ഇടുക്കി: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇന്നലെ രാത്രി ഹൈവേസ് ഡാമിന് സമീപമാണ് കൊമ്പനിറങ്ങിയത്. തമിഴ്‌നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ അരിക്കൊമ്പൻ ശ്രമിച്ചു. പിന്നാലെ തൊഴിലാളികളും വനപാലകരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. തമിഴ്‌നാട് വന മേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. അതേസമയം, മഴ മേഘങ്ങൾ കാരണം ഇപ്പോൾ അരിക്കൊമ്പന്റെ സിഗ്‌നൽ ലഭിക്കുന്നില്ല. മേഘമലയിൽ നിരോധാനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ ചിന്നക്കനാലിലെ അരിക്കൊമ്പൻ മേഘമലയ്ക്ക് പ്രശ്‌നമാകുകയാണ്. വനംവകുപ്പിന്റെ വാഹനവും ആക്രമിച്ചു. മേഖലയിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണവും പ്രഖ്യാപിച്ചു.

പ്രതികൂല കാലാവസ്ഥ മൂലം സിഗ്‌നൽ ലഭിക്കുന്നില്ലെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. ജി.പി.എസ് കോളറിൽ നിന്നും സിഗ്‌നൽ ലഭിച്ചാലെ അരിക്കൊമ്പൻ എവിടെയാണെന്ന് വനം വകുപ്പിന് കണ്ടെത്താൻ കഴിയു. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ മേഖമല ടൈഗർ റിസർവിന് സമീപമാണ് അരിക്കൊമ്പനുണ്ടായിരുന്നത്. ഇതിനോട് ചേർന്നുള്ള ജനവാസമേഖലക്ക് സമീപം അരിക്കൊമ്പനെത്തിയതോടെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ദിവസം ശരാശരി 40 കിലോമീറ്ററോളം ആന സഞ്ചരിക്കുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ ആന ആരോഗ്യവാനാണെന്ന നിഗമനത്തിലാണ് അധികൃതർ. ജിപിഎസ് കോളറിൽ നിന്ന് കൃത്യമായി വിവരം ലഭിച്ചാൽ മാത്രമേ കൃത്യമായ നിരീക്ഷണം സാധ്യമാകൂ.

തമിഴ്‌നാട്ടിലെത്തിയ അരികൊമ്പൻ വീടിന്റെ കതക് തകർക്കുകയും അകത്തു കയറി അരിയെടുത്ത് കഴിച്ചതായി തൊഴിലാളികൾ പറഞ്ഞു. ഇരവങ്കലാർ എസ്റ്റേറ്റിലെ ലയത്തിന്റെ കതക് ആണ് തകർത്തത്. കറുപ്പുസ്വാമി എന്ന തൊഴിലാളിയുടെയാണ് ലയം. മേഘമലയ്ക്ക് സമീപം രാജപാളയത്തിനടുത്ത് ശ്രീവില്ലിപുത്തൂരിലെ ജലാശയത്തിൽ നിന്ന് വെള്ളംകുടിച്ചശേഷം തേയിലത്തോട്ടത്തിലേക്ക് നടന്നു നീങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മേഘമലയ്ക്ക് താഴ്‌വാരത്ത് തോട്ടംതൊഴിലാളികൾ ഉൾപ്പടെയുള്ള ജനങ്ങൾ താമസിക്കുന്നുണ്ട്. തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആന വനത്തിന് പുറത്തേക്ക് ഇറങ്ങുന്നത് തടയാൻ വനപാലക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

പെരിയാർ കടുവസങ്കേതത്തിലേക്ക് അരിക്കൊമ്പനെ മടക്കാനാണ് തമിഴ് നാടിന്റെ ശ്രമം. തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്‌നാട്ടിലെത്തിയപ്പോൾ 'നാട്ടാന'യായി എന്നതാണ് വസ്തുത. മേഘമല കടുവ സങ്കേതത്തിന്റെ ഭാഗമായ മണലാർ ശ്രീവല്ലി പൂത്തൂർ സെക്ഷൻ 31 ഡിവിഷനിലാണ് റേഡിയോ കോളറുള്ള കൊമ്പനെ വ്യാഴാഴ്ച പ്രദേശവാസികൾ കണ്ടത്. എന്നാൽ അരിക്കൊമ്പനാണതെന്ന് നാട്ടുകാർക്ക് മനസ്സിലായില്ല. നാട്ടാന വഴിതെറ്റി എത്തിയതാണെന്ന് അവർ കരുതി. മണലാർ എസ്റ്റേറ്റിലെ തൊഴിലാളികൾക്കിടയിൽ ഇത്തരത്തിലാണ് വാർത്ത പ്രചരിച്ചതും. അരിക്കൊമ്പൻ കേരളത്തിൽ വാർത്തകളിൽ സ്ഥാനംപിടിച്ചത് അന്നാട്ടുകാർ അറിഞ്ഞിരുന്നില്ല. കണ്ടത് അരിക്കൊമ്പനെയാണെന്ന് തിരിച്ചറിഞ്ഞതോടെ അവിടെയും മുൻകരുതൽ നടപടികൾ തുടങ്ങി.

രാവിലെമുതൽ അരിക്കൊമ്പൻ മണലാർ ഭാഗത്തുള്ളതിന്റെ സിഗ്നൽ പെരിയാർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രദേശവാസികൾക്കും മുൻകരുതൽ നിർദ്ദേശംനൽകി. വ്യാഴാഴ്ച വൈകീട്ടോടെ മണലാർ മേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തേയിലക്കാടുകളിൽ ഇറങ്ങിയ ആന, അരിക്കൊമ്പനാണെന്ന് അറിയാതെതന്നെ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർക്ക് വനംവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇതിനിടെ ജിപിഎസ് നിയന്ത്രണം നഷ്ടമായി.

വെള്ളിയാഴ്ച രാവിലെ ലഭിച്ച ജി.പി.എസ്. കോളർ സിഗ്നൽ പ്രകാരം കേരളത്തിൽ പെരിയാർ റേഞ്ചിലെ വനമേഖലയിലാണ് അരിക്കൊമ്പനുള്ളത്. ആന ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതുതടയാൻ തമിഴ്‌നാട് വനംവകുപ്പ് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.