കോഴിക്കോട്: അര്‍ജുന്റെ മൃതദേഹം ഒടുവില്‍ 75-ാം ദിവസം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. അര്‍ജുന്റെ അന്ത്യയാത്ര കാണാന്‍ ആയിരങ്ങളാണ് വഴി നീളെ കാത്തു നിന്നത്. യാത്രയ്‌ക്കൊടുവില്‍ കണ്ണാടിക്കലിലെ വീടിന്റെ മുറ്റത്തേക്ക് ചേതനയറ്റ് അര്‍ജുന്‍ മടങ്ങിയെത്തി. പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയും. അര്‍ജുനെ ഇതിന് മുന്‍പ് ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവര്‍പോലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു.

അര്‍ജുന്റെ മൃതദേഹം പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. കാസര്‍കോട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കാര്‍വാര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് പുറപ്പെടുമ്പോള്‍ സഹോദരന്‍ അഭിജിത്തും സഹോദരീഭര്‍ത്താവ് ജിതിനുമാണ് ഒപ്പമുണ്ടായിരുന്നത്. 72 നാള്‍ നീണ്ട രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കിയ കാര്‍വാര്‍ എം.എല്‍.എ. സതീശ്കൃഷ്ണ സെയിലും മൃതദേഹത്തെ അനുഗമിച്ചു.

രാവിലെ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹവുമായി ആംബുലന്‍സ് കടന്നുവന്ന വഴികളില്‍ അര്‍ജുനെ കാണാനായി ജനം കാത്തുനിന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും കമൃതദേഹത്തെ അനുഗമിച്ചു. ജനപ്രതിനിധികള്‍ വീട്ടിലെത്തി സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. വൈകിട്ട് തൊട്ടടുത്ത വയലില്‍ അനുശോചനയോഗവും നടക്കും. സാധാരണ 4 ദിവസത്തോളം വൈകുന്ന ഡിഎന്‍എ പരിശോധന, പ്രത്യേക ഇടപെടലില്‍ വേഗം പൂര്‍ത്തിയാക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് 7.15ന് കാര്‍വാറിലെ ആശുപത്രിയില്‍നിന്ന് മൃതദേഹവും വഹിച്ച് ആംബുലന്‍സ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു. മൃതദേഹഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന ഇന്നലെ ഉച്ചയോടെയാണു പൂര്‍ത്തിയായത്. സഹോദരന്‍ അഭിജിത്തിന്റെ ഡിഎന്‍എ സാംപിളുമായി പ്രാഥമിക പരിശോധനയില്‍ ത്തന്നെ സാമ്യം കണ്ടെത്തി. വൈകിട്ട് 6.15ന് അഭിജിത്തും അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനും ചേര്‍ന്നു മൃതദേഹം ഏറ്റുവാങ്ങി. പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച തന്നെ പൂര്‍ത്തിയാക്കിയിരുന്നു. വിലാപയാത്രയായാണ് മൃതദേഹം കണ്ണാടിക്കലിലേക്ക് കൊണ്ടു വന്നത്.

ലോറി ഓണേര്‍സ് അസോസിയേഷന്റെയും ആക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു വിലാപയാത്ര. കേരള, കര്‍ണാടക പൊലീസും വിലാപയാത്രയെ അനുഗമിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളയം പിടിക്കുമ്പോള്‍ വാഹനത്തില്‍ പലപ്പോഴും അര്‍ജുന്‍ ഒറ്റക്കായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും വീട്ടിലേക്കുള്ള സാധനങ്ങളും കളിപ്പാട്ടങ്ങളുമായുള്ള തിരിച്ചു വരവ്. എന്നാല്‍ ഈ തിരിച്ചുവരവില്‍ അര്‍ജുനെ അനുഗമിച്ചത് ആയിരങ്ങളാണ്. അവരുടെ കണ്ണീരില്‍ അര്‍ജുനോടുള്ള സ്‌നേഹം തെളിഞ്ഞു നിന്നു.

പ്രതിസന്ധികളും വലിയ ഉത്തരവാദിത്വങ്ങളുമായിരുന്നു ചെറുപ്രായത്തില്‍ തന്നെ അര്‍ജുന് ഉണ്ടായിരുന്നത്. കൂലിപ്പണിക്കാരനായ അച്ഛന്‍, അമ്മ രണ്ടു സഹോദരിമാര്‍ ഒരു അനിയന്‍. കുടുംബമായിരുന്നു അര്‍ജുന് പ്രധാനം. കുടുംബത്തിന്റെ കണ്ണീരകറ്റാനാണ് കണ്ണാടിക്കല്‍ പ്രേമന്റെയും ഷീലയുടെയും മകന്‍ അര്‍ജുന്‍ പ്ലസ് ടു വിന് ശേഷം ഒരു തുണിഷോപ്പില്‍ ജോലി നോക്കേണ്ടി വന്നത്. പിന്നെ ഇടയ്ക്കിടെ പെയിന്റിംഗ്. മറ്റ് ജോലികള്‍. പതിനാറാം വയസില്‍ വളയം തൊട്ട അര്‍ജുന്‍ ഇരുപതാം വയസില്‍ വലിയ വാഹനം ഓടിച്ചു തുടങ്ങി.

മൂത്ത ചേച്ചിയുടെ വിവാഹം. അനുജത്തിയുടെയും അനുജന്റെയും പഠനം, പുതിയ വീട് എല്ലാം കുടുബത്തിന് വേണ്ടി സാധ്യമാക്കി. പിന്നെ വിവാഹം. കൃഷ്ണപ്രിയ ജീവിത സഖിയായി. മകനും പ്രതീക്ഷയായി. ഇതിനിടെയാണ് ദുരന്തം എത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളയം പിടിക്കുമ്പോള്‍ വാഹനത്തില്‍ പലപ്പോഴും അര്‍ജുന്‍ ഒറ്റക്കായിരുന്നു. കുടുംബം പുലര്‍ത്താന്‍ വഴികള്‍ ഒറ്റയ്ക്ക് വെട്ടിത്തെളിച്ച അര്‍ജുന്‍ കണ്ണാടിക്കലെ വീട്ടിലേക്ക് മടങ്ങിയെത്തുന്നത് ചേതനയറ്റ ശരീരമായി. നാടിനും നാട്ടുകാര്‍ക്കും അത് നൊമ്പരക്കാഴ്ച. ആ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് ആര്‍ക്കും അറിയില്ല.