കമ്പം: അരിക്കൊമ്പനു കാട്ടിനുള്ളിൽ അധികൃതർ അരിയെത്തിച്ചു നൽകിയെന്ന പ്രചാരണം തമിഴ്‌നാട് വനംവകുപ്പ് അധികൃതർ നിഷേധിച്ചു. ആനയെ കാടിനു പുറത്തേക്കെത്തിക്കാൻ തമിഴ്‌നാട് അരിയും സാധനങ്ങളും വച്ചുകൊടുത്തെന്നായിരുന്നു പ്രചാരണം. അരി, ശർക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പൻ ഇപ്പോഴുള്ള റിസർവ് ഫോറസ്റ്റിൽ എത്തിച്ചു നൽകി. ഷൺമുഖ നദി ഡാമിനോടു ചേർന്നുള്ള റിസർവ് വനത്തിലാണ് അരിക്കൊമ്പൻ ഇപ്പോൾ ഉള്ളത്.

രാത്രിയിൽ കൃഷിത്തോട്ടത്തിൽ എത്തി ഭക്ഷണം കണ്ടെത്തുകയാണ് ഇപ്പോൾ അരിക്കൊമ്പൻ ചെയ്യുന്നത്. കമ്പത്ത് നാട്ടിലിറങ്ങിയതിന് തൊട്ടുപിന്നാലെയുള്ള ദിനങ്ങളിൽ അരിക്കൊമ്പൻ ക്ഷീണിതനായിരുന്നു. ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് വനംവകുപ്പ് അരിയുൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ വനത്തിൽ പലയിടത്തും എത്തിച്ചു നൽകിയതെന്ന് കമ്പം എംഎൽഎ എൻ രാമകൃഷ്ണൻ അറിയിച്ചിരുന്നു.

മിഷൻ അരിക്കൊമ്പൻ തുടരുമെന്ന് തമിഴ്‌നാട് സഹകരണ മന്ത്രി ഐ പെരിയസ്വാമി അറിയിച്ചു. അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണ്. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ. ആനയെ പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടുമെന്നും 300 പേരടങ്ങുന്ന സംഘം അരിക്കൊമ്പനെ നിരീക്ഷിച്ച് വരുന്നതായും മന്ത്രി ഇടുക്കി കുമളിയിൽ പറഞ്ഞു.

അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ശ്രമം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. ആന ഷൺമുഖനദി ഡാമിനോടു ചേർന്നുള്ള വനമേഖലയിലുണ്ടെന്നാണ് റേഡിയോ കോളർ സിഗ്‌നലിൽ നിന്ന് മനസ്സിലാകുന്നത്. രണ്ട് ദിവസമായി അരിക്കൊമ്പൻ ഈ മേഖലയിൽ തുടരുകയാണ്. അതിനിടെ, അരിക്കൊമ്പനെ വരശനാട് വനമേഖലയിലേക്കു വനത്തിലൂടെ നയിക്കാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ശ്രമം പൂർണമായും വിജയിച്ചിട്ടില്ല.

എരശക്കനായ്ക്കന്നൂർ മരിക്കാട് ഡാം വരെ എത്തിയ ആന വീണ്ടും ഷൺമുഖ നദി അണക്കെട്ടിനു സമീപമെത്തി. ആന ജനവാസ മേഖലയിലേക്കു കടക്കാതെ വനപാലകർ കാവൽ ശക്തമാക്കിയിട്ടുണ്ട്. 5 സംഘങ്ങളായി 85 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കമ്പത്തെ ഷണ്മുഖ നദി അണക്കെട്ട് പരിസരംവിട്ടു തേനിക്കു സമീപത്തേക്ക് അരിക്കൊമ്പൻ നീങ്ങിയിരുന്നു.

ഷണ്മുഖ നദി അണക്കെട്ട് പരിസരത്തുനിന്ന് 7 കിലോമീറ്ററോളം അകലെ പൂശാനംപെട്ടി പെരുമാൾ കോവിലിനു സമീപം വനത്തിനുള്ളിൽ തന്നെയാണു കൊമ്പൻ നിലയുറപ്പിച്ചിരുന്നത്. ഇവിടെനിന്നു 2 കിലോമീറ്റർ അകലെ മാത്രമാണു ജനവാസ മേഖല.