- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ത്തരുതെന്ന് കുടുംബം; തൃശ്ശൂരില്‍ നിന്നും ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമം; ഭരണകൂടം പിന്മാറുമ്പോള് അര്ജുന് കാണക്കയത്തില്‍
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ എങ്ങുമെത്താതെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കര്‍ണാടക ഭരണകൂടം ഇനിയും തിരച്ചില്‍ തുടരാന്‍ സാധിക്കില്ലെന്ന നിലപാടിലേക്കാണ് എത്തിച്ചേരുന്നത്. കാലാവസ്ഥയും പ്രതികൂലമായ അവസ്ഥയില്‍ ഇനി മുന്നോട്ടു പോക്ക് സാധ്യമല്ലെനനാണ് കാര്‍വാര്‍ ജില്ലാ ഭരണകടം വ്യക്തമാക്കുന്നത്. മാധ്യമങ്ങളുടെ ഇടപെടല്‍ കൊണ്ടാണ് ഇത്രയും സജീവമായ തിരച്ചില്‍ നടന്നതു തന്നെ. 13 ദിവസം പിന്നിട്ടതോടെ ഇനിയും തിരച്ചില്‍ മുന്നോട്ടു കൊണ്ടുപോകുക സാധ്യമല്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ കരുതുന്നത്.
അതേസമയം കേരള സര്‍ക്കാര്‍ തിരച്ചില്‍ തുടരണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. തെരച്ചില്‍ നിര്‍ത്തരുതെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു കഴിഞ്ഞു. ഒരു കാരണവശാലും തെരച്ചില്‍ നിര്‍ത്തരുതെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരണം. പെട്ടെന്ന് തെരച്ചില്‍ നിര്‍ത്തുക എന്നത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. സംസ്ഥാന സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.
അര്‍ജുനെ മാത്രമല്ല, ബാക്കി രണ്ട് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവര്‍ക്കായി തെരച്ചില്‍ തുടരണം. അവര്‍ ഇപ്പോള്‍ പിന്‍വാങ്ങിയതില്‍ ഒരു അനിശ്ചിതത്വം ഉണ്ട്. എത്ര കാലത്തേക്ക് എന്നറിയില്ല. കാലവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങള്‍ മറികടക്കാനുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരണം. മുന്‍പ് ലോറി കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ആരും പറയുന്നില്ല. അതില്‍ വിഷമം ഉണ്ടെന്നും സഹോദരി പറഞ്ഞു. എല്ലാവരുടേയും പിന്തുണയും സാന്നിധ്യവും ഉണ്ടായിരുന്നത് ഇനിയും വേണമെന്നും അര്‍ജുന്റെ കുടുംബം പറഞ്ഞു. 13 ദിവസമായിട്ടും അര്ജുന് എവിടെയാണെന്ന് അമ്മ ചോദിക്കുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.
അതിനിടെ, അര്‍ജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ താല്‍ക്കാലികമായാണ് നിര്‍ത്തിയതെന്നാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ തുടരാന്‍ തീരുമാനം ഉണ്ടായിട്ടുണ്ട്. എന്നാല്‍ തെരച്ചില്‍ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരില്‍ നിന്ന് കൊണ്ടുവരും. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. നദി അനുകൂലമായാല്‍ മാത്രം നാളെ പരിശോധന നടത്തുമെന്നും അറിയിപ്പിലുണ്ട്. തുടര്‍ നടപടികളും ഉന്നതതല യോഗം ചര്‍ച്ച ചെയ്തു. 24 മണിക്കൂറിനകം ഡ്രഡ്ജിംഗ് യന്ത്രം എത്തിക്കാമെന്ന് എം വിജിന് എംഎല്‍എ പറഞ്ഞു. എന്നാല്‍ പ്രായോഗിക പരിശോധനക്ക് ശേഷം മാത്രം എത്തിച്ചാല്‍ മതിയെന്നാണ് കര്‍ണാടകയുടെ മറുപടി.
കേരളത്തില്‍ നിന്ന് യന്ത്രം എത്തിച്ച് അത് പുഴയിലിറക്കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും തെരച്ചില്‍ വീണ്ടും ആരംഭിക്കുക. കാലാവസ്ഥ പൂര്‍ണ്ണമായി മാറി, തെളിഞ്ഞുനിന്നാല്‍ മാത്രമേ തെരച്ചില്‍ നടത്താന്‍ സാധിക്കൂ എന്നാണ് കാര്‍വാര്‍ എംഎല്‍എയുടെ വിശദീകരണം. എന്നാല്‍ 21ാം തീയതി വരെ ഇവിടെ മഴ പ്രവചനമുണ്ട്. ഇതുവരെയുള്ള 13 ദിവസങ്ങളില്‍ സാധ്യമായതെല്ലാം ചെയ്തു എന്നാണ് എംഎല്‍എ പറയുന്നത്.
രക്ഷാദൌത്യം നിര്‍ത്തിവെക്കരുതെന്നും തുടരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നിര്‍ദ്ദേശങ്ങള്‍ നല്കാന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.
അര്‍ജുനെ കണ്ടെത്തുന്ന ദൗത്യത്തില്‍ പങ്കെടുക്കാനായി തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന് ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലേക്ക് തിരിക്കും. കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ബാര്‍ജ് നദിയില്‍ ഉറപ്പിച്ച് നിര്‍ത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഓപ്പറേറ്റര്‍മാര്‍ പോകുന്നത്. ഹിറ്റാച്ചി ബോട്ടില്‍ കെട്ടി നിര്‍മ്മിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്. കോള്‍പ്പടവുകളില്‍ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് വാങ്ങി നല്കിയ ഈ മെഷീന് ഇപ്പോള്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ കൈയ്യിലാണുള്ളത്. 18 മുതല്‍ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കര്‍ ചെയ്യാന്‍ പറ്റുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത.
അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് കര്‍ണ്ണാടക കളക്ടര്‍ തൃശൂര്‍ കളക്ടറോട് വിവരം തേടിയിരുന്നു. കുത്തൊഴുക്കുള്ള പുഴയില്‍ യന്ത്രം പ്രവര്ത്തിപ്പിക്കാനാവുമോ എന്നാണ് പരിശോധിക്കുന്നത്. അതിനായാണ് ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലേക്ക് പോകുന്നത്.