- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയാറിലേക്ക് മടങ്ങുന്ന സാധ്യത വിരളം; മേഘമലയിലെ ആവാസ വ്യവസ്ഥയോട് ഇണങ്ങി അരിക്കൊമ്പൻ; എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആശങ്ക; കൊമ്പനെ പിടികൂടി കുങ്കിയാന ആക്കുന്നത് തമിഴ്നാടിന്റേയും പരിഗണനയിൽ; കറുപ്പു സ്വാമിയുടെ എസ്റ്റേറ്റിലുള്ള ആനയെ നിരീക്ഷിക്കുന്നത് 'മയക്കുവെടിയിൽ' തീരുമാനം എടുക്കാൻ
കുമളി : അരിക്കൊമ്പൻ ഇനി തമിഴ്‌നാടിന് സ്വന്തം? അരിക്കൊമ്പൻ പെരിയാറിലേക്കു മടങ്ങാനുള്ള സാധ്യത മങ്ങിയതായി വിദഗ്ദ്ധർ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്‌നാട് വനമേഖലയിൽത്തന്നെയാണ് ആന ചുറ്റിത്തിരിയുന്നത്. ഇനി കേരളത്തിൽ എത്താൻ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ തമിഴ്‌നാട് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചിന്നക്കനാലിന് സമാനമായ മേഘമലയിലെ സാഹചര്യം അരിക്കൊമ്പന് ഇഷ്ടമായി എന്നാണ് വിലയിരുത്തൽ. ആവാസ വ്യവസ്ഥയുമായി ഇണങ്ങുകയും ചെയ്തു.
മേഘമലയിലെ കറുപ്പസ്വാമി എന്നയാളുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിനു സമീപത്തെ വനമേഖലയിലാണ് ആന 2 ദിവസമായി നിലയുറപ്പിച്ചിരിക്കുന്നത്. അതിന് മുൻപ് മറ്റൊരു എസ്റ്റേറ്റിലൂടെ ആന സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആന ആരോഗ്യവാനാണ് എന്നാണ് തമിഴ്‌നാട് വനംവകുപ്പ് നൽകുന്ന വിവരം. കറുപ്പസ്വാമിയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിന്റെ 500 മീറ്റർ ചുറ്റളവിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ആന ചുറ്റിത്തിരിയുന്നത്. ആനയെ ചൊല്ലി ചെറിയ ആശങ്ക മേഘമലക്കാർക്കുണ്ട്.
ഈ എസ്റ്റേറ്റിലെ തൊഴിലാളികൾക്കു താമസിക്കാൻ നിർമ്മിച്ചിരുന്ന കെട്ടിടം ആന ഇടിച്ചു തകർത്തെന്ന് എസ്റ്റേറ്റിലെ കാവൽക്കാരനായ കാർത്തിക് പറഞ്ഞു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇത് സ്ഥിരീകരിച്ചിട്ടില്ല. ചിന്നക്കനാലിലെപ്പോലെ ഇവിടെ ആക്രമണങ്ങൾ നടത്തുന്നില്ല എന്നാണ് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അക്രമം നടത്തിയാൽ ആനയെ മയക്കുവെടിവയ്ക്കാൻ തമിഴ്‌നാട് വനം വകുപ്പ് ആലോചനയുണ്ട്. എല്ലാ സാധ്യതയും തമിഴ്‌നാട് പരിശോധിക്കുന്നുണ്ട്.
ആനയുടെ സ്വഭാവത്തെക്കുറിച്ച് ഒരാഴ്ച കൂടി നിരീക്ഷണം നടത്തിയ ശേഷമായിരിക്കും അടുത്ത തീരുമാനം എടുക്കുക. ആന ഈ ഭാഗത്തു തുടരുന്നതിനാൽ മേഘമലയിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം തുടരുകയാണ്. മേഘമല നിവാസികളും ആനയെ പിടികൂടി കൂട്ടിലടയ്ക്കണമെന്നു എം.കെ. സ്റ്റാലിനു നിവേദനം നൽകിയിട്ടുണ്ട്. കേരള െഹെക്കോടതി ഉത്തരവുപ്രകാരമാണു അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്നു പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയത്. കൂട്ടിലടയ്ക്കുന്നതു ഹൈക്കോടതി വിലക്കിയ സാഹചര്യത്തിൽ തമിഴ്‌നാട് പിടികൂടി കൂട്ടിലടച്ചാൽ നിയമപ്രശ്നമാകുമോഎന്നാണു പരിശോധിക്കുന്നത്.
കേരളത്തിലെ കേസിലാണു ഹൈക്കോടതി നടപടിയെന്നും തമിഴ്‌നാടിനു ബാധകമല്ലെന്നുമാണു അവർ പറയുന്നത്. വൈകാതെ ആനയെ പിടികൂടാൻ സർക്കാർ നിർദ്ദേശം നൽകുമെന്നാണു കരുതുന്നതെന്നു തമിഴ്‌നാട് വനംവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ആനയെ പിടികൂടി മുതുമല വന്യജീവി സങ്കേതത്തിലോ പറമ്പിക്കുളം വനമേഖലയോടു ചേർന്നുള്ള ആനമല വന്യജീവി സങ്കേതത്തിലെ കോഴിക്കാമുതി ടോപ്പ്സ്ലിപ്പ് ആന കേന്ദ്രത്തിലോ എത്തിക്കാനാണ് ആലോചന. ടോപ്പ്സ്ലിപ്പിൽ 28 ആനകളുണ്ട്. പരിശീലനം നൽകിയശേഷം മികച്ച കുങ്കിയാനയാക്കി മാറ്റാൻ കഴിയുമെന്നാണു തമിഴ്‌നാട് വനംവകുപ്പിന്റെ വിലയിരുത്തൽ.
പിടിച്ചശേഷം കമ്പം, തേനി, പൊള്ളിച്ചി വഴി ആറു മണിക്കുറിനകം ആനമലയിലെത്താൻ കഴിയും. വീണ്ടും മയക്കുവെടി വച്ചാൽ അതു താങ്ങാനുള്ള ശേഷി ഇപ്പോൾ അരിക്കൊമ്പനില്ല. അതിനാൽ, ആരോഗ്യം വീണ്ടെടുത്തശേഷമാകും നടപടി.
മറുനാടന് മലയാളി ബ്യൂറോ