മൂന്നാർ: സൂര്യ എന്ന കുങ്കിയാന വയനാട് മുത്തങ്ങ ആനപ്പന്തിയിൽ നിന്ന് ചിന്നക്കനാലിൽ എത്തും. 2 ആനകളെക്കൂടി 24നു മുൻപ് എത്തിക്കും. കുങ്കിയാനകളിലൊന്നായ വിക്രം കഴിഞ്ഞദിവസം എത്തിയിരുന്നു. അക്രമകാരിയായ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാൻ കഴിയുമെന്നാണ് ദൗത്യ സംഘത്തിന്റെ പ്രതീക്ഷ. അരിക്കൊമ്പനെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 71 പേരടങ്ങുന്ന 11 ടീമുകളാണു തയാറായിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ നാലിനു തുടങ്ങുന്ന ദൗത്യത്തിൽ ആനയുടെ സാന്നിധ്യം മനസ്സിലാക്കിയ ശേഷം മയക്കുവെടി വച്ചു കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി കോടനാട് എത്തിക്കുകയാണ് പദ്ധതി. എന്നാൽ അത് അത്ര എളുപ്പമാകില്ലെന്നും ഏവർക്കും അറിയാം.

വനം വകുപ്പ് പദ്ധതി അറിയാതെ കാടും കുന്നും കയറിയിറങ്ങുകയാണ് ചിന്നക്കനാലിലെയും ശാന്തൻപാറയിലെയും പേടിസ്വപ്നമായ അരികൊമ്പൻ. ചിന്നക്കനാലിന് സമീപത്തെ പെരിയകനാൽ എസ്റ്റേറ്റിലാണ് ഇന്നലെ വൈകുന്നേരം വരെ ആന റോന്ത് ചുറ്റിയത്. കുറച്ച് ദിവസമായി ഏതാനും പിടിയാനകളുടെയും കുഞ്ഞുങ്ങളുടെയും കൂടെയാണ് കൊമ്പന്റെ സഹവാസം. പിടികൂടാൻ വനം വകുപ്പ് ഉന്നമിട്ടതിനാൽ സദാ സമയവും ആആർടിയുടെ നിരീക്ഷണ വലയത്തിലാണ് കൊമ്പൻ. ഒരാഴ്ചയായി അരിക്കൊമ്പൻ പെരിയ കനാൽ എസ്റ്റേറ്റിലാണ് തമ്പടിച്ചിരിക്കുന്നത്. അരികൊമ്പൻ എസ്റ്റേറ്റിൽ നിന്ന് ഇറങ്ങി വന്നാൽ മാത്രമേ ഒരുക്കിവെച്ച കെണിയിൽ കുടുക്കാനാകൂ. അതിനായി ആനയെ 301 കോളനിയിലേക്ക് തന്നെ തുരത്തി ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് ആർആർടി.

അരിക്കൊമ്പൻ കഴിഞ്ഞദിവസം രാത്രിയും 2 വീടുകൾ തകർത്തു. പെരിയകനാലിൽ ബൈസൺവാലി സ്വദേശി വിജയന്റെ വീടിന്റെ ഒരു ഭാഗവും തൊട്ടടുത്തു തന്നെയുള്ള മറ്റൊരു വീടുമാണ് തകർത്തത്. ബുധനാഴ്ച രാത്രിയും വിജയന്റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. അന്നു വീടിന്റെ വാതിലും ഭിത്തിയും തകർത്ത അരിക്കൊമ്പൻ 20 കിലോ അരിയെടുത്തു തിന്നു. കഴിഞ്ഞ ദിവസം രാത്രി 10ന് ഇവിടെയെത്തിയ ആന വീണ്ടും കെട്ടിടത്തിനു കേടുപാടുകൾ വരുത്തിയെങ്കിലും ഭക്ഷണസാധനങ്ങളൊന്നും ലഭിച്ചില്ല. പുലർച്ചെ 3 വരെ അരിക്കൊമ്പൻ ഈ വീടുകളുടെ പരിസരത്ത് ഉണ്ടായിരുന്നുവെന്നു വീട്ടുകാർ പറയുന്നു.

25നു ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദൗത്യം ആരംഭിക്കുന്ന പുലർച്ചെ നാലുമുതൽ നിരോധനാജ്ഞ നിലവിൽ വരുമെന്നു കലക്ടർ ഷീബാ ജോർജ് പറഞ്ഞു. ഇന്നലെ മൂന്നാറിൽ നടന്ന സർവകക്ഷി യോഗത്തിലാണു തീരുമാനം. രണ്ടു പഞ്ചായത്തുകളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ വരവ് കർശനമായി നിയന്ത്രിക്കും. ആനയെ പിടികൂടുന്നതു കാണാനായി നാട്ടുകാരടക്കമുള്ളവർ ദൗത്യമേഖയിലയിലേക്കു പ്രവേശിക്കാതെ നിയന്ത്രണം പാലിക്കണമെന്നും പൊലീസിന്റെ നിർദ്ദേശം പാലിക്കണമെന്നും കലക്ടർ പറഞ്ഞു.

ചിന്നക്കനാൽ സിമന്റ് പാലത്തിലെത്തിച്ച് അരിക്കൊമ്പനെ പിടികൂടാനാണു നിലവിലെ പദ്ധതി. ദൗത്യത്തിനു മുന്നോടിയായി 24 വെള്ളിയാഴ്ച മോക്ഡ്രിൽ നടത്തും. 25ന് ആനയെ പിടിക്കാൻ സാധിക്കാതെ വന്നാൽ അടുത്ത ദിവസവും ദൗത്യം തുടരും. 301 കോളനിയിലുള്ള നിവാസികളെ മാറ്റിപ്പാർപ്പിക്കും. രണ്ട് ആംബുലൻസുകളിലായി രണ്ട് മെഡിക്കൽ സംഘങ്ങൾ, പൊലീസ്, മോട്ടർ വാഹന വകുപ്പ്, അഗ്‌നിരക്ഷാസേന, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ മേഖലയിൽ ഉണ്ടാകുമെന്നും കലക്ടർ പറഞ്ഞു. ചിന്നക്കനാൽ ഗവ.സ്‌കൂളിൽ 25നു പ്ലസ്ടു പരീക്ഷ എഴുതുന്ന 17 കുട്ടികൾക്കു പരീക്ഷ എഴുതുന്നതിനു പ്രത്യേക സംവിധാനമൊരുക്കും.