- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2005 മുതൽ വീടും റേഷൻകടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തു; കാട്ടാന ആക്രമണത്തിൽ മരിച്ചത് 29 പേർ; കോടതിയിൽ വിശ്വാസം അർപ്പിച്ച് വനംവകുപ്പ്; കൊമ്പൻ ആർആർടി സംഘത്തിന്റെ നിരീക്ഷണത്തിൽ; കുങ്കിയാനകളായ കുഞ്ചുവും സുരേന്ദ്രനും വിക്രമും സൂര്യനും ഓപ്പറേഷന് റെഡി
രാജാക്കാട്: അരിക്കൊമ്പൻ നിരുപദ്രവകാരിയെന്ന് പറയുന്നവർക്ക് മുമ്പിലേക്ക് കണക്കുകൾ പറഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. 2005 മുതൽ വീടും റേഷൻകടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തു. ഇതിൽ 23 എണ്ണം ഈ വർഷം തകർത്തതാണ്. ആക്രമണത്തിൽ വീടുകളും മറ്റും തകർന്നുവീണ് മുപ്പതോളം പേർക്ക് പരിക്കേറ്റു. 2010 മുതൽ ഈ മാർച്ച് 25 വരെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി 29 പേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചത്. ഇതിൽ പലതും അരിക്കൊമ്പന്റെ ക്രൂരതയാണ്.
അരിക്കൊമ്പന്റെ ആക്രമണം സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിക്കാനായി വനംവകുപ്പ് തയ്യാറാക്കിയ കണക്കാണക്കിലും ഇതെല്ലാമുണ്ട്്. കോടതയിൽ നിന്ന് അനുകൂല തീരുമാനമാണ് സർക്കാരും വനം വകുപ്പും പ്രതീക്ഷിക്കുന്നത്. നൂറിലധികം പേരുടെ ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. അക്ഷയ സെന്റർ വഴി അപേക്ഷ സമർപ്പിച്ചവരുടെ മാത്രം എണ്ണമാണുൾപ്പെടുത്തിയിട്ടുള്ളത്. ആനയിറങ്കൽ, പന്നിയാർ എന്നിവിടങ്ങളിലെ റേഷൻകടകൾ പലതവണയാണ് അരിക്കൊമ്പൻ തകർത്തത്. അപേക്ഷ നൽകാത്ത നിരവധി കേസുകൾ വേറെയുമുണ്ട്.
പല സ്ഥലത്തായി വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാത്തതിനാൽ കണക്കിലുൾപ്പെടുത്തിയിട്ടില്ല. വീട്ടുനമ്പരില്ലാത്ത കെട്ടിടങ്ങൾ ഷെഡുകൾ പട്ടയമില്ലാത്ത സ്ഥലത്ത് തകർത്തവീടുകൾ എന്നിവയുടെ എണ്ണവും കാണിച്ചിട്ടില്ല. ആന ആക്രമണത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത കേസുകളുടെ വിവരങ്ങളും കോടതിക്ക് കൈമാറും. ഇതെല്ലാം ഗുണകരമായി മാറുമെന്നാണ് പ്രതീക്ഷ. അരിക്കൊമ്പനെ കുങ്കിയാനയായി മാറ്റുന്നത് മാത്രമാണ് ഇതിനെല്ലാം പരിഹാരമെന്നാകും കോടതിയിൽ വനം വകുപ്പിന്റെ വാദം.
ശാന്തൻപാറ ചിന്നക്കനാൽ മേഖലയിലെ പ്രശ്നക്കാരൻ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ കൊമ്പൻ ദൗത്യസംഘത്തിന് സമീപം തന്നെ തുടരുകയാണ്. കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. 301 കോളനിയിൽ അരിക്കൊമ്പൻ നിൽക്കുന്നുണ്ടെന്നും കോടതിവിധി അനുകൂലമായാൽ ദൗത്യം എളുപ്പമാകുമെന്നും ആർആർടി സംഘം പറഞ്ഞു. രണ്ടാഴ്ച കാലമായി ശങ്കരപാണ്ഡ്യമേട്ടിൽ തന്നെ നിലയുറപ്പിച്ചിരുന്ന അരിക്കൊമ്പൻ ശനി വൈകിട്ടോടെ 301 കോളനിയിലേക്ക് കടന്നു.
ദേവികുളം റെയ്ഞ്ചിന് കീഴിലുള്ള അഞ്ചുപേരടങ്ങുന്ന ആർആർടി സംഘത്തിന്റെ നിരീക്ഷണത്തിലാണ് കൊമ്പൻ. കുങ്കിയാനകളായ കുഞ്ചുവും സുരേന്ദ്രനും വിക്രമും സൂര്യനും പ്രദേശത്ത് തന്നെയുണ്ട്. കഴിഞ്ഞദിവസം ചിന്നക്കനാലിന് സമീപം പെരിയകനാലിൽ ജീപ്പിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായി. ഒരാഴ്ചയിലധികമായി തമ്പടിച്ചിരുന്ന പെരിയകനാൽ എസ്റ്റേറ്റിലെ ചോലക്കാടിന് താഴെ ദേശീയപാതയിലാണ് ജീപ്പ് തകർത്തത്. പൂപ്പാറ സ്വദേശികളായ നാലുപേരാണ് ജീപ്പിലുണ്ടായിരുന്നത്.
കൊമ്പനെ കണ്ട് പുറകോട്ടെടുത്ത ജീപ്പിന്റെ പിൻചക്രങ്ങൾ ഓടയിലേക്ക് വീഴുകയും കൊമ്പൻ ജീപ്പ് വലിച്ച് റോഡിന് കുറുകെ ഇടുകയുമായിരുന്നു. ജീപ്പിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപെട്ടു. നിസാര പരിക്കുകളുണ്ട്. കോടതി വിധി വന്നതിനുശേഷമേ മോക്ക്ഡ്രില്ലും മറ്റു നടപടിക്രമങ്ങളും ഉണ്ടാകൂവെന്ന് അധികൃതർ പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