ഇടുക്കി: കേരള - തമിഴ്‌നാട് അതിർത്തി പ്രദേശമായ മേഘമലയിൽ വീടിന്റെ വാതിൽ തകർത്തത് അരിക്കൊമ്പനെന്ന് സംശയം. വീടിന്റെ കതക് തകർത്ത് അരി തിന്നതോടെയാണ് അരിക്കൊമ്പനാണ് ഇതിന് പിന്നിലെന്ന് സംശയം ഉയർന്നത്. തമിഴ്‌നാട്ടിലെ മേഘമലയ്ക്ക് സമീപമുള്ള ഇരവങ്കലാർ എസ്റ്റേറ്റിലെ ലയത്തിന്റെ കതക് ആണ് ആന തകർത്തത്. കറുപ്പുസ്വാമി എന്ന തൊഴിലാളിയുടെ ലയമാണ് തകർത്തതെന്നാണ് വിവരം. ഇവിടെ ലയത്തിനകത്ത് സൂക്ഷിച്ചിരുന്ന അരി ആന കഴിച്ചതായി തൊഴിലാളികൾ പറഞ്ഞു.

അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ എത്തിയത് ഇന്നലെയാണ്. മേമലക്ക് സമീപം മണലാർ തേയില തോട്ടത്തിലായിരുന്നു ഇന്നലെ ആനയെ കണ്ടത്. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അരിക്കൊമ്പനെ ജനവാസ മേഖലയ്ക്ക് അകത്ത് കടക്കാതെ തടഞ്ഞിരുന്നു.

എന്നാൽ രാത്രിയോടെ ഇവിടെ നിന്നും മടങ്ങിയ അരിക്കൊമ്പൻ പിന്നീട് പെരിയാർ കടുവ സങ്കേതത്തിലെ വന മേഖലയിലേക്ക് കടന്നിരുന്നു. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ കേരള വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.

ചിന്നക്കനാലിൽനിന്ന് മാറ്റിയതിനു ശേഷമുള്ള അരിക്കൊമ്പന്റെ ആദ്യ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. മേഘമല പ്രദേശത്ത് വിഹരിക്കുന്ന അരിക്കൊമ്പനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. അവിടെനിന്ന് വെള്ളം കുടിച്ചശേഷം പെരിയാർ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരികെപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്നുവെന്ന വാർത്ത തമിഴ്‌നാട്ടിലെ പത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീടിന്റെ ചില ഭാഗങ്ങൾ തകർത്തതിന്റെ വിവരണങ്ങളും ഫോട്ടോയും പത്രത്തിലുണ്ട്. തോട്ടം തൊഴിലാളിയുടെ വീടിന്റെ വാതിൽ തകർത്തതായാണ് വാർത്ത. അരിക്കൊമ്പനെ ഈ മേഖലയിൽ കാണുന്നതിനിടെ തന്നെയാണ് ഈ വാർത്തയും പുറത്തുവരുന്നത്.

മേഘമല ഭാഗത്ത് കഴിഞ്ഞ ദിവസം അരിക്കൊമ്പനെ കണ്ടിരുന്നു. ഇതേത്തുടർന്ന് പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ തമിഴ്‌നാട് വനംവകുപ്പ് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. മേഘമലയ്ക്കു താഴെ ലയം പോലെയുള്ള ഒരു കോളനിയാണ്. നിരവധി പേർ അവിടെ താമസിക്കുന്നുണ്ട്. രാത്രിയിൽ അവിടെ ഒരു ആന നാശം വിതച്ചുവെന്നാണ് റിപ്പോർട്ട്.

എന്നാൽ അത് അരിക്കൊമ്പനാണോ എന്നതിൽ സ്ഥിരീകരണമില്ല. തമിഴ്‌നാട് വനംവകുപ്പും അരിക്കൊമ്പനെ കൃത്യമായി ട്രാക്ക് ചെയ്യുന്നുണ്ട്. റേഡിയോ കോളറിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ കേരളവും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

ആനയെ തമിഴ്‌നാട് അതിർത്തിക്കടുത്തുകൊണ്ടുവിട്ടതിനെതിരേ നേരത്തേതന്നെ തമിഴ്‌നാട് എതിർപ്പുന്നയിച്ചിരുന്നു. റേഡിയോ കോളർ റിപ്പോർട്ട് പ്രകാരം നിലവിൽ അരിക്കൊമ്പൻ കേരളാ ഭാഗത്തേക്ക് തന്നെ വന്നിട്ടുണ്ട് എന്നാണ് വിവരം. എന്നാൽ തമിഴ്‌നാട് മേഖലയിലേക്കു പോയ ശേഷമാണ് തിരികെ വന്നത്. ഇന്നലെ രാത്രിയോടെ തമിഴ്‌നാട് മേഖലയിൽനിന്ന് കേരളത്തിലേക്ക് കടക്കുകയായിരുന്നു. നാലുദിവസം കൊണ്ട് 40 കിലോമീറ്ററാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്.

ശ്രീവല്ലി പുത്തൂർ മേഘമല കടുവ സങ്കേതത്തിനോട് ചേർന്നുള്ള മണലാറിലും അരിക്കൊമ്പനെ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം ഇന്ന് രാവിലെ ലഭിച്ച സിഗ്നൽ അനുസരിച്ച് പെരിയാർ കടുവ സങ്കേതത്തിൽ അരികൊമ്പൻ തിരിച്ചെത്തി.

ഇന്നലെ രാവിലെ മുതൽ ഉച്ച വരെ മണലാർ ഭാഗത്ത് അരിക്കൊമ്പൻ ഉണ്ടായിരുന്നു. ഇതിനിടയിൽ ആണ് കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയത്. ഈ മേഖലയിൽ നിന്ന് രാവിലെ സിഗ്നൽ കിട്ടിയതോടെ കേരള വനം വകുപ്പ് തമിഴ്‌നാടിനെ വിവരം അറിയിച്ചിരുന്നു. ഇതോടെ വനപാലകർ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. വനപാലകർ ആനയെ നേരിട്ട് കാണുകയും ചെയ്തു.

അരികൊമ്പനെ കണ്ടതിനാൽ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർക്ക് വനം വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. രാത്രി യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേ സമയം ഇന്ന് രാവിലെ ലഭിച്ച ജീ പി എസ് കോളർ സിഗ്നൽ പ്രകാരം കേരളത്തിലെ പെരിയാർ റേഞ്ചിലെ വന മേഖലയിലാണ് അരിക്കൊമ്പൻ ഉള്ളത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ തമിഴ്‌നാട് വനം വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.