- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിക്കൊമ്പന്റെ പേരിൽ ഇടഞ്ഞ് കേരളവും തമിഴ്നാടും; കൊമ്പന്റെ സിഗ്‌നൽ വിവരങ്ങൾ കേരളം കൈമാറുന്നില്ലെന്ന് തമിഴ്‌നാട്; ആനയുടെ നീക്കം നിരീക്ഷിക്കാൻ ബുദ്ധിമുട്ടുന്നതായി ചിന്നമന്നൂർ റേഞ്ച് ഓഫിസർ; മേഘമലയിൽ സഞ്ചാരികൾക്കും വിലക്കേൽപ്പെടുത്തി; ചിന്നക്കനാലിൽ ഭയം വിതച്ച അരിക്കൊമ്പൻ തമിഴ്നാട്ടിലും വില്ലനാകുന്നു
കുമളി: ചിന്നക്കനാലിൽ വിലസി നടന്ന അരിക്കൊമ്പൻ തമിഴ്‌നാട്ടിലെത്തിയതോടെ അവിടത്തെ ഗ്രാമങ്ങളെയും വിറപ്പിച്ചു തുടങ്ങി. അരിക്കൊമ്പൻ എത്തിയതോടെ തമിഴകത്തിലും പ്രശ്‌നങ്ങൾ ഉടലെടുത്തിട്ടുണ്ട്. കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയതോടെ ജനങ്ങളിൽ ഭയം വിതച്ചു തുടങ്ങി. ഇതോടെ മേഘമലയിലേക്ക് വിനോദസഞ്ചാരികളെ തമിഴ്‌നാട് വിലക്കിയിട്ടുണ്ട്. മേഘമലയിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ തമിഴ്‌നാട് വനംവകുപ്പ് മടക്കിയയച്ചു. നിരോധനാജ്ഞ പുറപ്പെടുവിച്ചു എന്ന പ്രചാരണം തമിഴ്‌നാട് വനംവകുപ്പ് നിഷേധിച്ചു. സഞ്ചാരികൾക്കും യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അരിക്കൊമ്പൻ കാടിനു പുറത്തിറങ്ങി ജനവാസമേഖലയിൽ പ്രത്യക്ഷപ്പെട്ടത്. ചിന്നമന്നൂർ റേഞ്ച് ഓഫിസർ ടി.ശിവാജിയും വനപാലകരും യാത്ര ചെയ്തിരുന്ന വാഹനം അരിക്കൊമ്പന്റെ മുന്നിൽപെട്ടു. വാഹനം പിന്നിലേക്ക് ഓടിച്ചു മാറ്റിയാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. റേഡിയോ കോളർ കണ്ടതോടെയാണ് അരിക്കൊമ്പനാണെന്നു തിരിച്ചറിഞ്ഞത്. വനപാലകർ ആനയെ കാട്ടിലേക്ക് ഓടിച്ചു.
അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നൽ വിവരങ്ങൾ കേരളം വിവരം കൈമാറുന്നില്ലെന്ന് തമിഴ്‌നാട് വനപാലകർ പറയുന്നു. ഇതുമൂലം ആനയുടെ നീക്കം നിരീക്ഷിക്കാൻ ബുദ്ധിമുട്ടുന്നതായി ചിന്നമന്നൂർ റേഞ്ച് ഓഫിസർ ശിവാജി പറഞ്ഞു. ഹൈവേയ്‌സ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ പകൽ കാട്ടാന നിലയുറപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആനയെത്തിയ സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണ സംഘം രംഗത്തുണ്ട്. അരിക്കൊമ്പനെക്കുറിച്ചാണ് തമിഴ്‌നാട്ടിൽ ഇപ്പോൾ ജനസംസാരം. 10 ആളുകളെ കൊലപ്പെടുത്തിയ ആനയാണ് എന്നാണ് ഇവിടത്തുകാർ പറയുന്നത്.
