കഴക്കൂട്ടം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയും കണ്ണൂരിലെ ഡിവൈഎഫ്‌ഐ മുന്‍ നേതാവുമായ അര്‍ജുന്‍ ആയങ്കിയെ കഴക്കൂട്ടം പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തത് എസ് എഫ് ഐ നേതാവിന്റെ വീട്ടില്‍ നിന്നും. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സിപിഎം പരിശോധന നടത്തും. ആയങ്കിയെ പോലുള്ളവരുമായി ചങ്ങാത്തം പാടില്ലെന്ന നിലപാട് സിപിഎം നേരത്തെ തന്നെ അണികള്‍ക്ക് നല്‍കിയിരുന്നു. എസ്എഫ്‌ഐ നേതാവും കുളത്തൂര്‍ സ്വദേശിയുമായ ആദര്‍ശന്റെ വീട്ടില്‍ നിന്നാണ് അര്‍ജുനെ കഴക്കൂട്ടം പോലീസ് പിടികൂടിയത്.

സുഹൃത്തും തുമ്പ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട ആളുമായ ആദര്‍ശിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാവിലെ 10ന് നടത്തിയ പരിശോധനയിലാണ് അര്‍ജുനെ പിടികൂടിയത്. ആദര്‍ശിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുളത്തൂര്‍ ഉത്സവത്തോടനുബന്ധിച്ച് ആദര്‍ശും സംഘവും പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കാര്യവട്ടത്തെ വാട്‌സാപ്പ് കോപ്പിയടി മറയ്ക്കാന്‍ കൂടിയുള്ള തന്ത്രമാണ് ഈ വിശദീകരണമെന്നാണ് വിലയിരുത്തല്‍. ഉത്സവത്തില്‍ പങ്കെടുക്കാന്‍ 2 ദിവസം മുന്‍പാണ് അര്‍ജുന്‍ ഇവിടെയെത്തിയതെന്നു പൊലീസ് അറിയിച്ചു. അര്‍ജുന്റെ പേരില്‍ കഴക്കൂട്ടം സ്റ്റേഷനില്‍ കേസുകളില്ലാത്തതിനാല്‍ ഇന്ന് വിട്ടയച്ചേക്കും.

കുളത്തൂര്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഗുണ്ടാ ലിസ്റ്റില്‍ പെട്ടവരെ കരുതല്‍ തടങ്കലിലാക്കാന്‍ പൊലിസ് തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് ഗുണ്ടാപട്ടികയില്‍ പെട്ട ആദര്‍ശിന്റെ വീട്ടിലെത്തിയത് എന്നാണ് ഔദ്യോഗിക ഭാഷ്യം. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന അര്‍ജുന്‍ ആയങ്കിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ജാമ്യത്തില്‍ വിട്ടയക്കുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. തലസ്ഥാനത്ത് മറ്റു കേസുകളിലൊന്നും പ്രതിയല്ലാത്തതിനാലാണ് ജാമ്യം അനുവദിക്കുന്നത്. എന്നാല്‍ കാര്യവട്ടത്തെ കോപ്പിയടിയില്‍ നടപടി അട്ടിമറിക്കാനുള്ള ശ്രമമാണ് ഈ വിശദീകരണമെന്ന വാദം സജീവമാണ്.

കാര്യവട്ടം കോളേജില്‍ വാട്സാപ്പ് കോപ്പിയടി കേസിലെ പ്രതിയായ ആദര്‍ശിനെ അന്വേഷിച്ചാണ് പോലീസ് സംഘം വീട്ടിലെത്തിയത്. ആദര്‍ശിനോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് പലതവണ ആവശ്യപ്പെട്ടിരുെന്നങ്കിലും എത്തിയിരുന്നില്ല. തുടര്‍ന്നാണ് പോലീസ് വീട്ടിലെത്തിയത്. അര്‍ജുനെ വീട്ടില്‍ കണ്ടതോടെ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഉത്സവ സമയത്ത് ആദര്‍ശ് വീട്ടിലുണ്ടാകുമെന്ന് കരുതിയാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്.

താന്‍ ഉത്സവം കാണാനെത്തിയതാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഇയാള്‍ തലസ്ഥാനത്തെത്താന്‍ മറ്റു കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്നതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. മറ്റേതെങ്കിലും സ്റ്റേഷനുകളില്‍ അര്‍ജുനെതിരേ വാറണ്ടുണ്ടോയെന്നു പരിശോധിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

കാര്യവട്ടം കോേളജില്‍ ബിഎസ്എസി പരീക്ഷ എഴുതുന്നതിനിടെ വാട്സാപ്പ് വഴി കോപ്പിയടിച്ചതിന് ആദര്‍ശിനെ ഒരു മാസം മുന്‍പ് പിടികൂടിയിരുന്നു. കേസില്‍നിന്ന് ആദര്‍ശിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍പ്പോയിരുന്നു. ആദര്‍ശിനെ ഒളിവില്‍ കഴിയാന്‍ അര്‍ജുന്‍ ആയങ്കി സഹായിച്ചിരുന്നോയെന്നും സംശയമുണ്ട്. കഴക്കൂട്ടം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ ഫോണ്‍ സിഗ്‌നലുകള്‍ പിന്തുടര്‍ന്ന് വാട്‌സാപ്പ് കോപ്പിയടി ക്രമക്കേട് കണ്ടുപിടിച്ചത്.

