- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്ടെന്നൊരുനാൾ വില്ലനായതല്ല അരിക്കൊമ്പൻ; കുഞ്ഞുന്നാളിലെ അമ്മ നഷ്ടപ്പെട്ടതിന്റെ വേദനയിൽ റിബൽ ആയതാണ്; എല്ലാ വർഷവും അമ്മ ചരിഞ്ഞ സ്ഥലത്ത് അരിക്കൊമ്പൻ വരും; ഇണയ്ക്കും കുഞ്ഞിനും ഒപ്പം കുടുംബനാഥനായ അരിക്കൊമ്പൻ; റേഷൻകട പൊളിക്കുന്ന ആളെകൊല്ലി മാത്രമല്ല ഇവനെന്ന് സോഷ്യൽ മീഡിയ
ഇടുക്കി: ആനയെ ഒരേ സമയം പേടിയും, കമ്പവും, വാത്സല്യവുമാണ് മലയാളികൾക്ക്. പറഞ്ഞുപകർന്നു കേൾക്കുന്ന ആനക്കഥകൾ എത്രയോ. ഇടുക്കിയിലെ ചിന്നക്കനാൽ, ആനയിറങ്കൽ, ശാന്തൻപാറ മേഖലകളിൽ പൂണ്ടുവിളയാടുന്ന അരിക്കൊമ്പനെ കുറിച്ചും കഥകൾ എത്രയോ. കുട്ടിക്കാലത്തെ, അമ്മയെ നഷ്ടപ്പെട്ട അരിക്കൊമ്പൻ, പിൽക്കാലത്ത് ഒരു റിബലായി മാറുകയായിരുന്നു എന്നാണ് ഒരു കഥ. 36 വർഷം മുമ്പത്തെ കഥയാണ് നാട്ടുകാർ പറയുന്നത്. കേട്ടാൽ കെട്ടുകഥയാണെന്ന് തോന്നും. പക്ഷേ അതല്ല അനുഭവകഥയാണെന്ന് അവർ ആണയിട്ട് പറയും. അമ്മയുടെ ഓർമയ്ക്കായി എല്ലാ വർഷം അമ്മയെ നഷ്ടപ്പെട്ട ഏലക്കാടുകൾക്കിടയിലെ സ്ഥലത്ത് വരാറുണ്ടത്രെ. ആദ്യം കൂട്ടാനകൾക്കൊപ്പവും, പിന്നീട് 20 വർഷമായി ഒറ്റയ്ക്കും അരിക്കൊമ്പൻ വന്നുപോകുന്നു. അരിക്കൊമ്പൻ പെട്ടെന്നൊരു നാൾ വില്ലനായതല്ലെന്നും നാട്ടുകാരുടെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം. മനുഷ്യനും, മൃഗവും തമ്മിലുള്ള ചെറിയ സംഘർഷങ്ങൾ വളർന്ന്, അവരുടെ ആവാസ വ്യവസ്ഥയിൽ, മനുഷ്യർ വില്ലരായി കടന്നുകൂടിയപ്പോൾ, അരിക്കൊമ്പനും വില്ലനായി എന്നാണ് കഥയുടെ സാരം. ആ കഥ ടെലിവിഷൻ ചാനലിൽ ഒരു നാട്ടുകാരൻ പറയുന്നത് ഇങ്ങനെ:
'87 ഡിസംബർ. ഡേറ്റ് ക്യത്യമായി ഓർക്കുന്നില്ല. ഈ ആന ഇതിന്റെ തൊട്ട് കിഴക്കേ സൈഡില് ഇങ്ങനെ അവശയായി നിൽക്കുവാ. പതുക്കെ ആന അവിടുന്ന് കുറച്ച് നീങ്ങി കഴിഞ്ഞപ്പോൾ, കുന്നിന്റെ മുകളിൽ വന്നപ്പോൾ, കയ്യാലക്കെട്ടേൽ ചവിട്ടി, കയ്യാല സഹിതം മറിഞ്ഞ് ആന താഴേക്ക് വീണു. കയ്യാലക്കെട്ടേന്ന് വീണ ആനയ്ക്ക് എണീൽക്കാൻ പറ്റാതെ വന്നു. ബാക്കി ആനകള് കൂടി എണീപ്പിക്കാൻ നോക്കി നടക്കാതെ വന്നപ്പോൾ, അതുങ്ങള് പോയി. കുഞ്ഞും തള്ളയും ഇവിടെ നിന്നു. രണ്ടാമത്തെ ദിവസം വൈകുന്നേരം ആയപ്പോളേക്കും ആന മരിച്ചു.
