- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെ ചൊല്ലിയുള്ള പ്രക്ഷോഭങ്ങളും നിയമ നടപടികളും തുടരുമ്പോഴും അരിക്കൊമ്പൻ ഫുൾ ഫോമിൽ തന്നെ! സൂര്യനെല്ലി കോളനിയിൽ വീടു തകർത്ത് അരിക്കൊമ്പന്റെ പരാക്രമം; അരിയെടുത്തു പുറത്തിട്ടു, ടിവിയും തല്ലിത്തകർത്തു; പറമ്പിക്കുളത്തേക്കു മാറ്റുന്നതിന് എതിരായ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും
കൊച്ചി/പാലക്കാട്: തന്നെ ചൊല്ലി നാടു നിറയെ പ്രക്ഷോഭങ്ങളും നിയമ നടപടികളുമെല്ലാം പുരോഗമിക്കുമ്പോൾ അതൊന്നും കൂസാതെ സ്വന്തം കാര്യം നോക്കുകയാണ് അരിക്കൊമ്പൻ. പതിവുപോലെ വീടു തകർത്തും അരിയും സാധങ്ങളും കൊണ്ടുപോകുന്ന തിരക്കിലാണ് അരിക്കൊമ്പൻ ഇപ്പോൾ. ചിന്നക്കനാലിൽ അരിക്കൊമ്പന്റെ ആക്രമണത്തിൽ സൂര്യനെല്ലി 92 എസ്സി കോളനിയിലെ വീട് പൂർണമായി തകർന്നു. വീട്ടുകാർ രക്ഷപെട്ടതും ഭാഗ്യം കൊണ്ട് മാത്രമാണ്.
വീട്ടിലുണ്ടായിരുന്ന ഗൃഹനാഥ ലീല, മകൾ ശ്രീലക്ഷ്മി, ശ്രീലക്ഷ്മിയുടെ മകൾ ആരതി എന്നിവർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. തിങ്കളാഴ്ച അർധരാത്രിയിലാണു സംഭവം. അരിക്കൊമ്പൻ വീടിന്റെ പിൻഭാഗത്തെ ഭിത്തി തകർത്തതോടെ ലീലയും കുടുംബാംഗങ്ങളും മുൻഭാഗത്തെ വാതിൽ തുറന്നു പുറത്തിറങ്ങാൻ ശ്രമിച്ചു. നിമിഷങ്ങൾക്കുള്ളിൽ അരിക്കൊമ്പൻ വീടിന്റെ മുൻഭാഗത്തെത്തി. വീണ്ടും വീടിനകത്തു കയറിയ ഇവർ അടുക്കള വാതിൽ തുറന്നു പുറത്തേക്കോടിയാണു രക്ഷപ്പെട്ടത്. വീട് പൂർണമായും തകർത്ത അരിക്കൊമ്പൻ വീടിനകത്തു സൂക്ഷിച്ചിരുന്ന അരിയെടുത്ത് പുറത്തിട്ടു. ടിവിയും വീട്ടുപകരണങ്ങളും തകർത്തു.
അതേസമയം മൂന്നാം തവണയാണു ലീലയുടെ വീട് അരിക്കൊമ്പൻ തകർക്കുന്നത്. 2017 ഏപ്രിൽ 19നും 2022 മെയ് 20നും ഈ വീട് അരിക്കൊമ്പൻ തകർത്തിരുന്നു. ആദ്യ തവണ 3 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. 50,000 രൂപ നഷ്ടപരിഹാരമായി വനംവകുപ്പ് കൈമാറിയിരുന്നു. കഴിഞ്ഞ വർഷം അരിക്കൊമ്പൻ വീണ്ടും വീട് തകർത്തെങ്കിലും ഒരു രൂപ പോലും നഷ്ടപരിഹാരമായി കിട്ടിയില്ലെന്നു ലീല പറയുന്നു. ഭർത്താവ് നാണുക്കുട്ടൻ 2020ൽ മരിച്ചശേഷം കൂലിപ്പണിയെടുത്താണു ലീല ഉപജീവനത്തിനു വക കണ്ടെത്തുന്നത്.
അതിനിടെ അരിക്കൊമ്പനെ ഇടുക്കി ചിന്നക്കനാലിൽ നിന്നു പറമ്പിക്കുളത്തേക്കു മാറ്റുന്നതിനെതിരെ കെ.ബാബു എംഎൽഎ നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ആദിവാസികളുടെ വനാവകാശ നിയമപ്രകാരമുള്ള ആവശ്യം പരിഗണിച്ചു മുതലമട പഞ്ചായത്തും ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
മുതലമട പഞ്ചായത്തിൽ സർവകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തി. കർഷക സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ ശയന പ്രദക്ഷിണ പ്രതിഷേധ സമരം നടത്തി. നാട്ടുകാരുടെ അഭിപ്രായം തേടാതെയും വസ്തുതകൾ പരിഗണിക്കാതെയും വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആനയെ എത്തിക്കുന്നതു ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് എംഎൽഎയുടെ റിവ്യൂ ഹർജി. സർക്കാർ ഏജൻസികളുടെ സഹായത്തോടെ അരിക്കൊമ്പനെ സുരക്ഷിതമായി പറമ്പിക്കുളത്ത് എത്തിക്കണമെന്ന് ഏപ്രിൽ 5നു ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു നിർദ്ദേശം.
എന്നാൽ, പറമ്പിക്കുളത്തെ നാട്ടുകാരെ ഇത് എങ്ങനെ ബാധിക്കുമെന്നു സമിതി വിലയിരുത്തിയില്ലെന്നാണ് ആക്ഷേപം. മനുഷ്യ മൃഗ സംഘർഷം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച കേന്ദ്ര മാർഗരേഖയും കേരളത്തിലെ വനം ചീഫ് കൺസർവേറ്റർ കൂടി ഉൾപ്പെട്ട കർണാടക എലിഫന്റ് ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോർട്ടും സമിതി പരിഗണിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