- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേഘമലയിൽ വീണ്ടും എത്തി പ്രശ്‌നമുണ്ടാക്കിയാൽ കൊമ്പനെ തമിഴ്‌നാട് പിടികൂടും; മയക്കു വെടിയിൽ വീണാൽ മാറ്റുക നാല് ആന സങ്കേതങ്ങളിൽ ഒന്നിലേക്ക്; അരികൊമ്പൻ നിലവിൽ സഞ്ചരിക്കുന്നത് പെരിയാർ ടൈഗർ റിസർവ് ഭാഗത്തേക്ക്; സിഗ്നലുകൾ നിരീക്ഷിച്ച് കേരളം; എല്ലാത്തിനും കാരണം 'കുങ്കിയാന' ആക്കാൻ അനുവദിക്കാത്തതെന്ന് മന്ത്രി ശശീന്ദ്രനും
ഇടുക്കി : അരികൊമ്പൻ നിലവിൽ സഞ്ചരിക്കുന്നത് പെരിയാർ ടൈഗർ റിസർവ് ഭാഗത്തേക്ക്. റേഡിയോ കോളർ സിഗ്‌നലുകളെ അടിസ്ഥാനപ്പെടുത്തിയാണ് കേരളാ വനപാലകർ ഇത് സംബന്ധിച്ച നിഗമനത്തിലെത്തിയത്. മേഘമലയിൽ നിന്നുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ഒരു സംഘം ഉൾകാട്ടിലെത്തി അരിക്കൊമ്പനെ കണ്ടിരുന്നു. പെരിയാർ ടൈഗർ റിസർവിലേക്ക് നീങ്ങുന്നുവെന്നാണ് സംഘത്തിന്റയും നിഗമനം. തമിഴനാട് വനാതിർത്തിയിൽനിന്നും പതിമൂന്ന് കിലോമീറ്റർ ഉൾകാട്ടിൽ കണ്ടെത്തിയ കൊമ്പനാണ് പെരിയാറിലേക്ക് നീങ്ങുന്നത്.
കൂടുതൽ പ്രശ്നങ്ങൾ അരികൊമ്പൻ ഉണ്ടാക്കുകയാണെങ്കിൽ ആനയെ പിടിക്കാൻ തന്നെയാണ് തമിഴ്‌നാടിന്റെ തീരുമാനം. തമിഴ്‌നാട്ടിൽ നാല് ആനസങ്കേതങ്ങളിലൊന്നിലേക്കായിരിക്കും ആനയെ മാറ്റുക. കേരള ഹൈക്കോടതിവിധി ഇതിനു തടസമല്ലെന്നാണ് തമിഴ്‌നാട് വ്യക്തമാക്കുന്നത്. ഇതിനിടെയാണ് വീണ്ടും അരിക്കൊമ്പൻ കേരളത്തിലേക്ക് തിരിച്ചു വരുന്നത്. അരിക്കൊമ്പൻ ഇനി എവിടെ പോകുമെന്നത് അതുകൊണ്ട് തന്നെ നിർണ്ണായകമാണ്.
റേഡിയോ കോളറിൽ നിന്നു ലഭിക്കുന്ന സിഗ്‌നലാണ് പെരിയാറിലേക്കുള്ള യാത്ര കാണിക്കുന്നത്. തിരികെ തമിഴ്‌നാട് വനാതിർത്തിയിലേക്ക് പോയാൽ തുരത്തിയോടിക്കാനുള്ള സന്നാഹവുമായി തമിഴ്‌നാട് വനംവകുപ്പിന്റെ 30 തിലധികം ഉദ്യോഗസ്ഥർ മേഘമല മണലാർ ഹൈവേസ് ഡാം എന്നിവിടങ്ങളിലുണ്ട്. ഇതിനിടെ കേരളം റേഡിയോ കോളർ വിവരങ്ങൾ കൈമാറുന്നില്ലെന്ന് പരാതി തമിഴ്‌നാട് ഉദ്യോഗസ്ഥർ പെരിയാർ ടൈഗർ റിസർവിനെ അറിയിച്ചിരുന്നു. അതേ സമയം, മേഘമലയിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല. അരിക്കൊമ്പൻ തിരികെ ജനവാസ കേന്ദ്രങ്ങളിലെത്തില്ലെന്ന് എന്നുറപ്പായ ശേഷമായിരിക്കും ഇനി പ്രവേശനം അനുവദിക്കുക.
എന്നാൽ സിഗനൽ വിവരങ്ങൾ കൈമാറുന്നുണ്ടെന്നും ഇരു സംസ്ഥാനങ്ങളും തമ്മിൽ ഒരു തർക്കവുമില്ലെന്നുമാണ് വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. ഇതിനൊപ്പം ഹൈക്കോടതിയുടെ ഇടപെടലിനേയും മന്ത്രി പരോക്ഷമായി വിമർശിക്കുന്നുണ്ട്. അരിക്കൊമ്പനെ താപ്പാന ആക്കേണ്ടതായിരുന്നെന്നും സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടാണ് ശരിയെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോഴുണ്ടാകുന്നതെന്നും വനംമന്ത്രി പറഞ്ഞു. അരിക്കൊമ്പനെ കുങ്കിയാനയാക്കാനായിരുന്നു സർക്കാർ തീരുമാനം. ഇത് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് വേണ്ടെന്ന് വച്ചത്.
തുറന്നു വിട്ട ശഷം ചിന്നക്കനാലിലേത് പോലെ രാത്രിയിൽ വനത്തിനുള്ളിലൂടെ അരിക്കൊമ്പൻ സഞ്ചാരം തുടങ്ങി. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പർ മണലാർ എന്നീ സ്ഥലങ്ങൾക്ക് സമീപത്തുള്ള അതിർത്തിയിലെ വനമേഖയിയൂടെ ഇരവങ്കലാർ ഭാഗത്തെത്തി. ഇവിടുത്തെ വനത്തിനുള്ളിൽ ഉണ്ടെന്നാണ് സിഗ്‌നൽ ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മേഘമലയിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ തമിഴ്‌നാട് വനംവകുപ്പ് മടക്കിയയച്ചിട്ടുണ്ട്. സഞ്ചാരികൾക്കും യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും വിലക്കോ നിരോധനാജ്ഞയോ പ്രഖ്യാപിച്ചിട്ടില്ല. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ചിന്നമന്നൂർ റേഞ്ച് ഓഫിസർ ടി ശിവാജിയും വനപാലകരും യാത്ര ചെയ്തിരുന്ന വാഹനം അരിക്കൊമ്പന്റെ മുന്നിൽപ്പെട്ടിരുന്നു. എന്നാൽ, വാഹനം പിന്നിലേക്ക് ഓടിച്ചു മാറ്റി ഇവർ രക്ഷപ്പെടുകയായിരുന്നു. അരികൊമ്പനെ തിരിച്ചറിഞ്ഞത് കഴുത്തിലെ റേഡിയോ കോളർ കണ്ടതോടെയാണെന്ന് ഇവർ പറയുന്നു. തുടർന്ന് വനപാലകർ ആനയെ കാട്ടിലേക്ക് തന്നെ ഓടിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