- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അരികൊമ്പൻ വീണ്ടും കുമളിക്ക് സമീപം; ഇത്തവണ എത്തിയത് ജനവാസമേഖലക്ക് നൂറു മീറ്റർ അകലെ; പുലർച്ചെ ഒരു മണിയോടെ റോസാപ്പൂക്കണ്ടം ഭാഗത്ത് ആനയെത്തി; ആകാശത്തേക്ക് വെടിവെച്ച് ആനയെ തുരത്തി വനം വകുപ്പ് ഉദ്യോഗസ്ഥർ; ആശങ്കയിൽ നാട്ടുകാർ
കുമളി: ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരികൊമ്പൻ തമിഴ്‌നാട്ടിൽ നിന്നും തിരിച്ചെത്തിയത് കുമളിയിലെ ജനവാസ മേഖലയിലേക്ക്. കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റർ അടുത്ത് എത്തി. ഇന്ന് പുലർച്ചെ ഒരു മണിയോട് കൂടിയാണ് കുമളിക്കടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ആന എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയേ തുരത്തിയത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്‌നൽ അനുസരിച്ചാണ് ആന ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയത് അറിഞ്ഞത്.
കഴിഞ്ഞദിവസം കുമളി ടൗണിന് 6 കിലോമീറ്റർ അകലെ വരെ അരിക്കൊമ്പൻ എത്തിയിരുന്നു. അരി കൊമ്പൻ ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയതിന്റെ ആശങ്കയിലാണ് നാട്ടുകാർ. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. ഇന്നലെയും ജിപിഎസ് കോളറിൽ നിന്ന് ലഭിച്ച സിഗ്നലുകളിൽ നിന്നാണ് അരിക്കൊമ്പൻ ആകാശദൂരപ്രകാരം കുമളി ടൗണിന് 6 കിലോമീറ്റർ അകലെ വരെ എത്തിയെന്ന് വ്യക്തമായത്.
കാടിനുള്ളിൽ ആന കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്റെ ഭാഗമായി മാത്രം കുമളി ടൗണിന് സമീപം വന്നതിനെ കണ്ടാൽ മതി എന്നാണ് വനം വകുപ്പിന്റെ വിശദീകരണം. അതിനിടെ ഇടുക്കി പൂപ്പാറ ചൂണ്ടലിൽ വാഹനം ഇടിച്ച ചക്കകൊമ്പൻ എന്ന കാട്ടാനക്ക് സാരമായ പരിക്കുകൾ ഇല്ലെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ആനയെ 15 ദിവസം നിരീക്ഷിക്കുന്നതിനായി വനം വകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചു. റോഡിൽ നിലയുറപ്പിച്ചിരുന്ന ആനയെ കഴിഞ്ഞ ദിവസം കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റിരുന്നു.
ചൊവ്വാഴ്ച രാത്രിയിലാണ്, കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ വെച്ച്, കാട്ടനയെ കാർ ഇടിച്ചത്. ചുണ്ടലിലെ ജനവാസ മേഖലയിൽ എത്തിയ ആനയെ, നാട്ടുകാർ തുരത്താൻ ശ്രമിക്കുന്നതിനിടെ ആന, റോഡിലേയ്ക്ക് ഇറങ്ങുകയും, ഈ സമയം ഇതുവഴി വന്ന വാഹനം ഇടിക്കുകയുമായിരുന്നു. ഇരുട്ടായതിനാൽ വളവിന് സമീപം പെട്ടെന്ന് റോഡിലേക്കിറങ്ങിയ ആനയെ കാണാൻ കഴിഞ്ഞില്ല. അപകടത്തിന് പിന്നാലെ ആന ചക്ക കൊമ്പൻ ആണെന്ന് നാട്ടുകാരും വ്യക്തമാക്കിയിരുന്നു. അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്കേറ്റു.
സംഭവത്തിന് ശേഷം ഉൾകാട്ടിലേയ്ക്ക് കയറിയ ചക്കകൊമ്പനെ ഇന്നലെ തേൻപാറ മേഖലയിൽ കണ്ടെത്തിയിരുന്നു. അപകടത്തിൽ, സാരമായ പരിക്കേറ്റിട്ടില്ലെന്നും ആരോഗ്യവാനാണെന്നും അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നില്ലെന്നുമാണ് വനം വകുപ്പിന്റെ നിഗമനം. വാച്ചർമാരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ആനയെ നിരീക്ഷിക്കും.




