കണ്ണൂർ: സ്വർണക്കടത്ത്, ക്വട്ടേഷൻ കേസിലെ പ്രതി അർജുൻ ആയങ്കിക്കും കുടുംബത്തിനും എതിരെ ഫേസ്‌ബുക്ക് ലൈവിൽ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. അർജുൻ ആയങ്കിയും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്നും താൻ ആത്മഹത്യ ചെയ്താൽ അതിനുകാരണം ആയങ്കിയുടെ കുടുംബമാണെന്നും അമല വെളിപ്പെടുത്തി. വീട്ടിൽ കടുത്ത ഗാർഹിക പീഡനമാണ് നേരിട്ടത്. വിവാഹത്തിന് മുമ്പ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും അർജുൻ ആയങ്കിയുടെ ഭാര്യ അമല പറയുന്നു.

പൊലീസിന്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്തുനിന്നാണ് താൻ സംസാരിക്കുന്നതെന്നാണ് ഫേസ്‌ബുക്ക് ലൈവിന്റെ തുടക്കത്തിൽ പറയുന്നത്. 2019 ഓഗസ്റ്റിലാണ് അർജുൻ ആയങ്കിയുമായി പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. ഒന്നരവർഷം കഴിഞ്ഞ് 2021 ഏപ്രിൽ എട്ടിനായിരുന്നു കല്യാണം. എന്നാൽ 2020 ജൂണിൽ, വിവാഹത്തിന് മുൻപ് തന്നെ കണ്ണൂരിലേക്ക് കൊണ്ടുവന്നിരുന്നു. വിവാഹത്തിന് മുൻപ് നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു. ഇതിനിടെ ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. പിന്നീടാണ് വിവാഹം കഴിഞ്ഞത്.

തന്റെ നിറത്തെച്ചൊല്ലി അർജുൻ ആയങ്കിയുടെ അമ്മ നിരന്തരം പരിഹസിച്ചിരുന്നതായും ഫേസ്‌ബുക്ക് ലൈവിൽ അമല പറയുന്നുണ്ട്. വെളുത്ത് കഴിഞ്ഞാൽ അമ്മയ്ക്ക് ഇഷ്ടപ്പെടുമെന്ന് കരുതി ചികിത്സ വരെ തേടിയിരുന്നതായും ഗർഭഛിദ്രത്തിന് പോയപ്പോൾ ഡോക്ടറോട് സമ്മതമല്ലെന്ന് കരഞ്ഞുപറഞ്ഞതാണെന്നും അമല പറഞ്ഞു.

പ്രണയത്തിലാകുന്ന സമയത്ത് അർജുൻ ആയങ്കിയുടെ കൈയിൽ ഒരുരൂപപോലും ഉണ്ടായിരുന്നില്ല. ആത്മാർഥമായ പ്രണയമാണെന്നാണ് വിശ്വസിച്ചത്. അയാൾക്ക് ഹെഡ്സെറ്റ് പോലും വാങ്ങിനൽകിയത് താനാണ്. പലതവണ പണം നൽകി സഹായിച്ചിട്ടുണ്ട്. കാശിന് വേണ്ടിയാണ് സ്നേഹം കാണിക്കുന്നതെന്ന് അർജുൻ ആയങ്കിയുടെ സുഹൃത്ത് പോലും പറഞ്ഞിട്ടും വിശ്വസിച്ചിട്ടില്ല. ഇനി വിശ്വസിക്കുന്നുമില്ല. എന്നാൽ താൻ ഒരു ഭീകരജീവിയാണെന്നരീതിയിലാണ് ഭർത്താവ് ഇപ്പോൾ ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കുന്നതെന്നും അമല വെളിപ്പെടുത്തി.

സ്വർണക്കടത്തിനെക്കുറിച്ചും കുഴൽപ്പണത്തെക്കുറിച്ചുമെല്ലാം അർജുൻ ആയങ്കി പറഞ്ഞിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ തന്നെ പലരും മോശമാക്കി ചിത്രീകരിച്ചു. എന്നിട്ടും ഭർത്താവിനെ തള്ളിപ്പറഞ്ഞില്ല. അർജുൻ ആയങ്കിക്കെതിരേ മൊഴി കൊടുത്തിട്ടുമില്ല. കേസിനും ജാമ്യത്തിനുമെല്ലാം കൂടെനിന്നു. കേസിന്റെ എല്ലാകാര്യങ്ങളും നോക്കിയത് താനാണെന്നും അമല വെളിപ്പെടുത്തി.

