- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പ് ആശുപത്രി ഗൂഡാലോചനയ്ക്ക് തെളിവ് ഫോണ്‍ റെക്കോര്‍ഡുകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും; സിബിഐ വാദം അംഗീകരിച്ച് വിചാരണ കോടതി; അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പിജെയ്ക്കും ടിവിയ്ക്കും തിരിച്ചടി; സിപിഎം നേതാക്കളും പ്രതികള്‍
ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വച്ചു നടന്നു എന്നാണ് സിബിഐ പറയുന്നത്.
കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ പി.ജയരാജനും ടി.വി.രാജേഷും പ്രതികളായി തുടരും. തങ്ങള്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന ഇരുവരുടേയും വിടുതല്‍ ഹര്‍ജി എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി തള്ളി. കേസില്‍ ഗൂഡാലോചനാകുറ്റമായിരുന്നു ജയരാജനും രാജേഷിനുമെതിരേ സി.ബി.ഐ ചുമത്തിയിരുന്നത്. ഇതിനെതിരേയാണ് നേതാക്കള്‍ കോടതിയെ സമീപിച്ചത്.
തങ്ങള്‍ക്കെതിരേ തെളിവില്ലാത്തതിനാല്‍ ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്നും വിചാരണ ആവശ്യമില്ലെന്നുമായിരുന്നു ഇരുവരുടെയും വാദം. ഈ ആവശ്യം കോടതി നിരാകരിച്ചതിനാല്‍ ഹൈക്കോടതിയെ സമീപിക്കാം. അതു കഴിഞ്ഞ് സുപ്രീംകോടതിയിലും പോകാം. അല്ലെങ്കില്‍ രണ്ടു സിപിഎം നേതാക്കളും കേസില്‍ വിചാരണ നേരിടേണ്ടിവരും. ജയരാജനും രാജേഷിനുമെതിരേ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കെതിരേ തെളിവുകളുള്ളതിനാല്‍ വിടുതല്‍ ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് വിചാരണ കോടതിയും അംഗീകരിക്കുന്നത്.
2020 ഫെബ്രുവരി 20-നാണ് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും മുന്‍ എം.എല്‍.എ. ടി.വി. രാജേഷും സഞ്ചരിച്ചിരുന്ന കാറിനു നേരേ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഷുക്കൂറിനെ സി.പി.എം. പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. 34 പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി.ജയരാജനും ടി.വി.രാജേഷും സിബിഐ സ്‌പെഷല്‍ കോടതിയില്‍ സംയുക്തമായി വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതാണ് ഇന്ന് സിബിഐ സ്‌പെഷല്‍ കോടതി ജഡ്ജി പി.ശബരിനാഥന്‍ തള്ളിയത്.
സിബിഐ കുറ്റപത്രത്തില്‍ പി,ജയരാജനും ടി.വി.രാജേഷിനുമെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ഒഴിവാക്കിയായിരുന്നു പി.ജയരാജനും ടി.വി.രാജേഷിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പിന്നീട് അബ്ദുല്‍ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് വിടുകയും കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിടുകയുമായിരുന്നു. അതിനെ തുടര്‍ന്നാണു ക്രിമിനല്‍ ഗൂഢാലോചന കുറ്റവും കൂടി ഉള്‍പ്പെടുത്തി സിബിഐ പി.ജയരാജനും ടി.വി.രാജേഷിനുമേതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വച്ചു നടന്നു എന്നാണ് സിബിഐ പറയുന്നത്. കല്ലേറിനെ തുടര്‍ന്ന് ജയരാജനെയും രാജേഷിനേയും ഈ ആശുപത്രിയിലാണു പ്രവേശിപ്പിച്ചിരുന്നത്. വിടുതല്‍ ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. തളിപ്പറമ്പ് ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വച്ച് ജയരാജന്റെയും രാജേഷിന്റെയും നേതൃത്വത്തില്‍ ഗൂഡാലോചന നടന്നു എന്നാണ് സിബിഐ പറയുന്നത്.
ഇതില്‍ പങ്കെടുത്ത 2 പേര്‍ ഷുക്കൂറിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും അത് സാധൂകരിക്കുന്ന ഫോണ്‍ വിളികളുടെ റെക്കോര്‍ഡുകളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും തെളിവായുണ്ടെന്നുമാണു സിബിഐ വാദിച്ചത്. മാത്രമല്ല, ഗൂഢാലോചന നേരിട്ട് കണ്ട ദൃക്സാക്ഷികളുടെ മൊഴികള്‍ ഉണ്ടെന്നും അതിനാല്‍ വിടുതല്‍ ഹര്‍ജി തള്ളണമെന്നും സിബിഐ വാദിച്ചിരുന്നു. ഇതാണ് കോടതിയും അംഗീകരിക്കുന്നത്.