- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മറുനാടനെതിരെ വ്യാജ പീഡനം ഉയര്‍ത്തി; കോപ്പി റൈറ്റില്‍ കുടുങ്ങിയപ്പോള്‍ നേരിട്ട് വിളിച്ച് സാമ്പത്തിക ബുദ്ധിമുട്ട് വിവരിച്ച സൈബര്‍ സഖാവ്; ക്ലെയിമുകള്‍ പിന്‍വലിച്ച് മറുനാടന്‍ നല്‍കിയ ആശ്വാസം പോലും ഇടതു വേദികളില്‍ കത്തിക്കയറിയ ഈ യുവാവിന് വേണ്ടി വേണ്ടപ്പെട്ടവര്‍ ചെയ്തില്ല; പുതുപ്പാടിയിലെ ആത്മഹത്യാ വാദം തട്ടിപ്പോ? ആരാണ് അബുവിനെ മരണത്തിന് എറിഞ്ഞു കൊടുത്തുവെന്നതില്‍ ദുരൂഹത മാത്രം
കോഴിക്കോട്: വേഞ്ചേരിയില്‍ നിയമ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദരൂഹത തുടരുന്നു. കോഴിക്കോട് കൈതപ്പൊയില്‍ മര്‍ക്കസ് ലോ കോളേജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥി വി. അബൂബക്കര്‍(28) ആണ് മരിച്ചത്. അബൂബക്കര്‍ താമസിച്ചിരുന്ന വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരീക്കോട് കാരിപ്പറമ്പ് സ്വദേശിയാണ് ഇയാള്‍. അബൂബക്കര്‍ സിപിഎം സൈബര്‍ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഇടത് സൈബറിടങ്ങളിലെ സജീവ സാന്നിധ്യവും യൂട്യൂബറും പ്രഭാഷകനുമായിരുന്നു. കോഴിക്കോട് പുതുപ്പാടിയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. അബു സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൈത്തപ്പൊയില്‍ നോളജ് സിറ്റിയില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ് അബു. അരീക്കോട് പൂങ്കുടി സ്വദേശി നെല്ലികുന്ന് വീട്ടില്‍ അബ്ദുള്‍ കരീം, വഹബി ദമ്പതികളുടെ മകനാണ്. 'അബു അരീക്കോട്' എന്ന യൂട്യൂബ് ചാനലില്‍ നിരവധി വീഡിയോകള്‍ അബു പങ്കുവച്ചിട്ടുണ്ട്. മൂന്ന് ദിവസം മുന്‍പും പുതിയ വീഡിയോ ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ചില സമ്മര്‍ദ്ദങ്ങള്‍ അബുവിനുണ്ടായിരുന്നുവെന്നാണ് സൂചന.
ലോണ്‍ ആപ്പ് തട്ടിപ്പാണ് അബുവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരേപാണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. കോടഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരണത്തിന് പിന്നാലെ അബു ലോണ്‍ ആപ്പുകളുടെ തട്ടിപ്പില്‍ കുടുങ്ങിയിരുന്നതായി ആരോപണം ഉയരുകയായിരുന്നു. അബുവിന്റെ അടുത്ത സുഹൃത്തുക്കളുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും കമന്റുകളും ഈ ആരോപണത്തിന് സാധുത നല്‍കുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയത്. കോഴിക്കോട് മര്‍ക്കസ് ലോ കോളേജിലെ മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയായിരുന്നു അബു അരീക്കോട്. ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ വളരെ ജനപ്രിയനായിരുന്ന അദ്ദേഹം പൊതുയോഗങ്ങളിലും തീപ്പൊരി പ്രസംഗങ്ങള്‍ നടത്താറുണ്ടായിരുന്നു. അതിനിടെ ചില യൂട്യൂബര്‍മാര്‍ക്കെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ലോണ്‍ ആപ്പ് വാദം അന്വേഷണം വഴി തെറ്റിക്കാനോ എന്ന സംശയം സജീവമാണ്. വിവാഹ നിശ്ചയം നടന്നതായും അബു പോസ്റ്റിട്ടിരുന്നു. ഈ ബന്ധത്തിന് എന്തു സംഭവിച്ചെന്നും ആര്‍ക്കും അറിയില്ല.
മറുനാടന്‍ മലയാളിയ്‌ക്കെതിരെ നിരന്തരം സിപിഎമ്മിന് വേണ്ടി പ്രചരണം നടത്തിയിരുന്നു അബു അരിക്കോട്. വ്യാജ പീഡന വാര്‍ത്തയടക്കം പ്രചരിപ്പിച്ചു. ഇതിനെതിരെ മാനനഷ്ട കേസും നല്‍കി. മറുനാടന്‍ വീഡിയോകളെ തെറ്റായി പ്രചരിപ്പിക്കുന്നതില്‍ കോപ്പി റൈറ്റ് പ്രശ്‌നം ഉണ്ടായിരുന്നു. ഇക്കാര്യം യൂട്യൂബിനെ അറിയിക്കുകയും ചെയ്തു. ഇതോടെ അബു മറുനാടനെ ബന്ധപ്പെടുകയും തന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിശദീകരിക്കുകയും ചെയ്തു. സിപിഎമ്മിന് വേണ്ടിയാണ് ചെയ്യുന്നതെന്നും തനിക്ക് വ്യക്തിപരമായ പ്രശ്‌നമില്ലെന്നും അറിയിച്ചു. എല്‍എല്‍ബിക്ക് ചേര്‍ന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടിനിടെ യൂട്യൂബ് വരുമാനം നിലയ്ക്കുന്നത് പ്രതിസന്ധിയാകുമെന്നും വിശദീകരിച്ചു. ഇത് മാനിച്ച് അബുവിനെതിരെ നല്‍കിയ കോപ്പി റൈറ്റ് ക്ലൈമുകള്‍ മറുനാടന്‍ പിന്‍വലിക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയ്‌ക്കൊപ്പം മറ്റ് ചില സാമൂഹിക പ്രശ്‌നങ്ങളും അബുവിനെ തേടിയെത്തി. ഇതോടെയാണ് അബു ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തത് എന്നാണ് സൂചന.