അർജുൻ ആയങ്കിയുടെ അമ്മയും സഹോദരനും കാരണമാണ് ജീവിതം തകർന്നതെന്നാണ് അമലയുടെ ആരോപണം. ഒരിക്കൽ അർജുനൊപ്പം സിനിമ കാണാൻ പോയി. എന്നാൽ രാത്രി വീട്ടിൽ മടങ്ങിയെത്തിയതിന് ശേഷം അർജുൻ വീണ്ടും പുറത്തുപോയി. രാത്രി എട്ടുമണിക്ക് പോയിട്ട് പിറ്റേദിവസം ഒമ്പതുമണിക്കാണ് വന്നത്. കൈയിൽ ബിയറൊക്കെ ഉണ്ടായിരുന്നു. അത് ഞാൻ ഫ്രിഡ്ജിൽവെച്ചു. കഴുത്തിൽ ഉമ്മവെച്ചത് പോലെയുള്ള പാടുണ്ടായിരുന്നു. ചോദിച്ചപ്പോൾ കുഴൽപണവുമായി ബന്ധപ്പെട്ട ഇടപാടിന് പോയതാണെന്ന് പറഞ്ഞുവെന്നും വീഡിയോയിൽ ആരോപിക്കുന്നുണ്ട്.

ആദ്യ തവണ അർജുൻ ജയിലിൽ കിടന്ന സമയത്തെല്ലാം വീട്ടിൽ വലിയ പീഡനമാണ് അനുഭവിച്ചത്. ഇതെല്ലാം അർജുനോട് പറഞ്ഞിരുന്നു. തന്നേയും അർജുനേയും തമ്മിൽ തെറ്റിക്കാൻ ഏറ്റവും കൂടുതൽ പണിയെടുത്തത് അർജുൻ ആയങ്കിയുടെ സഹോദരനും അമ്മയുമാണ്. താൻ ആത്മഹത്യ ചെയ്താൽ അതിന്റെ പൂർണ ഉത്തരവാദിത്തം അർജുൻ ആയങ്കിയുടെ വീട്ടുകാരാണെന്ന് യുവതി പറയുന്നു.

തന്റെ കഴുത്തിൽ കിടക്കുന്ന താലി രണ്ടാമത്തെയാണ്. ആദ്യത്തെ താലി വിറ്റുവെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളത്. അതേക്കുറിച്ച് യാതൊരു ധാരണയുമില്ല. ഇവർ ഇരുവരും കാരണമാണ് തങ്ങളുടെ വിവാഹ ബന്ധം തകർന്നത്. എന്റെ മകന് വെളുത്ത സുന്ദരിയായ പെണ്ണിനെ കിട്ടുമെന്ന് പറഞ്ഞ് ടോർച്ചർ ചെയ്യുമായിരുന്നു. വെളുക്കാൻ വേണ്ടി ാെരു ക്ലിനിക്കിൽ ട്രീറ്റ്മെന്റിന് പോയിട്ടുണ്ടെന്നും യുവതി പറയുന്നു.

അർജുന്റെ സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് പ്രെഗ്‌നൻസി ടെസ്റ്റ് നടത്തിയത്. തുടർന്ന് തന്നെ അബോർഷൻ ചെയ്യാനായി കൊണ്ടുപോയി. അപ്പോൽ സമ്മതമല്ലെന്ന് പറഞ്ഞ് ഡോക്ടറുടെ മുന്നിൽ നിന്ന് കരഞ്ഞു. ഇവൻ ഇതിന് മുന്നേ ഇവിടെ വന്നിട്ടുണ്ട് മോളേ എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. കുഴൽപ്പണം, സ്വർണക്കടത്ത് എല്ലാം ചെയ്യുന്ന ആളാണെന്ന് അറിയാം. തന്നോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നും അമല പറയുന്നു.

കഴിഞ്ഞദിവസം അർജുൻ ആയങ്കി ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചുവെന്നത് ജീവിതത്തിൽ താൻ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നായിരുന്നു ആയങ്കിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇതിനുപിന്നാലെയാണ് ഭാര്യ അമലയും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ഗാർഹികപീഡനത്തിനോ മറ്റോ അമല ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് വിവരം.