മാര്‍ച്ച 12-ന് നടന്ന സംഭവത്തില്‍ കോളേജില്‍നിന്നു വെള്ളിയാഴ്ച വരെ റിപ്പോര്‍ട്ടൊന്നും കിട്ടിയിട്ടില്ലെന്നായിരുന്നു സര്‍വകലാശാല നിലപാട്. എന്നാല്‍ സംഭവം നടന്നദിവസം തന്നെ പ്രാഥമിക റിപ്പോര്‍ട്ടയച്ചെന്നും 13-ന് അവധിയായതിനാല്‍ വിദ്യാര്‍ഥിയില്‍നിന്നു പിടിച്ചെടുത്ത ഫോണുകള്‍, ഉത്തരക്കടലാസ് എന്നിവ 14-ന് സര്‍വകലാശാലക്ക് കൈമാറിയെന്നുമാണ് കോളേജധികൃതര്‍ പറഞ്ഞത്.ഇതുപ്രകാരമായാലും സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് ഫോണുകള്‍ സര്‍വകലാശാലയ്ക്ക് നല്‍കിയത്. അതിനിടയില്‍ ഇവയിലുണ്ടായിരുന്ന രേഖകളും സന്ദേശങ്ങളും മായ്ച്ചു കളഞ്ഞിട്ടുണ്ടോയെന്ന് സംശയമുയരുന്നുണ്ട്. ആദര്‍ശ് മുന്‍പ് പലതവണ പരീക്ഷാ ക്രമക്കേടിന് ശ്രമിച്ചതായി ആരോപണമുണ്ട്.

ഇക്കഴിഞ്ഞ 12-നും പരീക്ഷാ സമയത്തിന് വളരെ മുന്‍പേ ഇയാള്‍ കോളേജിലെത്തി ഹാളിലുള്‍പ്പെടെ കയറിയെന്നാണ് വിവരം.കോളേജില്‍ പരീക്ഷ നടക്കുന്ന സമയം കഴക്കൂട്ടം പോലീസ് മേനംകുളം കരിയില്‍ സ്വദേശിയായ ആദര്‍ശ് എന്നു തന്നെ പേരുള്ള മറ്റൊരാളുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പരിശോധിച്ചതിലൂടെയാണ് ക്രമക്കേട് പുറത്തുവന്നത്. ഈ ഫോണിലേക്ക് പരീക്ഷ എഴുതുന്ന ആദര്‍ശിന്റെ ഫോണില്‍നിന്നു ചോദ്യപേപ്പര്‍ വാട്സാപ്പ് മുഖേന വന്നതായും ഉത്തരങ്ങള്‍ തിരിച്ചയച്ചതായും കണ്ടെത്തി.തുടര്‍ന്ന് പോലീസ് കോളേജില്‍ വിവരമറിയിച്ചു. കോളേജ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ആദര്‍ശില്‍ നിന്നു രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. എന്നാല്‍ ഇതിനിടെ ഇയാള്‍ ക്ലാസില്‍ നിന്നിറങ്ങിപ്പോയി.

തൊട്ടുമുന്‍പ് എഴുതിയ പരീക്ഷയിലും ആദര്‍ശ് കോപ്പിയടിച്ചതായി ആരോപണമുണ്ട്. കോളേജില്‍ സ്ഥിരമായി നടക്കുന്ന കോപ്പിയടി സംബന്ധിച്ച് വിവരങ്ങളറിയാവുന്നവരാണ് പോലീസിനെ അറിയിച്ചതെന്നാണ് സൂചന. പരീക്ഷാ ഹാളില്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത് ചില അധ്യാപകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോളേജിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ല. തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതിനാല്‍ അധ്യാപകരുടെ ഇടയില്‍ത്തന്നെ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ടായിരുന്നു. എസ്എഫ്ഐ മാത്രമാണ് കാര്യവട്ടം കോളേജില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടന.

നാലുവര്‍ഷം മുന്‍പ് കോളേജില്‍നിന്നു പഠിച്ചിറങ്ങിയ ആദര്‍ശ് സപ്ലിമെന്ററി പരീക്ഷ എഴുതാനാണ് വീണ്ടും എത്തിയത്. പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐയുടെ പ്രധാന ഭാരവാഹിയായിരുന്നു ആദര്‍ശ്.