- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലകീഴായി കിടക്കുന്ന ട്രക്കിനുള്ളില്‍ അര്‍ജുനുണ്ടോ എന്ന് ആദ്യം സ്ഥിരീകരിക്കണം; ഗംഗാവലി നദിയുടെ അടിത്തട്ടിലേക്ക് ദൗത്യസംഘം ഊളിയിടും; ഇന്ന് നിര്‍ണായകദിനം
ഷിരൂര്‍: ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചിലില്‍ ഇന്ന് നിര്‍ണായക ദിനം. ഇന്ന് രാവിലെ പത്താംദിനത്തിലെ ദൗത്യം പുനരാരംഭിക്കും. രാവിലെ എട്ടുമണിയോടെ മണ്ണ് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം.
അര്ജുന് ഓടിച്ചിരുന്ന ഭാരത് ബെന്‍സിന്റെ ട്രക്ക് ഗംഗാവലി നദിയില്‍ കണ്ടെത്തിയിട്ടുണ്ട്. തലകീഴായി കിടക്കുന്ന ട്രക്കിനുള്ളില്‍ അര്ജുന് ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുക. ഇതിനായി ദൗത്യസംഘത്തിലെ സ്കൂബാ ഡൈവേഴ്സ് നദിയിലേക്ക് ഊളിയിടും. കാലാവസ്ഥ അടക്കം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ട്രക്ക് നദിയില്‍ തലകീഴായി മറിഞ്ഞ നിലയിലാണെന്ന് കാര്‍വാര്‍ എസ്.പി. നാരായണ പറഞ്ഞു. കരയില്‍നിന്ന് 20 മീറ്റര്‍ അകലെ നദിയില്‍ 15 മീറ്റര്‍ താഴ്ച്ചയിലാണ് ട്രക്ക് ഉള്ളതെന്നാണ് വിവരം.
ദൗത്യത്തിന് വിഘാതം സൃഷ്ടിക്കുംവിധത്തില്‍ മുകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുകയാണ് ആദ്യപടി. മണ്ണ് നീക്കാന്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വലിയ യന്ത്രം കൂടി വരുന്നതോടെ ഈ ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കും. മോശം കാലാവസ്ഥ അല്ലെങ്കില്‍ ഏഴുമണിയോടെയും ദൗത്യം ആരംഭിച്ചേക്കുമെന്നാണ് സൂചന.
നാവികസേനയുടെ മുങ്ങല്‍വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘത്തിനാണ് ഇന്ന് നിര്‍ണായക റോളുള്ളത്. കലങ്ങിമറിഞ്ഞ, ചെളിനിറഞ്ഞ നദിയുടെ അടിയിലേക്ക് പോവുക എന്നതാണ് നാവികസേനയ്ക്കു മുന്നിലെ വെല്ലുവിളി. മണ്ണുമാന്തി യന്ത്രങ്ങള്‍ മണ്ണ് നീക്കം ചെയ്യുന്നതിന് പിന്നാലെ ഇവര്‍ നദിയിലിറങ്ങും. ചെളിയില്‍ പുതഞ്ഞിരിക്കുന്ന വസ്തുക്കള്‍ എവിടെ, അവയുടെ സ്ഥാനം എവിടെ എന്ന് വ്യക്തമാക്കി തരുന്ന കരസേനയുടെ ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്‍സ് സംവിധാനവും എത്തിക്കും.
ഇത് ഒരു മണിയോടെ ഇത് പ്രവര്‍ത്തനസജ്ജമാകും. കനത്തമഴയും നദിയിലെ ഒഴുക്കും ദൗത്യത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പു വരുത്തികൊണ്ട് മാത്രമേ കാര്യങ്ങള്‍ മുന്നോട്ടു പോകുകയുള്ളൂ. അതേസമയം സ്ഥലത്തേക്ക് സൈന്യമൊഴികെ മറ്റാര്‍ക്കും ഇന്നും പ്രവേശനമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കാണാതായി ഒമ്പതാം ദിനത്തിലാണ് തിരിച്ചിലിന് ഒടുവില്‍ ലോറി കണ്ടെത്തിയ്ത. ഗംഗാവലി നദിയില്‍ ലോറി ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും കനത്ത മഴയും കാറ്റും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നത്തേക്ക് തുടര്‍പരിശോധന മാറ്റിയത്. അജുനെ കണ്ടെത്താന്‍ ആറു ദിവസമായി തുടരുന്ന തിരച്ചിലിനിടയിലാണ് നദിയില്‍ രൂപപ്പെട്ട മണ്കൂനക്കടിയില് ലോറി കണ്ടെത്തിയത്. ഈ മാസം 16നുണ്ടായ മണ്ണിടിച്ചിലില്‍ മലയാളി ഡ്രൈവര്‍ അകപ്പെട്ട വിവരം വെള്ളിയാഴ്ചയാണ് കേരള ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയെ അറിയിച്ചത്.
ലോറിയുടെ രൂപത്തില്‍ കണ്ട കോര്‍ഡിനേറ്റുകള്‍ അടയാളപ്പെടുത്തിയ ശേഷമാണ് സൈന്യം തിരച്ചില്‍ നിര്‍ത്തിയത്. നദിയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ ജില്ല പൊലീസ് മേധാവി നാരായണയും സ്ഥിരീകരിച്ചു.
അതിശക്തമായ മഴയും കാറ്റും വകവെക്കാതെ മൂന്ന് ബോട്ടുകളിലായാണ് നാവിക സേനയുടെ സ്കൂബ ഡൈവേഴ്സ് അടങ്ങുന്ന 18 അംഗ സംഘം നദിയിലേക്ക് ഇറങ്ങിയത്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്കരമാണ്. എത്രത്തോളം മണ്ണ് നദിയില്‍ ലോറിക്ക് മുകളിലുണ്ടെന്ന കാര്യത്തിലും വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവന്‍ മാറ്റിയാല്‍ മാത്രമേ ലോറി പുറത്തെടുക്കാന്‍ കഴിയുകയുള്ളു.
കര-നാവിക സേനകളും എന്‍.ഡി.ആര്.എഫ്, അഗ്നിരക്ഷാസേന, പൊലീസ് സംഘങ്ങള്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.