- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഞാന്‍ വരുന്നത് ഗോവയില്‍ നിന്നു; അവിടെ കടല്‍ തിരയില്‍ ആഞ്ഞടിക്കുന്നത് ചൂടു കാറ്റ്; പാപനാശത്തേത് തണുത്ത കാറ്റും! വര്‍ക്കലയ്ക്ക് വിനോദ സഞ്ചാര ഭൂപടത്തില്‍ സാധ്യതകള്‍ ഏറെ; ആദ്യ വരവില്‍ തന്നെ ആ 'ടിപ്സ്' പറഞ്ഞു കൊടുത്ത് ഗവര്‍ണര്‍; വര്‍ക്കല ബീച്ചിലെ 'കൂള്‍' കാലാവസ്ഥയില്‍ ഹരം പിടിച്ച് അര്‍ലേക്കറും കുടുംബവും
തിരുവനന്തപുരം: ഗോവക്കാരനാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. എങ്ങും കടലുള്ള നാട്. വര്‍ക്കലയില്‍ എത്തിയ അര്‍ലേക്കര്‍ അതുകൊണ്ട് തന്നെ അതിവേഗം ഒരു മാറ്റം തിരിച്ചറിഞ്ഞു. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിലുള്ളവര്‍ക്ക് ടിപ്‌സും നല്‍കിയാണ് അര്‍ലേക്കര്‍ വര്‍ക്കല വിടുന്നത്. ശിവഗിരിയില്‍ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ എത്തിയത് സകുടുംബമായിരുന്നു. അദ്ദേഹത്തിന്റെ പത്‌നി അനഘ അര്‍ലേക്കര്‍ വിശിഷ്ടാതിഥിയായി വേദിയിലും മകന്‍ അമോഗ് അര്‍ലേക്കര്‍, മകന്റെ ഭാര്യ വരദ മറാത്തേ എന്നിവര്‍ സദസിലുമുണ്ടായിരുന്നു.
ഉദ്ഘാടന ചടങ്ങിന് ശേഷം പാപനാശം ബീച്ചിലെത്തിയ കുടുംബം സന്ദര്‍ശകരും ലൈഫ് ഗാര്‍ഡുകളുമായും സംസാരിക്കുകയും ചിത്രം എടുക്കുകയും ചെയ്തു. തന്റെ ജന്മനാടായ ഗോവയിലെ കടല്‍തീരങ്ങളില്‍ ചൂടുകാറ്റാണ് ഉണ്ടാകാറുള്ളതെന്നും വര്‍ക്കയിലെത്തുന്നവര്‍ മനോഹരമായ പാപനാശം തീരം കാണാതെ പോകരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്താണ് പാപനാശത്തെ പ്രത്യേകതയെന്ന് പറയുകയാണ് ഗവര്‍ണര്‍. കാറ്റിന് ഗോവയിലെ ചൂടില്ല. ഇത് കൃത്യമായി ഉയര്‍ത്തി പിടിച്ചാല്‍ തന്നെ വര്‍ക്കലയുടെ പ്രസക്തി കൂടുമെന്ന് പറഞ്ഞു വയ്ക്കുകയാണ് ഗവര്‍ണര്‍. കടല്‍ തീരത്ത് ഏറെ നേരം അര്‍ലേക്കര്‍ പറഞ്ഞു. വര്‍ക്കല ബീച്ചിലെ തണുത്ത കാറ്റ് അര്‍ലേക്കറിനേയും അത്ഭുതപ്പെടുത്തിയെന്നതാണ് വസ്തുത.
ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴി കാട്ടിയാണ് ഗുരുദേവ ദര്‍ശനമെന്ന സന്ദേശമാണ് ശിവഗരിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നല്‍കിയത്. ഗുരുവിന്റെ സന്ദേശം ശാശ്വത സത്യമാണ്. ഗുരുദര്‍ശനം കേരളത്തിന്റെയോ ഇന്ത്യയുടെയോ അതിരുകളില്‍ ഒതുങ്ങുന്നതല്ലെന്നും, അത് സമസ്ത ലോകത്തിന്റേതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ശിവഗിരിയില്‍ സംഘടിപ്പിച്ച 171-മത് ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ഗവര്‍ണര്‍ പദത്തിലെത്തി ആദ്യ വര്‍ഷം തന്നെ ശിവഗിരിയിലെ നിര്‍ണ്ണായക സമ്മേളനത്തില്‍ ഉദ്ഘാടന പദവി ഗവര്‍ണ്ണറെ തേടിയെത്തിയെന്നതാണ് വസ്തുത.
ബിജെപിയുടെ നേതാവായിരുന്ന രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരളത്തിന്റെ 23-ാമത് ഗവര്‍ണറാണ്. മുമ്പ് ബീഹാറിന്റെ 29-ാമത് ഗവര്‍ണറായും ഹിമാചല്‍ പ്രദേശിന്റെ 21-ാമത് ഗവര്‍ണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോവ സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായും ഗോവ നിയമസഭയുടെ മുന്‍ സ്പീക്കറായും രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടക്ക കാലം മുതല്‍ തന്നെ ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാളാണ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. 1989-ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ അംഗമായ അദ്ദേഹം 1980 മുതല്‍ ഗോവ ബിജെപിയില്‍ സജീവ സാന്നിധ്യമായിരുന്നു.
