കൊച്ചി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നെന്മാറ എംഎൽഎ കെ.ബാബു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ ഭാഗമായി നിൽക്കുന്ന ഹർജിക്കാരൻ പറമ്പിക്കുളത്തെ ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിക്കട്ടെ എന്ന് നിരീക്ഷിച്ച കോടതി ആനയെ എങ്ങോട്ട് മാറ്റണമെന്ന് സർക്കാർ നിശ്ചയിക്കട്ടെ എന്നും നിലപാടെടുത്തു. ഇക്കാര്യം ഒരാഴ്ചയ്ക്കകം സർക്കാർ അറിയിക്കണമെന്നും കേസ് വീണ്ടും 19ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ആനയെ എങ്ങോട്ട് മാറ്റണമെന്ന് കോടതി പറയട്ടെ എന്ന സർക്കാർ നിലപാട് നിരുത്തരവാദപരം എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. എന്തായാലും ആനയെ കൂട്ടിലടയ്ക്കാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി ഇന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പന്ത് സർക്കാരിന്റെ കോർട്ടിലെത്തി. ബാബുവിന്റെ ഹർജി തള്ളിയെങ്കിലും പറമ്പിക്കുളത്തുകാർക്ക് ആശ്വാസമാണ് ഈ വിധി. ഇനി സർക്കാരിന് അങ്ങോട്ടേക്ക് ആനയെ മാറ്റാനാകില്ലെന്ന വിലയിരുത്തൽ ശക്തമാണ്. അതുകൊണ്ട് തന്നെ ഹർജി തള്ളുമ്പോഴും അത് സ്വാഗതമാണെന്ന് പറയുകയാണ് ബാബു,

അരിക്കൊമ്പനെ മയക്കുവെടി വച്ച് കോടനാട്ടെ ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റാൻ എല്ലാ ഒരുക്കങ്ങളും വനംവകുപ്പ് പൂർത്തീകരിച്ചപ്പോഴാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെടലുണ്ടായത്. ആനയെ കൂട്ടിലാക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. വിദഗ്ധ സമിതി ചിന്നക്കനാൽ സന്ദർശിച്ച ശേഷമാണ് ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതിക്ക് ശിപാശ സമർപ്പിച്ചത്. സമിതി ശിപാശ കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് പറമ്പിക്കുളം നിവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന ഉത്തരവിൽ മാറ്റമില്ലെന്നാണ് ഹൈക്കോടതി വിശദീകരിക്കുന്നത്. ആനയെ ഒരാഴ്ചയ്ക്കുള്ളിൽ മാറ്റണം. ആനയെ മാറ്റാൻ അനുയോജ്യമായ മറ്റൊരിടമുണ്ടെങ്കിൽ സർക്കാരിന് അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന ഉത്തരവിനെതിരെ നെന്മാറ എം എൽ എ കെ ബാബു സമർപ്പിച്ച പുനപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ജനങ്ങളുടെ ഭീതി കോടതിക്ക് കാണാതിരിക്കാൻ ആകില്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ മാറ്റിയില്ലെങ്കിൽ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ നെന്മാറ എംഎ‍ൽഎ. കെ. ബാബു ചെയർമാനായ ജനകീയ സമിതി സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ആനത്താരയിൽ പട്ടയം നൽകിയതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. ആനയെ എങ്ങോട്ടാണ് മാറ്റേണ്ടതെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. പറമ്പിക്കുളം അല്ലാതെ മറ്റു സ്ഥലങ്ങളും പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

'ദിസ് വെക്കേഷൻ ഈസ് വിത്ത് അരിക്കൊമ്പൻ' എന്ന പരാമർശവും കോടതി നടത്തി. അവധിക്കാലത്തും കേസ് പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. ആനയുടെ ആവാസവ്യവസ്ഥ തകർക്കുന്നതുകൊണ്ടാണ് അവ അക്രമകാരികളാകുന്നത്. ഭക്ഷണത്തിനും വെള്ളത്തിനുമായാണ് നാട്ടിലേക്ക് ഇറങ്ങുന്നത്. നിലവിൽ ആനയെ 24 മണിക്കൂറും നിരീക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജനപ്രതിനിധികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നും കോടതി കുറ്റപ്പെടുത്തി. നീന്താനുള്ള ലൈസൻസ് തന്നാൽ മുതലക്കുളത്തിലേക്ക് ചാടുമോ എന്നും കോടതി പരിഹസിച്ചു. ആനകൾ നാട്ടിൽ ഇറങ്ങാതിരിക്കാൻ സ്ഥിരം സംവിധാനം വേണമെന്നും കോടതി പറഞ്ഞു.

അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാകില്ല. ആനയെ മാറ്റേണ്ടത് അനിവാര്യമാണ്. അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്നത് കോടതിയുടെ തീരുമാനമല്ല, മറിച്ച് വിദഗ്ദ സമിതിയുടെ നിർദ്ദേശമാണ്. അരിക്കൊമ്പന് അനുയോജ്യമായ ആവാസ വ്യവസ്ഥയുള്ള സ്ഥലമാണിത്. ആനയെ എങ്ങോട്ട് അയയ്ക്കണമെന്ന് കോടതി തീരുമാനിക്കട്ടെയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. നിരുത്തരവാദപരവും അംഗീകരിക്കാനാകാത്തതുമായ മറുപടി ആണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹർജി തള്ളിയെങ്കിലും 19ന് വിഷയം വീണ്ടും പരിഗണിക്കും.

19ന് വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത് വിജയം തന്നെയാണ്. അരിക്കൊമ്പൻ ഉടനെ പറമ്പിക്കുളത്തേയ്ക്ക് വരില്ലെന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാണെന്നും കെ ബാബു എം എൽ എ പറഞ്ഞു.