- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ സിപിഎം നേതാവിന്റെ മകന്റെ മോഷണം സ്ഥിരീകരിച്ച് പാർട്ടി ഏരിയാ സെക്രട്ടറി; അർജുൻ പ്രമോദിനെ ബാങ്കിൽ നിന്ന് പുറത്താക്കിയെന്ന് സിപിഎം; ഒരു തരി സ്വർണം പോലും മോഷ്ടിക്കപ്പെട്ടില്ലെന്ന് പ്രസ്താവന നടത്തിയ ബാങ്ക് പ്രസിഡന്റ് വെട്ടിലായി
പന്തളം: സർവീസ് സഹകരണ ബാങ്കിൽ നിന്ന് സിപിഎം മുൻ ഏരിയാ സെക്രട്ടറിയുടെ മകനായ ജീവനക്കാരൻ പണയ സ്വർണം മോഷ്ടിച്ചുവെന്ന് സ്ഥിരീകരിച്ച് സിപിഎം ഏരിയാ സെക്രട്ടറി ജ്യോതിലാൽ. ഒരു ചാനൽ ഈ വാർത്ത പുറത്തു വിട്ടതോടെ ജീവനക്കാരനെ പുറത്താക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അറിയിച്ചു. സിപിഎം പന്തളം ഏരിയാ കമ്മറ്റിയുടെ അടിയന്തിര യോഗം അടൂർ ഏരിയാ കമ്മറ്റി ഓഫീസിൽ ചേരുകയാണ്.
സിപിഎം പന്തളം മുൻ ഏരിയാ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഡ്വ. കെ.ആർ. പ്രമോദ്കുമാറിന്റെ മകനായ അർജുൻ പ്രമോദ് ആണ് സഹകരണ ബാങ്കിൽ നിന്ന് പണയ സ്വർണം 70 പവൻ മോഷ്ടിച്ച് നരിയാപുരത്തെ സ്വകാര്യ ബാങ്കിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടിയത്. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ ലോക്കർ തുറന്ന് പണയ സ്വർണം എടുത്തുകൊണ്ടു പോകുന്നത് വ്യക്തമായിരുന്നു. സംഭവം അറിഞ്ഞ് ബാങ്ക് ജീവനക്കാരും ഡയറക്ടർ ബോർഡ് അംഗങ്ങളും പ്രസിഡന്റും ചേർന്ന് സ്വർണം തിരികെ വയ്ക്കാൻ ആവശ്യപ്പെട്ടു. ജീവനക്കാരനും ബന്ധുക്കളും ചേർന്ന് അവരുടെ കൈവശമുണ്ടായിരുന്ന 35 പവൻ ബാങ്കിൽ കൊടുത്തു. ശേഷിച്ച സ്വർണം ഇന്നലെ നൽകാമെന്നാണ് പറഞ്ഞിരുന്നത്.
അതേ സമയം, ബാങ്കിൽ നിന്ന് ഒരു തരി സ്വർണം പോലും മോഷണം പോയിട്ടില്ലെന്നായിരുന്നു പ്രസിഡന്റ് ഇ. ഫസിലിന്റെ അവകാശവാദം. എന്നാൽ, അർജുൻ സ്വർണം മോഷ്ടിക്കുന്നത് സിസിടിവിയിൽ കണ്ടുവെന്നും തിരികെ വയ്ക്കാൻ നിർദ്ദേശം നൽകിയെന്നും പന്തളം ഏരിയാ സെക്രട്ടറി സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇതോടെ സിപിഎം ജില്ലാനേതൃത്വം വെട്ടിലായി. ബാങ്കിലെ മോഷണത്തിനെതിരേ സമരം നടത്തിയ ബിജെപി പ്രവർത്തകരെ ഇന്നലെ പൊലീസും സിപിഎം പ്രവർത്തകരും ചേർന്ന് മർദിച്ചൊതുക്കിയിരുന്നു. സമരം ചെയ്ത ബിജെപി-കോൺഗ്രസ് നേതാക്കൾക്കെതിരേ പൊലീസ് കേസുമെടുത്തു.
മോഷണം ന്യായീകരിക്കാൻ സിപിഎമ്മും ഡിവൈഎഫ്ഐയും ചേർന്ന് നടത്തിയ മുഴുവൻ ശ്രമങ്ങളും ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തലിൽ വൃഥാവിലായി. മോഷണം സിപിഎം ജില്ലാ സെക്രട്ടറിക്കും സമ്മതിക്കേണ്ടി വന്നു. ഇതോടെയാണ് അർജുൻ പ്രമോദിനെ പുറത്താക്കാൻ ജില്ലാ സെക്രട്ടറി നിർദ്ദേശം നൽകിയത്. മോഷണം നടന്നുവെന്ന കാര്യം വ്യക്തമായതോടെ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ അടക്കം പ്രതിക്കൂട്ടിലാകും. മോഷണ വിവരം വ്യക്തമായിട്ടും മറച്ചു വയ്ക്കാതിരുന്ന ബാങ്ക് സെക്രട്ടറി ഇൻ ചാർജ് അടക്കം കേസിൽ പ്രതികളാകും.
മോഷണ വിവരം സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരേയും അന്വേഷണം ഉണ്ടാകും. സിപിഎം ഭരിക്കുന്ന പത്തനംതിട്ട ജില്ലയിലെ ബാങ്കുകളിലെല്ലാം പാർട്ടി നേതാക്കൾ വൻ മോഷണമാണ് നടത്തുന്നത്. വയ്യാറ്റുപുഴ, സീതത്തോട്, മൈലപ്ര, പഴകുളം, ഓമല്ലൂർ, ചന്ദനപ്പള്ളി, കുമ്പളാംപൊയ്ക, നാരങ്ങാനം തുടങ്ങി നിരവധി ബാങ്കുകളിലെ തട്ടിപ്പുകൾ മറുനാടനാണ് പുറത്തു വിട്ടത്.