ചേർത്തല: മൃതദേഹം സംസ്‌ക്കരിക്കുന്നത് ശവപ്പെട്ടി ഒഴിവാക്കി പ്രശസ്ത പള്ളിയായ അര്ത്തുങ്കൽ സെന്റ് ജോർജ്ജ് പള്ളി. ശവപെട്ടിയിൽ സംസ്‌ക്കരിക്കുമ്പോൾ മൃതദേഹം അഴുകാൻ കാലതാമസം എടുക്കുന്ന സാഹചര്യത്തിലാണ് ഈ രീതി അവലംബിച്ചിരിക്കുന്നത്. പുതിയ മാർഗ്ഗത്തിൽ മൃതദേഹം യഹൂദ രീതിയിൽ തുണിക്കച്ചയിൽ പൊതിഞ്ഞു ശവപ്പെട്ടി ഒഴിവാക്കി മണ്ണിൽ സംസ്‌കരിക്കുന്ന രീതിയാണ് പള്ളിയിൽ നടപ്പാക്കിയത്.

കഴിഞ്ഞദിവസവും ഇന്നലെയും നടന്ന സംസ്‌കാരച്ചടങ്ങുകൾ ഇതേ രീതിയിലായിരുന്നു. കൊച്ചി രൂപതയിലെ പള്ളിയാണ് അർത്തുങ്കലിലേത്. ശവപ്പെട്ടിയിൽ മൃതദേഹം സംസ്‌കരിക്കുമ്പോൾ പ്ലാസ്റ്റിക് ആവരണങ്ങൾ ഉപയോഗിക്കുന്നതിനാൽ വർഷങ്ങൾ കഴിഞ്ഞാലും മൃതദേഹം മണ്ണിനോടു ചേരാതെ വരുന്നതിനാലാണു പുതിയ രീതി സ്വീകരിച്ചത്. അഞ്ചുവർഷങ്ങൾക്ക് മുൻപ് പെട്ടിയിൽ അടക്കം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ദ്രവിക്കാതെ കണ്ടതിനെ തുടർന്നാണു വികാരി ഫാ. ജോൺസൺ തൗണ്ടിയിൽ ഈ ആശയം അവതരിപ്പിച്ചത്.

.ചുള്ളിക്കൽ ഫിലോമിന പീറ്ററുടെ സംസ്‌കാരമാണ് ആദ്യമായി ഈ രീതിയിൽ നടത്തിയത്. തീരദേശമണ്ണിലെ ഉപ്പിന്റെ അംശം മൃതദേഹം ജീർണിക്കുന്നതു വൈകിക്കാറുണ്ട്. ഈ സാഹചര്യത്തിൽ വികാരി ഫാ ജോൺസൺ തൗണ്ടയിലാണ് പുതിയ ആശയത്തിനു രൂപം കൊടുത്തത്. വിവിധ തലങ്ങളിൽ ഒരു വർഷത്തോളമായി നടന്ന ചർച്ചകൾക്കൊടുവിലാണ് പുതിയ രീതിക്ക് തുടക്കം കുറിച്ചത്.

അർത്തുങ്കൽ ഇടവകയിലെ 949 കുടുംബങ്ങളുടെയും അഭിപ്രായം തേടിയിരുന്നു. 33 കുടുംബയൂണിറ്റിലും ചർച്ച ചെയ്ത് ആശങ്ക പരിഹരിച്ചാണ് പുതിയ രീതി നടപ്പാക്കിയത്. പാസ്റ്ററൽ കൗൺസിലിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. പ്രകൃതിയോടിണങ്ങുന്നത് എന്നതിലുപരിയായി ഈ മാറ്റത്തിലൂടെ ചെലവ് കുറയ്ക്കാൻ കഴിയുമെന്നതും പ്രധാനപ്പെട്ട കാര്യമാണ്. വൻതുക മുടക്കിയാണ് ആളുകൾ ശവപ്പെട്ടികൾ വാങ്ങുന്നത്. എല്ലാ പെട്ടികൾക്കും പ്ലാസ്റ്റിക് ആവരണവുണ്ടാകും.

മരണാനന്തര ശുശ്രൂഷകൾക്കായി പള്ളിയിൽ സ്റ്റീൽ പെട്ടികൾ തയാറാക്കിയിട്ടുണ്ട്. ഇത് മരണം നടക്കുന്ന വീടുകളിലേക്കു നൽകും. സെമിത്തേരിയിൽ കുഴിവെട്ടി അതിൽ തുണി വിരിച്ച് പൂക്കൾ വിതറിയാണ് തുണിയിൽ പൊതിഞ്ഞ മൃതദേഹം അടക്കുക. എല്ലാത്തരം പ്ലാസ്റ്റിക്കും സംസ്‌കാരത്തിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂട്ടായ തീരുമാനത്തിലൂടെയാണ് പുതിയ രീതി നടപ്പാക്കിയതെന്ന് സെൻട്രൽ കമ്മിറ്റി കൺവീനറും ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ടോമി ഏലശ്ശേരി പറഞ്ഞു.