കുമളി: തമിഴ്‌നാട്ടിലെ അടക്കം ജനവാസ മേഖലയിൽ എത്തിയതിന് അരിക്കൊമ്പൻ തിരികെ കേരളാ വനമേഖലയിൽ. ചിന്നക്കനാലിൽ നിന്നു പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അരിക്കൊമ്പൻ കുമളിക്ക് സമീപമെത്തി. ആകാശദൂരം കുമളിയിൽ നിന്ന് ആറുകിലോമീറ്റർ അകലെ വരെ എത്തിയ അരിക്കൊമ്പൻ, ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട മേദകാനം ഭാഗത്തേയ്ക്ക് തന്നെ മടങ്ങി.

ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള വിവരങ്ങൾ വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നതായി വനംവകുപ്പ് അറിയിച്ചു. ആറുദിവസം മുൻപാണ് ആന തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. അരിക്കൊമ്പനെ തുറന്നുവിട്ട പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് തമിഴ്‌നാട്ടിലെ മേഘമല വരെ പോയ ശേഷമായിരുന്നു കാട്ടാനയുടെ മടക്കം.

വനപാലകർക്കു വേണ്ടി നിർമ്മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ അരിക്കൊമ്പനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്‌നാട് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്‌നാട് തള്ളിക്കളയുന്നില്ല. അതിനാൽ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിർദേശിച്ചിരിക്കുന്നത്.

ഇതിനിടെ തമിഴ്‌നാട്ടിലെ മേഘമല പ്രദേശത്ത് ആനയുടെ ആക്രമണം നടന്നതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അത് അധികൃതർ തള്ളിയിരുന്നു. പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ തമിഴ്‌നാട് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. മേഘമലയ്ക്ക് താഴെ തേയിലത്തോട്ടങ്ങളും ലയങ്ങളുമുണ്ട്. തമിഴ്‌നാട്ടിലെ വണ്ണാത്തിപാറ, മാവടി ജനവാസ മേഖലയിലേക്ക് ആന എത്താതിരിക്കാൻ തമിഴ്‌നാട് വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.