- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലയം കണ്ടെത്തി അരിക്കൊമ്പൻ; അരി തിന്നാനുള്ള കൊതിയിൽ എസ്റ്റേറ്റ് ലയത്തിന് കേടുപാടും വരുത്തി; ബസിന് മുന്നിലും ആശങ്കയായി അരിക്കൊമ്പന്റെ നിൽപ്പ്; മേഘമലയാകെ ആശങ്കയിൽ; പെരിയാറിലേക്ക് തിരിച്ചു വരാതെ ജനവാസ കേന്ദ്രത്തിൽ കൊമ്പൻ നിലയുറപ്പിക്കുന്നത് തമിഴ് നാടിന് തലവേദന; വീണ്ടും മയക്കു വെടി സാധ്യത
കുമളി: അരിക്കൊമ്പൻ തമിഴ്‌നാട്ടിൽ ആക്രമണം തുടങ്ങിയതായി നാട്ടുകാരുടെ പരാതി. തമിഴ്‌നാട്ടിലെ മേഘമലയ്ക്കു സമീപമുള്ള പത്തുകൂട് ഭാഗത്തെ ഏലത്തോട്ടത്തിൽ ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ ആനയെത്തി. ഇതിനിടെ, മേഘമലയ്ക്കു സമീപം ഇരവിങ്കലാറിൽ നിന്ന് തമിഴ്‌നാട് വനം വകുപ്പ് പകർത്തിയ അരിക്കൊമ്പന്റെ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു. കടുത്ത ആശങ്കയിലാണ് മേഖല. അരിക്കൊമ്പൻ പെരിയാറിലേക്ക് തിരികെ പോകുന്നില്ല. മറിച്ച് ജനവാസ മേഖലയിൽ നിലയുറപ്പിക്കുന്നു. അരി കണ്ടെത്താനുള്ള അന്വേഷത്തിലുമാണ്.
ഇതാണ് മേഘമലയുടെ ആശങ്ക. കാർത്തിക്, ബന്ധു കോട്ട, കോട്ടയുടെ 11 വയസ്സുള്ള മകൻ എന്നിവരാണ് എസ്റ്റേറ്റ് ലയത്തിലെ 2 മുറികളിൽ താമസിച്ചിരുന്നത്. ലയത്തിന് ആന കേടുപാടുകൾ വരുത്തി. എന്നാൽ, തമിഴ്‌നാട് വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ ചിന്നമന്നൂർ - മേഘമല റോഡിൽ ഒരു ബസ് അരിക്കൊമ്പന്റെ മുന്നിൽപെട്ടു. അവിടേയും ചെറിയ ആശങ്കയുണ്ടാക്കി. അരി തേടിയാണ് ജനവാസ മേഖലയിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ആശങ്ക കൂടുതലാണ്. ശല്യം തുടർന്നാൽ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിച്ച് ആന പരിപാലന കേന്ദ്രത്തിൽ ആക്കാനാണ് തമിഴ്‌നാടിന്റെ ആലോചന.
വനമേഖലയ്ക്കു സമീപം താമസിക്കുന്നവർ രാത്രി പുറത്തിറങ്ങരുതെന്നും ആളുകൾ രാത്രിയാത്ര ഒഴിവാക്കണമെന്നും തേനി ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മേഘമലയിലേക്കുള്ള ബസ് സർവീസ് അരിക്കൊമ്പനെ പേടിച്ച് കഴിഞ്ഞ ദിവസം നിർത്തിവച്ചത് ഇന്നലെ പുനരാരംഭിച്ചു. എന്നാൽ, വിനോദസഞ്ചാരികൾക്കുള്ള വിലക്ക് പിൻവലിച്ചിട്ടില്ല. അരിക്കൊമ്പൻ തമിഴ്‌നാടിന്റെ മേഘമല വനമേഖലയിൽ നിലയുറപ്പിച്ചതോടെ നിരീക്ഷണം ശക്തമാക്കാൻ തേനി കലക്ടർ ആർ വി ഷജീവന നിർദ്ദേശംനൽകി.
അവസാനം വിവരം ലഭിക്കുമ്പോൾ പെരിയാറിൽ നിന്ന് 8.5 കിലോ മീറ്ററും മേഘമലയിൽ നിന്ന് 5 കിലോ മീറ്രർ അകലെയുമായി തമിഴ്‌നാട് വനമേഖലയിലാണ് അരിക്കൊമ്പൻ. വിനോദ സഞ്ചാര കേന്ദ്രമായ മേഖമലയിലേക്കുള്ള പ്രവേശന വിലക്ക് തുടരുകയാണ്. അതേസമയം ആന തിരികെ പെരിയാറിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയെന്നാണ് കടുവാ സങ്കേതം അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ആന മേഘമലയിൽ തന്നെ ചുറ്റിത്തിരിയുകയാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്.
30ന് പുലർച്ചെ അഞ്ചിന് പെരിയാർ കടുവാസങ്കേതത്തിന് കീഴിലുള്ള മുല്ലക്കുടിയിൽ തുറന്നുവിട്ട അരിക്കൊമ്പൻ മെയ് ഒന്നിന് രാവിലെ ആറിന് തേനി ഉത്തമപാളയം ശ്രീവില്ലിപുത്തൂർ മേഘമല ടൈഗർ റിസർവിലെ ഗൂഡല്ലൂർ റേഞ്ചിൽ ഉൾപ്പെട്ട വനമേഖലയിൽ പ്രവേശിച്ചിരുന്നു. വനമേഖലയിൽനിന്ന് കാട്ടാന എത്തിയാൽ തുരത്തുന്നതിനും സുരക്ഷയുടെ ഭാഗമായും ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിർദ്ദേശത്തെ തുടർന്ന് 20 പൊലീസുകാരെ വീതം തെൻ പഴനി ചെക്ക് പോസ്റ്റിന് സമീപം പത്താം വളവിലും മേഘമല ഹൈവേയ്‌സ് അണക്കെട്ട് പ്രദേശത്തും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
അരിക്കൊമ്പന്റെ സാന്നിധ്യം മൂലം രണ്ടുദിവസമായി മേഘമല വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടം അടച്ചിരിക്കുകയാണ്. അരിക്കൊമ്പന്റെ നീക്കങ്ങൾ പെരിയാർ ടൈഗർ റിസർവ് (ഈസ്റ്റ്) ഡെപ്യൂട്ടി ഡയറക്ടർ നിരീക്ഷിക്കുന്നുണ്ട്. കൂടാതെ, ഒരു വിഎച്ച്എഫ് റിസീവർ തമിഴ്‌നാട് വനംവകുപ്പ് അധികൃതർക്ക് ലഭ്യമായിട്ടുണ്ട്. ഇതിൽ ലഭിക്കുന്ന സിഗ്‌നൽപ്രകാരം ആനയുടെ ലൊക്കേഷൻ കൃത്യമായി നിരീക്ഷിക്കാം.
കൂടല്ലൂർ, കമ്പം (കിഴക്ക്), ചിന്നമന്നൂർ റേഞ്ച് ഓഫീസർമാരുടെ നേതൃത്വത്തിൽ മൂന്ന് സബ് കമ്മിറ്റികൾ രൂപീകരിച്ച് ആനയുടെ നീക്കം രാവും പകലും നിരീക്ഷിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങരുതെന്നും ഇതുമായി ബന്ധപ്പെട്ട തേനി ജില്ലാ ഭരണവും വനംവകുപ്പും നടത്തുന്ന പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും കലക്ടർ ആർ വി ഷജീവന അഭ്യർത്ഥിച്ചു.
മറുനാടന് മലയാളി ബ്യൂറോ