- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുങ്കിയാനയുള്ളതിനാൽ ഷൺമുഖനദി അണക്കെട്ട് പരിസരത്ത് നിന്ന് മാറാത്ത അരിക്കൊമ്പൻ; കാടിറങ്ങിയാൽ മയക്കു വെടി; വെള്ളവും ആഹാരവും ഉള്ളിടം ഏറെ പിടിച്ച് കൊമ്പൻ; മിഷൻ അരിക്കൊമ്പനുമായി മുമ്പോട്ട് തമിഴ്നാട്; ആനയ്ക്ക് ആരോഗ്യ പ്രശ്നമില്ലെന്ന് ഉറപ്പിച്ച് നീക്കങ്ങൾ
കുമളി: അരിക്കൊമ്പനെ മയക്കുവെടിവച്ച് തളയ്ക്കാനുള്ള തീരുമാനത്തിൽ ഉറച്ച് തമിഴ്നാട്. കാട്ടിൽ നിന്ന് ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ എത്തിയാൽ ഉടൻ മയക്കുവെടി വയ്ക്കും. എന്നാൽ കുങ്കിയാനകളുടെ സാന്നിധ്യം മനസ്സിലാക്കിയ അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം ചുരുളിപ്പെട്ടിക്കടുത്ത് ഷൺമുഖനദി അണക്കെട്ട് പരിസരത്ത് തുടരുകയാണ്. ഇതോടെ പ്രതിസന്ധി തുടരുകയാണ്. മിഷൻ അരിക്കൊമ്പൻ പൂർത്തിയാക്കാതെ കുങ്കിയാനകളെ കമ്പത്തുനിന്നു മടക്കി കൊണ്ടുപോകില്ല.
അരിക്കൊമ്പൻ പിന്മാറിയത് കുങ്കിയാനകളെ എത്തിച്ചതിനെത്തുടർന്നാണെന്നാണ് വിലയിരുത്തൽ. കമ്പത്തെ ഫോറസ്റ്റ് റേഞ്ച് ഓഫിസ് പരിസരത്താണ് കുങ്കിയാനകളെ തളച്ചിരിക്കുന്നത്. ഷൺമുഖനദി അണക്കെട്ട് കടന്നെത്തിയാൽ ആനയെ മയക്കുവെടി വയ്ക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം വനംവകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. അവിടെ തന്നെ തുടരുന്നത് വെള്ളവും ആഹാരവും യഥേഷ്ടം ലഭ്യമായ സ്ഥലമായതിനാലാണ്. മേഘമല ഭാഗത്തു നിന്ന് ഇടയ്ക്കിടെ കാട്ടാനകൾ കൂട്ടമായി എത്താറുള്ള സ്ഥലത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ആന വനമേഖലയ്ക്കു പുറത്തിറങ്ങാതെ തമിഴ്നാട് വനം വകുപ്പ് 24 മണിക്കൂറും നിരീക്ഷിക്കുന്നുമുണ്ട്.
ഷണ്മുഖ നദി ഡാമിൽ വെള്ളം കുടിക്കാൻ എത്തിയ ആനയെ പ്രദേശവാസികൾ കണ്ടിരുന്നു. നിലവിൽ ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നാണ് നിലപാട്. അതിനുപകരം ഇപ്പോഴുള്ള സ്ഥലത്തു നിന്ന് വനത്തിനുള്ളിലൂടെ വരശനാട് വനമേഖലയിലേക്കു നയിക്കാനും ശ്രമിക്കും. എരശക്കനായ്ക്കന്നൂർ മരിക്കാട് ഡാം വരെ എത്തിയ ആന വീണ്ടും ഷൺമുഖ നദി അണക്കെട്ടിനു സമീപത്ത് എത്തിയിട്ട് 4 ദിവസമായി. ആനയെ ഇവിടെനിന്ന് അകറ്റി എന്ന് ഉറപ്പാക്കുന്നതു വരെ കമ്പം മുനിസിപ്പാലിറ്റി മേഖലയിലെ ജനങ്ങൾ പരമാവധി രാത്രിയാത്ര ഒഴിവാക്കണമെന്ന് തേനി കലക്ടർ അറിയിച്ചിട്ടുണ്ട്.
അതിനിടെ അരികൊമ്പനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തേനി ജില്ലാ കളക്ടർ ഷാജീവന അറിയിച്ചു. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ എത്തുന്നുവെന്ന തരത്തിൽ തെറ്റായ വിവരം പലരും പങ്കുവെച്ചതിനെ തുടർന്നാണ് കർശന നടപടി എടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നിലവിൽ ഷണ്മുഖ നദിയുടെ അണക്കെട്ട് ഭാഗത്തെ വനത്തിലാണ് അരിക്കൊമ്പനുള്ളത്. ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി 85 പേരടങ്ങുന്ന സംഘത്തെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്.
ജനവാസ മേഖലയിൽ നിന്നും വളരെയധികം അകലെ വനത്തിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. ജനവാസ മേഖലയിലേക്ക് ആന ഇറങ്ങുന്നത് തടയുന്നതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. അരിക്കൊമ്പൻ വനത്തിൽ നിന്നും ഇറങ്ങി വരാൻ സാദ്ധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നിരോധനാജ്ഞ തുടരുമെന്നും കളക്ടർ അറിയിച്ചു.
പല സംഘങ്ങളായി തിരിഞ്ഞാണ് തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം നടത്തുന്നത്. വനാതിർത്തിയിൽ തുടരുന്ന ആനയെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നാണ് നിലവിൽ കണക്കുകൂട്ടൽ.
മറുനാടന് മലയാളി ബ്യൂറോ