മൂന്നാമത്തെ ദിവസം, ഒരു ദിവസം ഈ കുഞ്ഞ് കൂടെ നിന്നു. മൂന്നാമത്തെ ദിവസം കൂട്ടാന വന്ന് കുഞ്ഞിനെ കൊണ്ടുപോയി. അരിക്കൊമ്പന് അന്ന് ഉദ്ദേശം ഒരുരണ്ടുവയസ്. ഇടത്തരം പോത്തിന്റെ അത്രയും ഉയരം. കൊമ്പ് ഒരു സിഗരറ്റിന്റെ നീളത്തിൽ. അത്രയും നീളത്തിൽ പുറത്തേക്ക് വരണേയുള്ളു. അവനാന്ന് ഞങ്ങൾ കൃത്യമായി പറയാൻ കാരണം വർഷാവർഷം ആ ആന ഇവിടെ വരാൻ തുടങ്ങി. ആദ്യം കൂട്ടമായിട്ടാണ് വന്നോണ്ടിരുന്നത്. ഇവൻ ഇച്ചിരി പ്രായമായി കഴിഞ്ഞപ്പോൾ, 20 വർഷമായിട്ട് ഇവൻ തന്നെയാണ് വരുന്നത്. അതാണ് ഈ ആനയാണെന്ന് പറയാൻ കാരണം...അമ്മയെ കുട്ടിക്കാലത്തെ നഷ്ടപ്പെട്ടതിന്റെ വൈരാഗ്യം കാരണം ആകാം ആളുകളെ ഓടിക്കാൻ തുടങ്ങിയത്. ഇത് കെട്ടുകഥയല്ല, അനുഭവത്തിൽ ഉള്ള കഥയാണ്. ക്യത്യമായിട്ടറിയാം. ഈ നവംബർ അവസാനവും അരിക്കൊമ്പൻ അമ്മ ചരിഞ്ഞ സ്ഥലത്ത് വന്നിരുന്നു. ഈ സ്ഥലത്ത് വന്ന് കൃത്യമായിട്ട് അവന്റെ അമ്മ നിൽക്കുന്ന സ്ഥലത്ത് വന്ന്, അര മണിക്കൂർ നേരം സൈലന്റായി നിന്ന് താഴെയിറങ്ങി പോയി അവിടെ നോക്കിയേച്ചാണ് അവൻ തിരിച്ചുകയറി പോയത്.'
ഇക്കഥ മാത്രമല്ല, തന്റെ ഇണയ്ക്കും, കുഞ്ഞിനുമൊപ്പം കൂട്ടത്തിന്റെ രക്ഷകനായി നടക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളും ഇതിനകം മനുഷ്യർ കണ്ടുകഴിഞ്ഞു. കൂട്ടം തെറ്റിയ കുട്ടിയാനയെ തേടി പിടിച്ച് കൂട്ടത്തിലാക്കുന്നതിൽ വേവലാതിപ്പെടുന്ന പാവം, ശാന്തനായ അരിക്കൊമ്പൻ. റേഷൻ കടകൾ തകർത്ത് അരി തിന്നുന്ന അരിക്കൊമ്പന്റെ മറ്റൊരു മുഖം. വീഡിയോയിൽ ഈ മുഖം കണ്ടിട്ട് ആളുകൾ കമന്റിലൂടെ ചോദിക്കുന്നു, ദൈവങ്ങളെ ഈ ആനയെ അവന്റെ കാട്ടിൽ ജീവിക്കാൻ അനുവദിക്കു.
