- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിക്കൊമ്പനെ പിടികൂടുന്നുള്ള ദൗത്യം നാളെ തന്നെ; പുലർച്ചെ മയക്കുവെടിവയ്ക്കും; മോക്ഡ്രിൽ തുടങ്ങി; ആനയെ പിടികൂടി എവിടേക്ക് മാറ്റുമെന്നത് രഹസ്യമാക്കി വനം വകുപ്പ്; ഏഴ് സ്ഥലങ്ങൾ പരിഗണനയിലെന്ന് സൂചന
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിന് നാളെ പുലർച്ചെ നാല് മണിക്ക് ദൗത്യം തുടങ്ങും. ആനയെ പിടികൂടുന്നതിനായുള്ള മോക് ഡ്രിൽ ആരംഭിച്ചു. അരിക്കൊമ്പനെ പിടിച്ചുകെട്ടി സ്ഥലംമാറ്റാനാണു പദ്ധതി. സി സി എഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വനം വകുപ്പിന് അനുമതി നൽകി. മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിയെ സന്ദർശിച്ച് ഇക്കാര്യത്തിൽ അനുമതി തേടിയിരുന്നു. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ചിന്നക്കനാലിൽ എത്തി.
അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സർക്കാരിനി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് മോക്ക് ഡ്രിൽ നടത്തുന്നത്. ആനയെ പിടികൂടി എവിടേക്ക് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കി. ദൗത്യം നടത്താൻ തീരുമാനമായതോടെയാണ് മോക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്.
പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രിലാണ് നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നിൽക്കേണ്ട സ്ഥലവും വനംവകുപ്പ് വിവരിച്ച് നൽകും. മയക്കു വെടി വെക്കുന്നതിനുൾപ്പെടെയുള്ള എട്ട് വനം വകുപ്പ് സംഘത്തെ നേരത്തെ നിശ്ചയിച്ചിരുന്നു. ഇവർക്ക് വേണ്ട നിർദ്ദേശങ്ങളും നൽകിയതാണ്.
ഇടുക്കിയിലെ പെരിയാർ ടൈഗർ റിസർവ്, പറമ്പിക്കുളം, തിരുവനന്തപുരത്തെ നെയ്യാർ അല്ലെങ്കിൽ കോട്ടൂർ ആന പുനരധിവാസകേന്ദ്രം എന്നിവയിൽ ഒരിടത്തേക്കു മാറ്റാനാണു വനം വകുപ്പിന്റെ ആലോചന. ഏഴു സ്ഥലങ്ങളാണു പരിഗണനയിലുള്ളതെന്നാണ് സൂചന.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചിന്നക്കനാലിലും ശാന്തൻപാറയിലെ 1,2,3 വാർഡുകളിലും 144 പ്രഖ്യാപിക്കും. വെളുപ്പിന് നാലുമണിമുതൽ ദൗത്യും പൂർത്തിയാകുന്നത് വരെയാണ് നിയന്ത്രണം ഉണ്ടാവുക.
മോക്ക് ഡ്രില്ലിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യ സംഘത്തിലെ അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. അതിനിടെ ഉദ്യോഗസ്ഥരുടെ യോഗം ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്‌കൂളിൽ നടന്നു. തയ്യാറെടുപ്പുകൾ പരിചയപ്പെടുത്തുന്നതിനും അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള പദ്ധതി ഉദ്യോഗസ്ഥരെ കൃത്യമായി പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതിനും വേണ്ടിയാണ് യോഗം.
അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായി ദൗത്യസംഘത്തെ എട്ടു സംഘങ്ങളായി തിരിക്കും. ഒരു സംഘം ആനയെ നിരീക്ഷിക്കുകയാണെങ്കിൽ മറ്റൊരു സംഘത്തെ മയക്കുവെടിവെയ്ക്കുവാനാണ് നിയോഗിക്കുക. ഓരോ സംഘത്തിനും കടമകൾ വിഭജിച്ച് നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