ഇടുക്കി: അരിക്കൊമ്പൻ ദൗത്യം അന്തിമ ഘട്ടത്തിലേക്ക്. ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥർ അരിക്കൊമ്പനരികിലെത്തി ആനയെ ലോറിയിൽ കയറ്റി സ്ഥലത്ത് നിന്നും മാറ്റാനുള്ള അവസാനവട്ട നീക്കത്തിലാണ്. ആറ് മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ കാലുകൾ വടംകൊണ്ട് ബന്ധിച്ചു. ലോറിയിൽ കയറ്റുന്നതിനു മുന്നോടിയായാണ് കാലുകൾ ബന്ധിച്ചത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നിൽ നിന്ന് വടം കൊണ്ടു ബന്ധിപ്പിക്കുകയായിരുന്നു. ആദ്യം വടം കൊണ്ട് ബന്ധിപ്പിച്ചെങ്കിലും അരിക്കൊമ്പൻ ഊരിമാറ്റിയിരുന്നു. ലോറിയിൽ കയറ്റുന്നതിനു മുന്നോടിയായി ആനയുടെ കണ്ണുകളും കറുത്ത തുണികൊണ്ടു മറച്ചു കഴിഞ്ഞു. കുങ്കിയാനകൾ ചേർന്നാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റുക.

നാല് കുങ്കിയാനകളും അരിക്കൊമ്പനു ചുറ്റുമായി അണിനിരന്നിട്ടുണ്ട്. കുങ്കിയാനകൾ അടുത്തേക്ക് എത്തുമ്പോൾ അരിക്കൊമ്പൻ നടന്നു നീങ്ങുന്ന സ്ഥിതിയായിരുന്നു ആദ്യമുണ്ടായിരുന്നത്. ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. നാല് കുങ്കിയാനകളുടെയും സഹായത്തോടെ ലോറിയിൽ കയറ്റി അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്നാണ് വിവരം.

ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. ആദ്യ ഡോസ് മയക്കുവെടി വച്ചെങ്കിലും ആന മയങ്ങി തുടങ്ങിയിരുന്നില്ല. തുടർന്നാണ് രണ്ടാമത്തെ ഡോസ് മയക്കുവെടി വച്ചത്. ആദ്യ മയക്കുവെടി 11.55നും രണ്ടാമത്തെ ബൂസ്റ്റർ ഡോസ് 12.40നുമാണ് നൽകിയത്. എന്നിട്ടും ആന മയങ്ങിതുടങ്ങാത്തതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും മയക്കുവെടിവച്ചു. ആനയെ പൂർണമായി വരുതിയിലാക്കാൻ വടം കെട്ടുന്നതിന് തൊട്ടുമുമ്പ് ഒരിക്കൽ കൂടി മയക്കുവെടി വയ്ക്കുകയുണ്ടായി.

അതേസമയം, മയക്കുവെടിയേറ്റ അരിക്കൊമ്പനു സമീപത്തേക്ക് ചക്കക്കൊമ്പൻ എത്തിയത് ആശങ്കയുണ്ടാക്കി. രാവിലെയും അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനെയും കണ്ടിരുന്നു. അരിക്കൊമ്പൻ ദൗത്യത്തിന് തടസ്സമുണ്ടാക്കാതിരിക്കാൻ ചക്കക്കൊമ്പനെയും പ്രത്യേക സംഘം നിരീക്ഷിച്ചിരുന്നു. 2017ൽ അരിക്കൊമ്പനെ മയക്കുവെടി വച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തുനിന്ന് സിമന്റ് പാലത്തിലെത്തിയിരുന്നു. പിന്നാലെയാണ് മയക്കുവെടിവച്ചത്. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തെത്തിയത്. സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കംപൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്.

മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസമായ ഇന്ന് രാവിലെതന്നെ അരിക്കൊമ്പനെ നിരീക്ഷണ വലയത്തിലാക്കിയിരുന്നു. സിമന്റ്പാലത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കാനായിരുന്നു ശ്രമം. കുന്നിൽവച്ച് വെടിവയ്ക്കാൻ അനുയോജ്യമല്ലെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. അനുയോജ്യമായ സ്ഥലത്തുകൊമ്പനെ കിട്ടിയാൽ മയക്കുവെടിവയ്ക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.

ഇന്നലെ പുലർച്ചെ 4.30നാണു 150 പേരടങ്ങുന്ന ദൗത്യസംഘം മയക്കുവെടി വയ്ക്കാനുള്ള ഉപകരണങ്ങളുമായി രംഗത്തിറങ്ങിയത്. മയങ്ങിയാൽ കൊമ്പനെ മെരുക്കിയെടുക്കാൻ 4 കുങ്കിയാനകളും ഒപ്പമുണ്ടായിരുന്നു. അനുകൂല കാലാവസ്ഥയായതിനാൽ ഇന്നലെത്തന്നെ മയക്കുവെടി വയ്ക്കുമെന്ന സൂചനയായിരുന്നു ആദ്യം. സിമന്റ്പാലത്തിനു സമീപമുള്ള പൈൻകാട്ടിൽ രാവിലെ 6.30നു പ്രത്യക്ഷപ്പെട്ട കാട്ടാന അരിക്കൊമ്പനെന്നു കരുതി ദൗത്യസംഘാംഗങ്ങൾ ഓപ്പറേഷനു തയാറായെങ്കിലും അത് മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പനായിരുന്നു.

രണ്ടു മാസമായി പിടിയാനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനെ കാണാറുള്ളത്. ഇന്നലെ പിടിയാനക്കൂട്ടത്തിനൊപ്പം കണ്ട ചക്കക്കൊമ്പനെ അരിക്കൊമ്പനെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. അരിക്കൊമ്പനെ കണ്ടെത്താൻ പറ്റാതെ വൈകിട്ട് നാലോടെ ഇന്നലത്തെ ദൗത്യം നിർത്തിവച്ചിരുന്നു.

പിന്നീടു വൈകിട്ട് ആറോടെ അരിക്കൊമ്പനെ ചിന്നക്കനാൽ ശങ്കരപാണ്ഡ്യമെട്ടിലെ ഇടതൂർന്ന ചോലയ്ക്കുള്ളിലാണു വനംവകുപ്പ് വാച്ചർമാർ കണ്ടെത്തിയത്. ചക്കക്കൊമ്പനെ കണ്ട സിമന്റ്പാലത്തുനിന്ന് കാട്ടിലൂടെ നടന്നാൽ 8 കിലോമീറ്റർ ദൂരത്തിലാണു ശങ്കരപാണ്ഡ്യമെട്ട്.

ഇവിടെ നിന്ന് ഇന്നു രാവിലെ പടക്കമെറിഞ്ഞും ശബ്ദമുണ്ടാക്കിയും തുരത്തി പുറത്തിറക്കിയ ശേഷം മയക്കുവെടി വയ്ക്കാനാണു തീരുമാനമെന്ന് മൂന്നാർ ഡിഎഫ്ഒ രമേഷ് ബിഷ്‌ണോയ് അറിയിച്ചു. ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ 1,2,3 വാർഡുകളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരുകയാണ്.

കാടിറങ്ങിയെത്തി ഇടുക്കി ചിന്നക്കനാൽ പ്രദേശത്തെ വിറപ്പിച്ച അരിക്കൊമ്പനെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവെച്ചത്. മയക്കത്തിലായ ആനയെ പെരിയാർ ടൈഗർ റിസർവിലേക്കെ് മാറ്റാനാണ് നീക്കമെന്നാണ് സൂചന. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയർഓട എന്ന ഭാഗത്തേക്കാണ് മാറ്റുക.