- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാന്‍ സ്വദേശിയുടെ മെഷിന് തട്ടിയെടുത്ത കേസ്: പ്രതി അര്‍ജുന്‍ദാസിന് റൗഡി ഹിസ്റ്ററി ഷീറ്റ്; സ്ത്രീകളെ ആക്രമിച്ച കേസിലും വധശ്രമക്കേസിലും പ്രതി; രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു
അര്‍ജുന്‍ദാസിന് റൗഡി ഹിസ്റ്ററി ഷീറ്റ്
കോന്നി: രാജസ്ഥാന്‍ സ്വദേശിയെ വിശ്വാസവഞ്ചന കാട്ടി ചതിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ നാളെ വരെ കോടതി കോന്നി പോലീസ് കസ്റ്റഡിയില്‍ വിട്ടു. മലയാലപ്പുഴ താഴം കൃഷ്ണ നിവാസില്‍ ബി. അര്‍ജുന്‍ ദാസ്(41) ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ ജാന പോസ്റ്റില്‍ മന്‍ഗരാസി എന്ന സ്ഥലത്ത് താമസിക്കുന്ന ദാന്‍വര്‍ലാലിന്റെ മകന്‍ കിഷന്‍ലാലിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് തുമ്പമണ്ണിലെ ഭാര്യ വീടിനു സമീപത്തു നിന്നും പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പാറ പൊട്ടിക്കാനുള്ള യന്ത്ര സാമഗ്രികകള്‍ വാടകയ്ക്ക് എടുത്തിട്ട് വാടകയോ മെഷിനറിയോ തിരികെ നല്‍കിയില്ല എന്ന പരാതി പ്രകാരമെടുത്ത കേസിലാണ് പോലീസ് നടപടി.
ഈട്ടിമൂട്ടില്‍പടിയില്‍ പണിക്കായി മാസം ഒരു ലക്ഷം രൂപ വാടക നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2021 ഏപ്രിലിലാണ് ഇയാള്‍ മെഷിനറി എടുത്തു കൊണ്ടു പോയത്. കഴിഞ്ഞ മാസം വരെ വാടകയിനത്തില്‍ നല്‍കാനുള്ള ആറു ലക്ഷം രൂപയോ യന്ത്രസാമഗ്രികകളോ തിരിച്ചു കൊടുക്കാതെ വിശ്വാസവഞ്ചന കാട്ടുകയായിരുന്നു. തിരികെ ചോദിച്ചപ്പോള്‍ പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു. വ്യാപകമാക്കിയ അന്വേഷണത്തെ തുടര്‍ന്ന് പ്രമാടം തെങ്ങുംകാവ് മറൂരില്‍ മെഷീനറി സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.
പ്രതി കിഷന്‍ ലാലില്‍ നിന്നും ചതിച്ച് കൈവശപ്പെടുത്തിയ മെഷീനറികളില്‍ 11 എണ്ണം പിറ്റേന്ന് മറൂര്‍ പേഴും കാട്ടുമണ്ണില്‍ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. ഇവ കിഷന്‍ ലാലിനെ കാണിച്ച് തിരിച്ചറിഞ്ഞു. ഇവയുടെ ബില്ലുകളുടെ പകര്‍പ്പും പോലീസ് ബന്തവസിലെടുത്തു. കിഷന്‍ ലാലിന്റെ ഏക ഉപജീവനമാര്‍ഗമായ യന്ത്ര സാമഗ്രികകള്‍ ചതിച്ച് കൈക്കലാക്കിയ അര്‍ജുന്‍ ദാസ് വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടു കേസുകളിലും പ്രതിയാണ്. ഇതര സംസ്ഥാനക്കാരനായ വാദിയുടെ ജീവന് ഭീഷണി ഉയര്‍ത്തിയ പ്രതി ചതിച്ച് കൈക്കലാക്കിയ യന്ത്രസാമഗ്രികള്‍ തന്റെതാണെന്ന് കാണിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി.
യന്ത്രസാമഗ്രികളില്‍ പ്രതി ഒളിപ്പിച്ചു വച്ചിട്ടുള്ള പാനല്‍ ബോര്‍ഡ്, റാഡ് സെറ്റ്, വാട്ടര്‍ പമ്പ് സെറ്റ്, ചെമ്പ് കേബിളുകള്‍, ഡ്രില്ലിങ് മെഷീന്‍ തുടങ്ങി ചിലഇനങ്ങള്‍ കൂടി കണ്ടെത്തേണ്ടതുണ്ട്. അടൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ നിരന്തരം ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഇയാള്‍ക്കെതിരെ ഈ കോടതിയില്‍ മലയാലപ്പുഴ പോലീസ് ജൂണ്‍ 19 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണയിലാണുള്ളത്. അര്‍ജുന്‍ ദാസിനെതിരെ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്.
പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത മനപ്പൂര്‍വല്ലാത്ത നരഹത്യാശ്രമക്കേസിലും ദേഹോപദ്രവക്കേസുകളിലും ലഹളയുണ്ടാക്കിയ കേസിലും ഇയാള്‍ പ്രതിയാണ്. 107 സി ആര്‍ പി സി പ്രകാരമുള്ള നടപടിക്കും വിധേയനായിട്ടുണ്ട്. ദേഹോപദ്രവം ഏല്‍പ്പിച്ചതിന് അടൂര്‍ പോലീസ് സ്റ്റേഷനിലും, സ്ത്രീകളെ അപമാനിച്ചതിനും ദേഹോപദ്രവത്തിനും മറ്റും മലയാലപ്പുഴ സ്റ്റേഷനിലും കേസുകളില്‍ ഉള്‍പ്പെട്ടു. പന്തളം പോലീസ് എടുത്ത ഒരു കേസിലും പ്രതിയാണ്. അന്വേഷണത്തോട് സഹകരിക്കാത്തതിനാലും ഒളിപ്പിച്ച ബാക്കി മെഷീനറികള്‍ കണ്ടെത്തണ്ടതിനാലും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. പോലീസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ. വിമല്‍ രംഗനാഥ്, എസ്.സി.പി.ഓ രഞ്ജിത്, ജോസണ്‍ , അരുണ്‍, അല്‍സാം എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്