- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് കുങ്കിയാനകളും നൂറ്റമ്പതോളം ദൗത്യസംഘാംഗങ്ങളും സജ്ജം; ആനകൂട്ടത്തിനൊപ്പം നിലയുറപ്പിച്ചു അരിക്കൊമ്പൻ; കൂട്ടം തെറ്റിക്കാൻ പടക്കം പൊട്ടിച്ചിട്ടും കൂസലില്ല; പ്ലാന്റേഷന് പുറത്തിറക്കാൻ ശ്രമം; മയക്കുവെടി വെക്കുന്നത് നീളുന്നു; അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിലെത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം നീളുന്നു. ആന കൂട്ടത്തിനൊപ്പം നിലയുറപ്പിച്ച അരിക്കൊമ്പനെ നിലതെറ്റിക്കാനുള്ള ശ്രമമാണ് വിജയിക്കാതിരിക്കുന്നത്. ആനയെ കൂട്ടം തെറ്റിക്കാൻ പടക്കം പൊട്ടിച്ചു. എന്നാൽ പടക്കത്തെയും കൂസാതെ നിലയുറപ്പിച്ചിരിക്കയാണ് അരിക്കൊമ്പൻ. ഇതോടെ ദൗത്യം നീളുകയാണ്. മയക്കുവെടിവെക്കാൻ ഇനിയും സാധിച്ചിട്ടില്ല.
വാഹനമെത്താൻ കഴിയാത്ത സ്ഥലത്താണ് നിലവിൽ ആന നിൽക്കുന്നത്. ആനയെ പ്ലാന്റേഷനിൽ നിന്ന് പുറത്തെത്തിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമം നടക്കുന്നത്. അരിക്കൊമ്പനെ ദൗത്യസംഘം വളഞ്ഞിരിക്കുകയാണ്. നീങ്ങാൻ സാധ്യതയുള്ള മേഖലയിലേക്ക് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. മയക്കുവെടി വയ്ക്കുന്നതിനായി കൃത്യമായി പൊസിഷൻ കാത്തിരിക്കുകയാണ് ദൗത്യസംഘം.
അഞ്ച് മയക്കുവെടികളെ അതിജീവിച്ചവനാണ് അരിക്കൊമ്പൻ. ഇതാണ് ഇത്തവണത്തെ ദൗത്യത്തിലും വനം വകുപ്പിനെ കുഴക്കുന്ന പ്രധാന പ്രശ്‌നം. പുലർച്ചെ നാലേ മുക്കാലോടെ കാടുകയറിയ ദൗത്യസംഘം അരിക്കൊമ്പനെ കണ്ടെത്തി. ചിന്നക്കനാൽ സമന്റ് പാലത്തിൽ വേസ്റ്റ് കുഴിക്ക് സമീപത്തായാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. പ്രദേശത്ത് വെള്ളിയാഴ്ച പുലർച്ചെ നാലര മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ചാരികൾക്കും നിയന്ത്രണമേർപ്പെടുത്തി. അരുൺ സഖറിയയുടെ നേതൃത്വത്തിൽ നൂറ്റമ്പതോളം പേരാണ് കാടുകയറിയത്. പ്രദേശത്ത് കാലാവസ്ഥ അനുകൂലമാണ്. മഴ ഇത്തരത്തിൽ മാറിനിന്നാൽ പതിനൊന്നു മണിയോടെ ദൗത്യം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് കോട്ടയം ഡി.എഫ്.ഒ. എൻ രാജേഷ് അറിയിച്ചു. ദൗത്യത്തിൽ നാല് കുങ്കിയാനകളുമുണ്ട്.
സിമന്റുപാലം മേഖലയിൽവെച്ച് മയക്കുവെടി വയ്ക്കാനാണ് തീരുമാനം. ആന നിലവിൽ ഈ പ്രദേശത്തുതന്നെയാണ് ഉള്ളതെന്നാണ് സൂചന. അതേസമയം ആനയെ പിടികൂടിയ ശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വനംവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. കോടതി നിർദ്ദേശപ്രകാരം രഹസ്യമായാണ് നടപടികൾ. മൂന്ന് മണി വരെ മയക്കുവെടി വയ്ക്കാം എന്നാണ് നിയമം. ഇന്ന് തന്നെ ദൗത്യം നിർവഹിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. അതേസമയം, അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.
അതേസമയം അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിലെത്തുമെന്നും കാലാവസ്ഥ അനുകൂലമാണെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പനെ ഒറ്റയ്ക്ക് കിട്ടുക എന്നത് ശ്രമകരമായ ദൗത്യമാണ്. പ്രദേശത്തെ ആൾക്കൂട്ടം വെല്ലുവിളിയാകും. അതേ സമയം അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം വെളിപ്പെടുത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. മുദ്രവച്ച കവറിൽ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരമാണ് രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കുന്നത്. വനം വകുപ്പ് സി സി എഫ് ആർ എസ് അരുണിന്റെയും മൂന്നാർ ഡി എഫ് ഒ രമേശ് ബിഷ്‌നോയിയുടെയും നേതൃത്വത്തിലാണ് ദൗത്യം. കഴിഞ്ഞ 7 വർഷത്തിനിടെ ദേവികുളം റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ 13 പേർ മരണപ്പെടുകയും 3 പേർക്ക് ഗുരുതര പരിക്കേൽക്കുകയും 24 വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് അരിക്കൊമ്പനെ തളയ്ക്കുന്നതിനുള്ള നടപടി വനം വകുപ്പ് സ്വീകരിച്ചത്. 30 വയസ് പ്രായം തോന്നിക്കുന്ന 'അരിക്കൊമ്പൻ' എന്ന കാട്ടാന കഴിഞ്ഞ ജനുവരി മാസം മാത്രം 3 കടകൾ തകർക്കുകയും അരിയും മറ്റ് റേഷൻ സാധനങ്ങളും കവരുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