വര്‍ഷങ്ങളായി ബിജെപിയുടെ ഗോവ യൂണിറ്റിന്റെ ജനറല്‍ സെക്രട്ടറി, ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ഗോവ സംസ്ഥാന പട്ടികജാതി, പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി ചുമതലകള്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ബിജെപിയുടെ സൗത്ത് ഗോവ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ല്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായി മനോഹര്‍ പരീക്കര്‍ മാറിയപ്പോള്‍ ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചവരില്‍ അര്‍ലേക്കറും ഉണ്ടായിരുന്നു. എന്നാല്‍, ലക്ഷ്മികാന്ത് പര്‍സേക്കറിനെയാണ് ബിജെപി തെരഞ്ഞെടുത്തത്.
ഗോവ നിയമസഭ കടലാസ് രഹിതമാക്കാനുള്ള നീക്കത്തിന് തുടക്കമിട്ടത് അര്‍ലേക്കറായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന നിയമസഭയായി ഗോവ മാറിയിരുന്നു. 2015ല്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പരിസ്ഥിതി, വനം മന്ത്രിയായി അദ്ദേഹം നിയമിതനായി. 2021 ജൂലൈ 6-ന്, ബന്ദാരു ദത്താത്രേയയുടെ പിന്‍ഗാമിയായി അര്‍ലേക്കര്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് ഗോവയെന്ന കമര്‍മ്മപഥം അര്‍ലേക്കര്‍ വിട്ടത്.
ശിവഗിരിയില്‍ ഗവര്‍ണ്ണര്‍ പറഞ്ഞത്
കുരുക്ഷേത്ര യുദ്ധഭൂമിയില്‍ ബന്ധുക്കളോട് യുദ്ധം ചെയ്യുന്നതില്‍ ആശയക്കുഴപ്പത്തിലായ അര്‍ജുനനെ ശ്രീകൃഷ്ണന്‍ ധര്‍മ്മത്തിന്റെ പാതയിലേക്ക് നയിച്ചത് പോലെ, ഗുരുദേവനും സമൂഹത്തിന്റെ ആശയക്കുഴപ്പം നീക്കി ധാര്‍മിക സന്ദേശം നല്‍കി.'യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത' എന്ന ദിവ്യാശ്വാസത്തിന്റെ ജീവനുള്ള പ്രതീകമായിരുന്നു ഗുരുദേവന്‍. ധര്‍മ്മം ആക്രമിക്കപ്പെടുമ്പോഴും സംസ്‌കാരം തകര്‍ക്കപ്പെടുമ്പോഴും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ഘട്ടംവരും. അത്തരം ഘട്ടങ്ങളില്‍ ഭഗവാന്‍ അവതരിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. അങ്ങനെ ഭഗവാന്റെ അവതാരമായാണ് ശ്രീനാരായണഗുരു വന്നിട്ടുള്ളത്.ഗുരുവിന്റെ സന്ദേശങ്ങള്‍ ചടങ്ങുകളിലും വാക്കുകളിലും ഒതുക്കുകയല്ല, മറിച്ച് ജീവിതത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടത്.
തികഞ്ഞ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു ഗുരു. അനീതിയും അനാചാരങ്ങളും ചോദ്യം ചെയ്ത് സമത്വവും മാനവികതയും എല്ലാവര്‍ക്കും മാന്യതയും ഉറപ്പിച്ചതാണ് ഗുരുവിന്റെ മഹത്തായ സേവനം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ ആരാധനയ്ക്കും ആത്മീയ ഉന്നമനത്തിനും അവകാശമുണ്ടെന്ന് ഗുരുദേവന്‍ ബോദ്ധ്യപ്പെടുത്തി. മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ധര്‍മ്മം നമ്മെ ഒന്നിപ്പിക്കുന്നു. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്ന ഗുരുവിന്റെ സന്ദേശം സഹജീവനത്തിന്റെ ആധാരമാണ്.ഗുരുവിന്റെ കരുണ മനുഷ്യരിലൊതുങ്ങിയിരുന്നില്ല, മൃഗങ്ങളിലേക്കും വൃക്ഷങ്ങളിലേക്കും നദികളിലേക്കും പ്രകൃതിയുടെ മുഴുവന്‍ ലോകത്തിലേക്കും വ്യാപിച്ചിരുന്നു. സമഗ്രവും കരുണാഭരിതവുമായ സമൂഹം സൃഷ്ടിക്കാനുള്ള ദര്‍ശനം ഗുരുവിനുണ്ടായിരുന്നു. അത് തന്നെയാണ് നമ്മുടെ ജനാധിപത്യത്തിന്റെയും ഭാരതീയ സംസ്‌കാരത്തിന്റെയും ആത്മാവെന്നും ഗവര്‍ണര്‍ പറഞ്ഞു.