ഇന്ന് ഹൈക്കോടതി ചോദിച്ച ചോദ്യമാണ് പലരും ചോദിക്കുന്നത്.
അതിനെ അതിന്റെ കുടുംബത്തിന്റെ കൂടെ ജീവിക്കാൻ വിട്....'അരുത് കാട്ടാള' എന്ന് ഇണക്കിളിയെ അമ്പ് എയ്ത കാട്ടാളനോട് മുനി പറഞ്ഞത് എല്ലാ ജീവികൾക്കും വേണ്ടിയാണ്...ആ ജീവികളുടെ സ്ഥലം അവർക്കു കൊടുക്കുക, മനുഷ്യനെ വേറെ സേഫ് ആയ സ്ഥലം നൽകി മാറ്റുക, അനധികൃതമായി കയ്യേറിയത്
അരികൊമ്പന് അനുകൂലമായ വിധി ഉണ്ടാകട്ടെ അവനു കുടുംബത്തിന്റെ കൂടെ കഴിയാൻ സാധിക്കട്ടെ
301 കോളനിയിലെ 41 കുടുംബങ്ങളെ വേറേ സ്ഥലം സർക്കാർ കൊടുത്തു മാറ്റിത്താമസിപ്പിച്ച് ആനത്താര പുനഃസ്ഥാപിക്കണം. അല്ലെങ്കിൽ അരിക്കൊമ്പൻ പോകുമ്പോൾ അടുത്ത ആന ഇറങ്ങും. എപ്പോളും ആന പിടിക്കാനെ സർക്കാരിന് നേരം കാണൂ.
അരിക്കൊമ്പനെ പിടിച്ചാൽ കുട്ടികൾക്ക് ആരുണ്ട്
ഞാനൊരു വലിയ കോടീശ്വരൻ ആയിരുന്നെങ്കിൽ നീ വരുത്തിവെച്ച നാശനഷ്ടങ്ങളുടെ കണക്കുകൾ ഞാൻ കൊടുത്തു എന്നെ എന്നിട്ട് നിന്റെ സ്വാതന്ത്ര സ്ഥാനത്തേക്ക് ഞാൻ അയച്ചേനെ എന്നാൽ ദൈവം അതിനുള്ള ഭാഗ്യം തന്നില്ല അരികൊമ്പ
നാളത്തെ പുലരി അത് അരികൊമ്പന് ഉള്ളത് ആവട്ടെ ennu പ്രാർത്ഥിക്കുന്നു, കോടതി വിധി അവനു അനുകൂലം ആയി മാറട്ടെ. അവിടെ കാട് കയ്യെറി വീടും എല്ലം vachitu ഇപ്പോ അവനെ അവിടെ നിന്നും മാറ്റണം polum കഷ്ട്ടം
ആനയെ പിടികൂടി ആന ക്യാംപിലിടുന്നതിനെ അനുകൂലിക്കുന്നില്ലെന്നാണ് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. വിദഗ്ധസമിതി റിപ്പോർട്ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും ആനയെ പിടികൂടിയിട്ട് എന്തുചെയ്യാനെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെനിന്നു മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാർപ്പിച്ചുവെന്നും കോടതി ചോദിച്ചു.
