തൊടുപുഴ: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും ഒഴിവാക്കും. അരിക്കൊമ്പനെ പിടികൂടി പ്രദേശത്തുനിന്നു മാറ്റാത്തതിൽ പ്രതിഷേധിച്ചു ജനകീയ മുന്നണി 8 പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. മൂന്നാറിൽ ഉൾപ്പെടെ വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. കൈക്കുഞ്ഞുങ്ങളെ ഉൾപ്പെടെ സമരപ്പന്തലിൽ എത്തിച്ച് ഹർത്താലിനു ജനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരവേദിയിൽത്തന്നെ അടുപ്പുകൂട്ടി കഞ്ഞിവച്ചായിരുന്നു ഉച്ചഭക്ഷണം. ഈ സാഹചര്യത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കാനാണ് ഹൈക്കോടതിയുടെ വിദഗ്ധ സമിതിയുടേയും നിർദ്ദേശം.

അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് ദൂരെ കാട്ടിലേക്ക് അയക്കാനാണ് നിർദ്ദേശം. മയക്കു വെടി വച്ച് പിടികൂടി കൂട്ടിൽ അടയ്‌ക്കേണ്ടതില്ലെന്നതാണ് തീരുമാനം. എന്നാൽ മദ പാട് മാറിയ ശേഷം എങ്ങനെ അരിക്കൊമ്പനെ മയക്കു വെടിവയ്ക്കാതെ പിടിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഹൈക്കോടതിയുടെ വിദഗ്ധ സമിതി മുമ്പോട്ട് വയ്ക്കുന്ന നിർദ്ദേശം അതുകൊണ്ട് തന്നെ പ്രായോഗികമല്ല. ഇക്കാര്യത്തിൽ വനം വകുപ്പ് കോടതിയിൽ എടുക്കുന്ന നിലപാടും നിർണ്ണായകമാണ്. ഏതായാലും ജനങ്ങൾ പ്രതിഷേധം ശക്തമാക്കുന്നത് സർക്കാരിനും തലവേദനയാണ്. ഹൈക്കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്താൻ സർക്കാർ ശ്രമിക്കും.

ഓപ്പറേഷൻ അരിക്കൊമ്പനുവേണ്ടി എത്തിയ 4 കുങ്കിയാനകൾ പ്രദേശത്തു തുടരുകയാണ്. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദ്രുതകർമസേനാംഗങ്ങളും ഇവിടെത്തന്നെയുണ്ട്. കോടതി നിർദ്ദേശപ്രകാരം കാട്ടാനയെ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്നു വനം വകുപ്പും പറഞ്ഞു. അരിക്കൊമ്പനെ പിടികൂടുന്നതുവരെ രാപകൽ സമരം നടത്തുമെന്നു ജനകീയമുന്നണിയും അറിയിച്ചിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ ചിന്നക്കനാൽ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി പത്ത് മണിക്കാണ് കാട്ടാന രണ്ടുപേരെ ആക്രമിച്ചത്.

സിങ്കുകണ്ടം സ്വദേശികളായ വത്സനും വിൻസന്റിനും നേരെയാണ് അക്രമം ഉണ്ടായത്. ഒരാളുടെ കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഒന്നര ഏക്കറോളം കൃഷിയും ആന നശിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ഇടുക്കിയിൽ അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം കരുത്താർജിക്കുന്നു. പൂപ്പാറ കേന്ദ്രീകരിച്ചും സമരം ശക്തമാവുകയാണ്. ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ധർണ നടത്തും. അടുത്ത ദിസങ്ങളിൽ അരിക്കൊമ്പന്റെ ആക്രമണങ്ങൾക്ക് ഇരകളായവരെ ഉൾപ്പെടുത്തിയും സമരം തുടരാനാണ് തീരുമാനം. കോടതി നിയോഗിച്ച വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിച്ച് വിലയിരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

സിമന്റുപാലത്തെ സമരവേദിക്കു സമീപം 'അരിക്കൊമ്പൻ' എന്ന കാട്ടാനയെത്തിയത് ആശങ്ക പരത്തി. അരിക്കൊമ്പനൊപ്പം മറ്റു 2 കൊമ്പന്മാരും പിടിയാനകളും കുട്ടിയാനകളും ഉണ്ടായിരുന്നു. റോഡിൽ നിന്ന് 25 മീറ്റർ മാത്രം അകലെയാണ് ആനക്കൂട്ടം നിലയുറപ്പിച്ചത്. പിന്നീടു വാഹനങ്ങൾ ശബ്ദമുണ്ടാക്കിയപ്പോൾ ഇവ മാറിപ്പോയി.