ന്യൂഡൽഹി: ചൈനയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ പ്രതിരോധ സേനക്ക് ഊർജം പകർന്ന് 120 പ്രലേ ബാലിസ്റ്റിക് മിസൈലുകൾ വാങ്ങുന്നതിന് കേന്ദ്രം അനുമതി നൽകി. ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്ന് സൈനിക സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പ്രലേ ബാലിസ്റ്റിക് മിസൈലുകൾ ഉടൻ അതിർത്തി കാക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ പ്രധാന ആയുധമാകും. ഇന്ത്യ-ചൈന അതിർത്തിയിൽ ഈ മിസൈൽ വിന്യസിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.

അരുണാചൽ പ്രദേശിലെ തവാങ് മേഖലയിൽ ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുകയാണ് പ്രധാന ലക്ഷ്യം. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാക്, ചൈന അതിർത്തിപ്രദേശങ്ങളിലാണ് ഇവ വിന്യസിക്കുക. തദ്ദേശീയമായി വികസിപ്പിച്ച പുതു തലമുറ ഭൂതല-ഉപരിതല മിസൈലുകളാണിവ.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) കഴിഞ്ഞ വർഷം ഡിസംബറിൽ തദ്ദേശീയമായി വികസിപ്പിച്ച പ്രലേ മിസൈലിന്റെ കന്നി പരീക്ഷണം വിജയകരമായിരുന്നു. വ്യോമസേനക്കും നാവികസേനക്കും മിസൈലുകൾ നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു .

'പ്രലേ' എന്ന വജ്രായുധത്തെ അറിയാം

ഖര ഇന്ധനത്തെ അടിസ്ഥാനമാക്കിയാണ് ഡി.ആർ.ഡി.ഒ ഈ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ചത്.സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറും നിരവധി പുത്തൻ സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് പ്രലെ പ്രവർത്തിക്കുന്നത്. മിസൈൽ ഗൈഡൻസ് സംവിധാനത്തിൽ അത്യാധുനിക നാവിഗേഷൻ സംവിധാനവും സംയോജിത ഏവിയോണിക്‌സും ഉൾപ്പെടുന്നു.

150 മുതൽ 500 കി.മീറ്റർ വരെ ദൂരപരിധിയിൽ ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് പ്രലേ തൊടുക്കാനാകും. മണിക്കൂറിൽ 2000 കി.മീറ്ററാണ് ഇതിന്റെ വേഗത. കൂടാതെ ഇൻഫ്രാറെഡ് അല്ലെങ്കിൽ തെർമൽ സ്‌കാനറും സജ്ജീകരിച്ചിരിട്ടുണ്ട്. ഇതിലൂടെ ശത്രുവിന്റെ ലക്ഷ്യങ്ങളെ രാത്രിയിലും ആക്രമിക്കാം.

നിയന്ത്രണ രേഖയിലെ വെല്ലുവിളികളിൽ ഇന്ത്യയുടെ വജ്രായുധമാണ് പ്രലേ ബാലിസ്റ്റിക് മിസൈൽ. ചൈനയുടെ ഏത് അതിക്രമത്തിനും മറുപടി നൽകാൻ ഈ ഹോളോകോസ്റ്റ് മിസൈലിന് കഴിയും. ചൈനക്കെതിരെ ഇത് വളരെ അനുയോജ്യമായ ആയുധമാണെന്ന് സൈന്യം വിശ്വസിക്കുന്നു.

പ്രലേ ബാലിസ്റ്റിക് മിസൈലിന്റെ ആക്രമണത്തിന് മറുമരുന്ന് ഇല്ലെന്നതാണ് പ്രത്യേകത. ഇന്റർസെപ്റ്റർ മിസൈലിന് പോലും ഇതിന്റെ ആക്രമണം തടയാൻ കഴിയില്ല. വായുവിൽ ഒരു നിശ്ചിത ദൂരം സഞ്ചരിച്ചതിന് ശേഷം പാത മാറ്റാൻ കഴിയുമെന്നതാണ് ഇതിന് കാരണം. മാത്രമല്ല, മൊബൈൽ ലോഞ്ചറിൽ നിന്നും ഇത് തൊടുക്കാൻ സാധിക്കും. ലക്ഷ്യങ്ങളെ പൂർണ്ണമായും നശിപ്പിക്കാനുള്ള കഴിവ് മിസൈലിന് ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.