ചിന്നക്കനാൽ: അരിക്കൊമ്പനെ പിടികൂടാനുള്ള ആദ്യദിവസത്തെ ശ്രമം പരാജയപ്പെട്ടു. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം പലയിടങ്ങളിലായി തെരച്ചിൽ നടത്തിയിട്ടും ആനയെ കണ്ടെത്താനായില്ല.ഇതോടെ ആനയെ പിടികൂടാനുള്ള ഇന്നത്തെ ശ്രമം അവസാനിപ്പിച്ചു. ശനിയാഴ്ച വീണ്ടും ദൗത്യം പുനരാരംഭിക്കും.

രാവിലെ വനംവകുപ്പിന്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന അരിക്കൊമ്പൻ പിന്നീട് കാട്ടിലേയ്ക്ക് മറഞ്ഞു. ദൗത്യത്തിനായി വനംവകുപ്പ് നിശ്ചയിച്ച ചിന്നക്കനാലിൽ നിന്ന് 15 കിലോമീറ്ററോളം അകലെ ശങ്കരപാണ്ഡ്യമേട് എന്ന സ്ഥലത്താണ് ആന ഇപ്പോഴുള്ളതെന്നാണ് സൂചന. വനംവകുപ്പ് സംഘം ശങ്കരപാണ്ഡ്യമേട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. ആനയുടെ ശരീരത്ത് ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ ബേസ് ക്യാമ്പിലേക്ക് തിരികെ എത്തിച്ചു. പെരിയകനാൽ, ആനയിറങ്കൽ, 301 കോളനി, സിമന്റ് പാലം അടക്കമുള്ള മേഖലകളിലാണ് തെരച്ചിൽ നടത്തിയത്.

ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന ദൗത്യമല്ല ഇതെന്ന് ഡോ.അരുൺ സക്കറിയ പ്രതികരിച്ചു. എല്ലാ ദൗത്യങ്ങൾക്കും അതിന്റേതായ വെല്ലുവിളികളുണ്ട്. അതിനെ അഭിമുഖീകരിക്കുക, അത്രയേ ഉള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. 'എത്രദിവസത്തിനുള്ളിൽ മിഷൻ പൂർത്തിയാക്കും എന്നൊന്നും പറയാൻ കഴിയില്ല. ഓപ്പറേഷന് എപ്പോഴാണ് അവസരം ഒത്തുവരുന്നത്, അപ്പോൾ ചെയ്യും. ഒറ്റദിവസം കൊണ്ട് ചെയ്യാൻ കഴിയുന്നതല്ല്', ഡോ. അരുൺ സക്കറിയ പറഞ്ഞു.

മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ അരിക്കൊമ്പനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ചിന്നക്കനാൽ സിമന്റ് പാലത്തിൽ വേസ്റ്റ് കുഴിക്ക് സമീപത്തായി കണ്ടെത്തിയ അരിക്കൊമ്പൻ പിന്നീട് കാഴ്ചയിൽ നിന്ന് മറയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ആനക്കൂട്ടത്തെ പെരിയകനാലിൽ കണ്ടെത്തിയിരുന്നുവെങ്കിലും ഇതിൽ അരിക്കൊമ്പനെ മാത്രം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെ മുളന്തണ്ടിൽ ഒരു വീട് ആന ആക്രമിച്ച വിവരങ്ങളും പുറത്തുവന്നു.

സിമന്റുപാലം മേഖലയിൽവെച്ച് മയക്കുവെടി വയ്ക്കാനായിരുന്നു തീരുമാനം. അതേസമയം ആനയെ പിടികൂടിയ ശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വനംവകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കോടതി നിർദേശപ്രകാരം രഹസ്യമായാണ് നടപടികൾ.

ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിശദീകരിച്ചു. ദൗത്യസംഘം സ്വതന്ത്രമായി പ്രവർത്തിക്കും. ചൂട് കൂടുതലായതുകൊണ്ടാകാം ഇന്ന് ആനയെ കണ്ടെത്താനാകാതിരുന്നതെന്നാണ് കരുതുന്നത്. ദൗത്യത്തിൽ നിന്ന് പിന്മാറാൻ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. ആനയെ കണ്ടെത്തി മയക്കുവെടിവെക്കാനുള്ള ശ്രമം തുടരും. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തെ പിടിക്കാമായിരുന്നുവെന്നും വനംമന്ത്രി വിശദീകരിച്ചു.

ഇന്നു പുലർച്ചെ നാലരയോടെയാണ് വനംവകുപ്പ് അരിക്കൊമ്പൻ ദൗത്യത്തിന് തുടക്കം കുറിച്ചത്. വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാർ, കുങ്കിയാനകളുടെ പാപ്പാന്മാർ ഉൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പനുണ്ടെന്നായിരുന്നു തുടക്കത്തിലെ നിഗമനം. എന്നാൽ, ഇത് ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന ആനയാണെന്ന് പിന്നീട് വ്യക്തമായി. ഇതോടെ അരിക്കൊമ്പനു വേണ്ടിയുള്ള തിരച്ചിൽ വീണ്ടും തുടർന്നെങ്കിലും ഫലം കണ്ടില്ല.