രമായിരിക്കുമെന്നും ഗവർണർ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