തിരുവനന്തപുരം: ചിന്നക്കനാലിൽ നിന്നും നാടുകടത്തിയ അരിക്കൊമ്പൻ തമിഴ്‌നാടിന് തലവേദനയാകുന്നു എന്ന വിധത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. അതേസമയം ഇത്രയേറെ മലയാളം മാധ്യമങ്ങൾ ചർച്ച ചെയ്യുകയും കോടതി കയറുകയും ചെയ്ത മറ്റൊരുകൊമ്പനും കേരളത്തിലില്ലെന്നതാണ് ശ്രദ്ധേയം. ചിന്നക്കനാലിൽ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന കൊമ്പനെയാണ് ഇവിടെ നിന്നും പിടികൂടി നാടുകടത്തിയത്. മാധ്യമങ്ങളിൽ എല്ലാം ഇത് വലിയ വാർത്ത ആകുകയും ചെയ്തു. ഇപ്പോഴിതാ അരിക്കൊമ്പൻ സിനിമ ആകുകയാണ്.

ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സാജിദ് യാഹിയയാണ് സംവിധാനം ചെയ്യുന്നത്. അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോൾ കഥ ഒരുക്കുന്നത് സുഹൈൽ എം കോയയാണ്. നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തന്റെ വാസസ്ഥലത്ത് നിന്ന് മാറ്റിപാർപ്പിക്കേണ്ടി വന്ന അരിക്കൊമ്പന്റെ കഥയാണ് സിനിമയാകുന്നത്.

കേരളത്തിൽ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോൾ ആകാംക്ഷയിലാണ് പ്രേക്ഷകർ. അരിക്കൊമ്പനെ വാസ സ്ഥലത്ത് നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചർച്ചകൾ സജീവമായി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ അരിക്കൊമ്പന്റെ ജീവിത യാഥാർഥ്യങ്ങളിലേക്ക് വഴിതുറക്കുന്ന കഥ ചലച്ചിത്രമാകുന്നത് മലയാള സിനിമയിൽ പുതിയ ഒരദ്ധ്യായം രചിക്കും.

എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിക്കുകയാണ്. ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി, അമൽ മനോജ്, പ്രകാശ് അലക്‌സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ് അരിക്കൊമ്പൻ ചിത്രത്തിന്റെ പിന്നിലെ അണിയറപ്രവർത്തകർ. പിആർഒ- പ്രതീഷ് ശേഖർ.

അതേസമയം അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലിറങ്ങിയ സാഹചര്യത്തിൽ മേഘമല, തേനി പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മേഘമലയിൽ വിനോദസഞ്ചാരികൾ എത്തുന്നത് വനംവകുപ്പ് നിരോധിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫിസറും ജില്ലാ പൊലീസ് സൂപ്രണ്ടും നേരിട്ട് മേഘമലയിൽ പരിശോധന നടത്തി.

പ്രദേശത്ത് 144 പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണു വിവരം. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മേഘമലയിൽ ക്യാംപ് ചെയ്യുകയാണ്. കഴിഞ്ഞദിവസം രാത്രിയും അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങിയത് ആശങ്ക പരത്തിയിരുന്നു. മേഘമല ഹൈവേസ് ഡാമിനുസമീപം കൃഷി നശിപ്പിക്കാൻ ആന ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേർന്നാണ് ആനയെ കാട്ടിലേയ്ക്കു തുരത്തിയത്.

പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്‌നാട് വനംവകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററിലേറെ സഞ്ചരിച്ചെന്നാണു കണക്ക്. മഴമേഘങ്ങൾമൂലം റേഡിയോ കോളർ പ്രവർത്തിക്കുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.