കുമളി: അരിക്കൊമ്പൻ വീണ്ടും ചിന്നക്കനാലിൽ എത്തുമോ? തന്റെ പഴയ ആവാസ വ്യവസ്ഥ തേടിയുള്ള യാത്രയിലാണ് അരിക്കൊമ്പൻ. ഇതിനിടെ വഴി തെറ്റി അലയുകയാണ് അരിക്കൊമ്പൻ എന്നാണ് വിലയിരുത്തൽ. സ്വാഭാവികമായ പെരിയാർ തീരത്തെ ആനത്താരകളിലൊന്നും അരിക്കൊമ്പന് തൃപ്തിവരുന്നില്ല. വീണ്ടും വീണ്ടും നടക്കുകയാണ് അരിക്കൊമ്പൻ. അങ്ങനെ വീണ്ടും അതിർത്തി കടന്നു. അരിക്കൊമ്പനെ വീണ്ടും തമിഴ്‌നാട്ടിലെ വനമേഖലയിൽ കണ്ടെത്തുമ്പോൾ അരിക്കൊമ്പൻ ലക്ഷ്യമിടുന്നത് ചിന്നക്കനാലിലേക്കുള്ള വഴിയാണെന്ന സൂചനകളാണ് ലഭിക്കുന്നത്.

ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരികൊമ്പൻ കേരളത്തിലെ പെരിയാർ റേഞ്ചിലെ വനമേഖലക്കുള്ളിൽ തിരിച്ചെത്തിയെന്നും സൂചനയുണ്ട്. രാത്രിയോടെ തമിഴ്‌നാട് ഭാഗത്ത് നിന്നും കേരളത്തിലേക്ക് കടന്നു. ഇന്നലെ തമിഴ്‌നാട്ടിലെ മണലാർ എസ്റ്റേറ് ഭാഗത്തേക്ക് അരിക്കൊമ്പൻ എത്തിയിരുന്നു. കഴിഞ്ഞ ദിവസം പെരിയാർ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു അരിക്കൊമ്പനുണ്ടായിരുന്നത്.

ചിന്നക്കനാലിലേത് പോലെ രാത്രിയിൽ വനത്തിനുള്ളിലൂടെ അരിക്കൊമ്പൻ സഞ്ചാരം തുടങ്ങി. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പർ മണലാർ എന്നീ സ്ഥലങ്ങൾക്ക് സമീപത്തുള്ള അതിർത്തിയിലെ വനമേഖയിയൂടെ ഇരവങ്കലാർ ഭാഗത്തെത്തി. ഇവിടുത്തെ വനത്തിനുള്ളിൽ ഉണ്ടെന്നാണ് സിഗ്‌നൽ ലഭിച്ചിരിക്കുന്നത്. ഈ ഭാഗത്തെ വനത്തിൽ നിന്നും പുറത്തിറങ്ങിയാൽ മേഘമലയിലെ തേയിലത്തോട്ടത്തിലേക്കെത്താം. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഇവിടെയുമുണ്ട്. അതിനാൽ ഈ ഭാഗത്തുള്ളവരോട് ജാഗ്രത പാലിക്കാൻ തമിഴ് നാട് വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കാടിന് വെളിയിലേക്ക് ഇറങ്ങുന്നത് തടയാൻ വനപാലക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

എന്തുണ്ടെങ്കിലും അരിക്കൊമ്പന് അരി കൂടിയേ തീരൂ. ഈ അരി തേടിയാണ് യാത്രയെന്നും വിലയിരുത്തലുണ്ട്. തമിഴ്‌നാട് അതിർത്തിയിലേക്ക് കടന്ന അരിക്കൊമ്പൻ ജനവാസ മേഖലയിൽ എത്താനും സാധ്യത ഏറെയാണ്. അതുകൊണ്ട് അവിടത്തെ ജനവാസ മേഖലയിലേക്ക് ആന പ്രവേശിക്കുന്നത് തടയാൻ തമിഴ്‌നാട് വനം വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. പെരിയാറിൽ എത്തിയ ശേഷം അരിക്കൊമ്പൻ ഇതുവരെ 30 കിലോമീറ്ററോളം യാത്ര ചെയ്‌തെന്നാണു വിവരം. ചിന്നക്കനാലിൽ നിന്ന് 120 കിലോ മീറ്റർ യാത്ര ചെയ്താണ് അരിക്കൊമ്പനെ കുമിളിയിൽ എത്തിച്ചത്. ഈ വഴിയിലൂടെ വീണ്ടും അരിക്കൊമ്പൻ നടക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

പെരിയാർ കടുവാസങ്കേതത്തോടു ചേർന്നുകിടക്കുന്ന മേഘമല വന്യജീവി സങ്കേതത്തിന്റെ താഴ്‌വാരത്ത് ചുരുളിയാർ ഭാഗത്താണ് ഇന്നലെ ആനയെ കണ്ടത്. ഈ ഭാഗത്തു താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ തമിഴ്‌നാട് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനവാസ മേഖലകളിൽ നിന്ന് അധികം ദൂരെയല്ലാത്ത വനപ്രദേശത്തുനിന്നാണ് നിലവിൽ അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളർ സിഗ്‌നലുകൾ ലഭിക്കുന്നത്. ആനയെ നേരിട്ടു കാണാനും നിരീക്ഷക സംഘത്തിനു കഴിഞ്ഞു. അരി കിട്ടാൻ എന്ത് അക്രമവും അരിക്കൊമ്പൻ കാണിക്കും. വീടു കണ്ടാൽ തകർക്കാനും സാധ്യത ഏറെയാണ്.

അതുകൊണ്ടാണ് അരിക്കൊമ്പനെ കരുതലോടെ തമിഴ്‌നാടും എടുക്കുന്നത്. തമിഴ്‌നാട് സംഘത്തിന്റെ ദൃഷ്ടിയിൽ തന്നെ അരിക്കൊമ്പൻ ഉള്ളതിനാൽ ജനവാസ മേഖലയിലേക്കു പ്രവേശിപ്പിക്കാതെ കാട്ടിലേക്ക് തിരിച്ചയയ്ക്കാൻ കഴിയും എന്നാണ് വനപാലകരുടെ കണക്കുകൂട്ടൽ. വനത്തിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ സാധ്യത കുറവാണെന്നാണ് വനംവകുപ്പ് പറയുന്നത്. മംഗളദേവി ക്ഷേത്രത്തിലെ ചിത്രപൗർണമി ഉത്സവമായതിനാൽ നിരവധി പേർ ഇവിടേക്കെത്തും. അരിക്കൊമ്പൻ ഈ ഭാഗത്തേക്ക് വരാൻ സാധ്യയുള്ളതിനാൽ കൂടുതൽ വനപാലകരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്.

ക്ഷേത്ര പരിസരത്തേക്ക് എത്തിയാൽ ആവശ്യമെങ്കിൽ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, അരിക്കൊമ്പൻ ദൗത്യത്തിന് ശേഷം ചിന്നക്കനാലിൽ തുടർന്ന വിക്രം, സൂര്യൻ എന്നീ കുങ്കിയാനകളെ മുത്തങ്ങയിൽ തിരികെ എത്തിച്ചു. രണ്ട് ദിവസം മുമ്പ് സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളെയും ആന ക്യാമ്പിൽ എത്തിച്ചിരുന്നു.