മേഘമല, ഹൈവേയ്‌സ്, മണലാർ, മേൽമണലാർ, വെണ്ണിയാർ, മഹാരാജാമെട്ട്, ഇരവിങ്കലാർ എന്നീ ഡിവിഷനുകളാണ് മേഘമല എസ്റ്റേറ്റിലുള്ളത്. ഈ പ്രദേശങ്ങളെല്ലാം വനത്തോടു ചേർന്നാണ്. പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് കേരള അതിർത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പൻ ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തിയെങ്കിലും മൂന്നാം തവണ മേഘമലയിൽ എത്തിയിട്ട് മടങ്ങാൻ കൂട്ടാക്കിയിട്ടില്ല. മേഘമലയിൽ നിരവധി എസ്റ്റേറ്റുകളും തൊഴിലാളി ലയങ്ങളും ഉണ്ട്. ഇവിടെ ആക്രമണം അഴിച്ചുവിടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. അതിനാൽ പ്രത്യേക നിരീക്ഷണ സംഘത്തെ തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.
അരിക്കൊമ്പൻ പിൻവാങ്ങുന്നതു വരെ മേഘമലയിലേക്കു വിനോദസഞ്ചാരികൾക്കുള്ള നിയന്ത്രണം തുടരുമെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു. ചിന്നമന്നൂരിൽ നിന്ന് തമിഴ്‌നാട് വനം വകുപ്പിന്റെ ചെക്‌പോസ്റ്റ് കടന്നു വേണം മേഘമലയിൽ എത്താൻ. ഇന്നലെ ഈ ചെക്‌പോസ്റ്റിൽ സഞ്ചാരികളെ തടഞ്ഞ് തിരിച്ചയച്ചു. നേരത്തേ മണലൂർ എസ്റ്റേറ്റിൽനിന്നുള്ള അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട ശേഷം അരിക്കൊമ്പന്റേതായി പുറത്തുവന്ന ആദ്യ ദൃശ്യമായിരുന്നു ഇത്. മേഖലയിൽനിന്ന് വെള്ളം കുടിച്ച ശേഷം പെരിയാർ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരികെപ്പോകുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്.
മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. വീടിന്റെ ചില ഭാഗങ്ങൾ തകർത്തതിന്റെ വിവരണങ്ങളും ചിത്രങ്ങളും പത്രത്തിൽ നൽകിയിരുന്നു. തോട്ടം തൊഴിലാളിയുടെ വീടിന്റെ വാതിൽ തകർക്കുകയും അരിച്ചാക്ക് ഉൾപ്പെടെ നശിപ്പിക്കാൻ ശ്രമിച്ചതുമായിരുന്നു വാർത്ത. എന്നാൽ ഇത് അരിക്കൊമ്പൻ തന്നെയാണോ എന്നതിൽ സ്ഥിരീകരണമുണ്ടായിരുന്നില്ല. അതേസമയം അരിക്കൊമ്പൻ അതേ മേഖലയിൽ വിഹരിക്കുന്നതിനിടെത്തന്നെയാണ് ഈ പത്രവാർത്തയും പ്രചരിച്ചത്.
പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന മേഘമല കടുവ സങ്കേതത്തിനുള്ളിൽ സ്വകാര്യ തേയിലത്തോട്ടത്തിന്റെ ഏഴ് ഡിവിഷനുകളും ഇതിലെ തൊഴിലാളികളുമാണ് താമസിക്കുന്നത്. മേഘമല, ഇരവങ്കലാർ, മണലാർ, മഹാരാജന്മെട്ട് എന്നിങ്ങനെ കാടും തേയിലത്തോട്ടങ്ങളും ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കാട്ടാനകളുടെ ആക്രമണം പതിവ് സംഭവമാണ്. ആനകൾക്കൊപ്പം കാട്ടുപോത്ത്, മ്ലാവ്, പന്നി ഉൾപ്പെടെ മിക്ക ജീവികളും തേയിലത്തോട്ടങ്ങളിലിറങ്ങുന്നതും പതിവായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