അബു അരിക്കോടിന്റെ മരണവുമായി ബന്ധപ്പെട്ട വീഡിയോ സ്‌റ്റോറി ചുവടെ
ജീവിതത്തോട് പൊരുതി നിന്നിരുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് അബു അരീക്കോട്. ജനിച്ച കാലം തൊട്ട് യുവാവായി നിയമ പഠനം നടത്തുന്ന നാള്‍ വരെയും പ്രയാസകരമായ കുടുംബ പശ്ചാതലത്തിലൂടെ കടന്ന് പോയ അബു അഭിമാനം അടിയറ വെക്കാതെയാണ് അവസാന നിമിഷം വരെ ജീവിച്ചത്. അരീക്കോട്ടുകാരന്‍ അബു രാഷ്ട്രീയത്തില്‍ ഒഴുക്കിനെതിരെ നീന്താനാണ് എന്നും ഇഷ്ടപ്പെട്ടത്. നിലപാടുകളും അഭിപ്രായങ്ങളും പേറി ദുരിതപര്‍വ്വങ്ങള്‍ താണ്ടേണ്ടി വന്നപ്പോഴും ആരുടെ മുമ്പിലും ആദര്‍ശം അബു അടിയറ വെച്ചില്ല. യു ട്യൂബര്‍ എന്ന നിലയില്‍ കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. അതൊന്നും ആരോടെങ്കിലുമുള്ള വ്യക്തി വിദ്വേഷം കൊണ്ടല്ല. താന്‍ ശരിയെന്ന് ഉറച്ചു കരുതുന്ന രാഷ്ട്രീയത്തോടുള്ള അതിരുകളില്ലാത്ത അടുപ്പം കൊണ്ടാണ്. ഇടതു വേദികളില്‍ കത്തിക്കയറിയിരുന്ന പ്രഭാഷകനും കൂടിയാണ് അകാലത്തില്‍ അരങ്ങൊഴിഞ്ഞത്-ഇതായിരുന്നു അബുവിനെ കുറിച്ച് കെടി ജലീല്‍ കുറിച്ചത്.
മലയാള സാഹിത്യത്തിലെ എക്കാലത്തും അനശ്വരനായ ഇടപ്പള്ളി രാഘവന്‍ പിള്ള, ജീവിതത്തിന്റെ തിരശ്ശീല സ്വയം പിടിച്ചു വലിച്ചു താഴ്ത്തി കാലവയനികക്കുള്ളില്‍ മറയുന്നതിന് മുമ്പ് എഴുതിയ വരികള്‍ മലയാളികള്‍ക്ക് മറക്കാനാവില്ല: 'ഇല്ലൊരു സമാധാനമിങ്ങെങ്ങും വെറുംവെറും, പൊള്ളലാടങ്ങാത്ത ദാഹമാണയ്യോ ചുറ്റും'
ചുറ്റും അനീതിയും അന്യായവും കൊടികുത്തി വാഴുമ്പോള്‍ അതിനോട് സന്ധി ചെയ്യാതെ മുന്നോട്ടു പോകാന്‍ അസാമാന്യമായ നെഞ്ചുറപ്പു വേണം. താങ്ങും സഹായവും കിട്ടാന്‍ വീട്ടുവീഴ്ചകള്‍ വേണമെന്ന നാട്ടുനടപ്പുകളോട് കലഹിച്ച അബു, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നന്നേ പാടുപെട്ടിരുന്നതായാണ് സുഹൃത്തുക്കളില്‍ നിന്ന് അറിഞ്ഞത്. അനാവശ്യമായ മരണം എന്നേ അബു അരീക്കോടിന്റെ വേര്‍പാടിനെ കുറിച്ച് പറയാനാകൂ. അഭിമാനബോധം അത്രമേല്‍ ഉള്ള സാധാരണ മനുഷ്യര്‍, അബുവിന്റെ വഴി തെരഞ്ഞെടുക്കുന്നത് തോല്‍ക്കാനുള്ള മടികൊണ്ടാണ്. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാവരും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. ഏതുമലയേയും നേരിടാനാകും എന്ന ഉള്‍ക്കരുത്തോടെ ചടുലമായി കുതിക്കണം-ഇതാണ് ജലീല്‍ പറയുന്നത്.
സിപിഐ എം കാരിപ്പറമ്പ് ബ്രാഞ്ച് അംഗമാണ് വട്ടോളി വി അബൂബക്കര്‍ എന്ന അബു അരീക്കോട്. വിദ്യാര്‍ഥി രംഗത്തുകൂടി സംഘടനാ രംഗത്തേക്ക് കടന്നുവന്ന അബു എസ്എഫ്‌ഐ അരീക്കോട് ഏരിയാ സഹഭാരവാഹിയായും ഡിവൈഎഫ്‌ഐ അരീക്കോട് മേഖലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സിപിഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും വേണ്ടി നിരന്തരം ഇടപെടുന്ന അബുവിന് നവമാധ്യമങ്ങളില്‍ വലിയ സൗഹൃദ വലയവുമുണ്ടായിരുന്നു.




