- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശക്തമായ മഴയില്‍ നീരൊഴുക്ക് കൂടി; പുഴയിലെ തിരച്ചില്‍ നിര്‍ത്തി; എട്ടാം ദിവസവും നിരാശ; നാളെ 'ഐബോഡ്' എത്തിച്ച് തിരച്ചില്‍ നടത്തും
അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനു വേണ്ടിയുള്ള തെരച്ചില്‍ വിഫലം. നാളെ 'ഐബോഡ്' സാങ്കേതിക സംവിധാനം ഉപയോഗിക്കുമെന്ന് റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയില്‍ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകള്‍ കണ്ടെത്തുന്ന ഉപകരണമാണ് 'ഐബോഡ്'. ഈ ഉപകരണം ഉപയോഗിച്ചായിരിക്കും നാളെ തെരച്ചില്‍ നടത്തുകയെന്ന് റിട്ട. മേജര്‍ ജനറല്‍ പറഞ്ഞു.
ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പക്കല്‍ നിന്നാണ് ഈ ഉപകരണം വാടകയ്ക്ക് എടുക്കുന്നത്. വെള്ളത്തിലും മഞ്ഞിലും പര്‍വതങ്ങളിലും തെരച്ചില്‍ നടത്താന്‍ ഈ ഉപകരണം ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. ഈ ഉപകരണത്തിന്റെ നിരീക്ഷണപരിധി 2.4 കിലോമീറ്ററാണ്. റേഡിയോ ഫ്രീക്വന്‍സിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. മണ്ണില്‍ പുതഞ്ഞ് പോയ വസ്തുക്കള്‍ 20 മീറ്റര്‍ ആഴത്തിലും, വെള്ളത്തിലും മഞ്ഞിലും 70 മീറ്റര്‍ ആഴത്തിലും കണ്ടെത്താമെന്ന് ക്വിക് പേ കമ്പനി വ്യക്തമാക്കുന്നുണ്ട്.
അതേസമയം, അര്‍ജുനായുള്ള ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. നദിയിലെ തെരച്ചിലില്‍ ഇന്നും ഒന്നും കണ്ടെത്താനായില്ല. മഴ കനത്തതോടെ ചൊവ്വാഴ്ചത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് പുഴയിലെ നീരൊഴുക്ക് വര്‍ധിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്. ബുധനാഴ്ച കൂടുതല്‍ യന്ത്രങ്ങളെത്തിച്ച് തിരച്ചില്‍ നടത്തുമെന്ന് കര്‍ണാടക എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ വ്യക്തമാക്കി.
ഗംഗവല്ലി പുഴയില്‍ സിഗ്നല്‍ ലഭിച്ച ഭാഗത്ത് മുങ്ങല്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ പുഴയിലെ തിരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വരുകയായിരുന്നു. തീരത്തോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് കൂടിക്കിടക്കുന്ന മണ്‍കൂനകള്‍ ഒഴുക്കി കളയാനുള്ള ശ്രമങ്ങളായിരുന്നു നടത്തിവന്നിരുന്നത്. ആഴത്തില്‍ തുരന്നുള്ള പരിശോധനയ്ക്കായി ബോറിങ് യന്ത്രവും എത്തിച്ചിരുന്നു.
അതേസമയം,രക്ഷാപ്രവര്‍ത്തനത്തില്‍ അതൃപ്തിയില്ലെന്ന് അര്‍ജുന്റെ കുടുംബം പ്രതികരിച്ചു. ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്നും അര്‍ജുനെ കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരണമെന്നും സഹോദരി അഞ്ജു ആവശ്യപ്പെട്ടു.
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര് മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.
സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഇടപ്പെടലുണ്ടായത് പ്രതീക്ഷ പകരുന്നതാണ്. വിഷയം ഗൗരവമാണെന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. നിലവിലെ സ്ഥിതി അറിയിക്കാനാണ് നിര്‍ദേശം. ബുധനാഴ്ച തന്നെ മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഹര്‍ജി പരിഗണിച്ചത്. കോടതി ഇടപ്പെടല്‍ തിരച്ചിലിന് ഊര്‍ജ്ജം പകരുമെന്നാണ് പ്രതീക്ഷ. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.