കോടതി വിധിയോട് എഴുത്തുകാരിയായ ശ്രീദേവി എസ് കർത്ത പ്രതികരിക്കുന്നത് ഇങ്ങനെ
നന്ദി പ്രിയ ന്യായാധിപന്മാരെ.. എന്റെ കാടിന് , എന്റെ സ്വാതന്ത്ര്യത്തിനു എന്റെ ജീവന് എല്ലാറ്റിനും മനുഷ്യരുടേതിന് പോലെ മൂല്യമുണ്ടെന്നു തെളിയിച്ചതിന്...Thanks for asking the right kind of questions..അപ്പോ എന്നെ കൊണ്ടു പോയെ അടങ്ങൂ എന്നുറപ്പിച്ചു ആളേം ആനേയും കൂട്ടി വന്ന സാറമ്മാരെ, ആ കുങ്കികളെ ഇവിടെ വിട്ടേച്ചു പോണേ....അപ്പോ ശരി, പിന്നെ കാണുന്നില്ല
കോടതി വിധി വരും മുമ്പ് സാമ്പത്തിക വിദഗ്ധനായ ബൈജു സ്വാമി ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചു:
അരിക്കൊമ്പന്റെ കാര്യമാണ്. അവൻ നാശം വിതച്ച് തകർത്ത മനുഷ്യരുടെ ജീവിതം പ്രശ്‌നമാണ് എന്ന യാഥാർഥ്യം അംഗീകരിക്കുന്നു. അരികൊമ്പനെ തളയ്ക്കാതെ മാർഗമില്ല എന്ന് സമ്മതിക്കുന്നു. എങ്കിലും സഹ്യന്റെ പുത്രന്റെ, അവന് വേണ്ടി ദൈവം സൃഷ്ടിച്ച അവന്റെ അമ്മയായ പ്രകൃതിയുടെ മടിയിലുള്ള ശാന്തമായ ഉറക്കം ഇനി കുറച്ചു മണിക്കൂറുകൾ മാത്രം എന്നത് എന്റെ ഉള്ള് പൊള്ളിക്കുന്നു. സർവ്വ സ്വാതന്ത്ര്യത്തോടെയും അവൻ കളിച്ചു വളർന്ന അവന്റെ വീട്ട് മുറ്റം അവന് എന്നെന്നേക്കുമായി നഷ്ടമകാൻ ഇനി മണിക്കൂറുകൾ മാത്രം. ഇനി അവന്റെ ജീവിതം വിലങ്ങുകൾക്കുള്ളിൽ.
https://www.facebook.com/reel/234525709037709
എന്തായാലും, സർക്കാരും വനം വകുപ്പും അരിക്കൊമ്പനെ പൂട്ടിലിടണം എന്ന അഭിപ്രായക്കാരാണ്. അരിക്കൊമ്പൻ അപകടകാരിയെന്നാണ് ഹൈക്കോടതിയിൽ വനം വകുപ്പിന്റെ സത്യവാങ്മൂലം. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു. 2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്. അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യാം.
നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമെന്ന് വനംവകുപ്പ് പറയുന്നു. അരിക്കൊമ്പനെ നേരത്തെ പലതവണ പിടികൂടി മാറ്റിയതാണ്. പക്ഷേ, വീണ്ടും ജനവാസ മേഖലയിലേക്ക് എത്തി. അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അരിക്കൊമ്പനെ മയക്കുവെടി വെച്ച് വീഴ്‌ത്താൻ മിഷൻ അരിക്കൊമ്പൻ ദൗത്യത്തിന് വനംവകുപ്പ് ഒരുങ്ങിയിരുന്നു. ശനിയാഴ്ച ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനായിരുന്നു തീരുമാനം. ഇതിനെതിരെ മൃഗസംരക്ഷണ സംഘടന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവർ നൽകിയ ഹർജിയിലാണ് മിഷൻ അരിക്കൊമ്പന് ഹൈക്കോടതി താത്കാലികമായി തടയിട്ടത്. എന്തായാലും അരിക്കൊമ്പെന പിടികൂടി ഉൾവനത്തിൽ വിടുന്നതിനെ കുറിച്ച് അഭിപ്രായം അറിയിക്കാൻ ഹൈക്കോടതി വിദഗ്ധ സമിതി രൂപീകരിച്ചിരിക്കുകയാണ് കോടതി. ഇതൊന്നുമറിയാതെ തന്റേതായ ജീവിതം തുടരുകയാണ് അരിക്കൊമ്പൻ.
മറുനാടന് മലയാളി ബ്യൂറോ