- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മിത ബുദ്ധിയിൽ കോടതിനടപടികൾ തത്സമയം തനിയെ കേട്ടെഴുതി കാണിച്ച് സുപ്രീംകോടതി; ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ കേരള ഹൈക്കോടതി ഉത്തരവിന്റെ മലയാള പരിഭാഷ; കോടതികളും സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് സാധാരണക്കാരിലേക്ക് അടുക്കുന്നു; ലൈവ് സ്ട്രീമുകൾക്കൊപ്പം സുതാര്യത കൂടുമ്പോൾ
ന്യൂഡൽഹി: സാധാരണക്കാരിലേക്ക് കൂടുതൽ അടുക്കാൻ നീതിന്യായ കോടതികൾ. സുപ്രീം കോടതിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (നിർമ്മിതി ബുദ്ധി-എഐ) പാതയിൽ നീങ്ങുന്നത് കൂടുതൽ സുതാര്യമാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കോടതിനടപടികൾ തത്സമയം തനിയെ കേട്ടെഴുതുന്ന (ട്രാൻസ്‌ക്രൈബ്) എഐ സാങ്കേതികവിദ്യ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ കോടതിമുറിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി.
കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള ചരിത്ര തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതിയും ചർച്ചകളിൽ എത്തി. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് മലയാളത്തിൽ കോടതിവിധി എഴുതിയത്. രണ്ടു ഉത്തരവുകളാണ് പരീക്ഷണ അടിസ്ഥാനത്തിൽ മലയാളത്തിൽ പുറത്തിറക്കിയത്. രാജ്യത്തെ ഹൈക്കോടതികളിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി. ഇതിനൊപ്പമാണ് സുപ്രീംകോടതിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗവും.
സുപ്രീംകോടതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്താൽ പ്രവർത്തിക്കുന്ന കോടതി മുറികളിൽ ജഡ്ജിമാരും കക്ഷികളും മൈക്കിലൂടെ പറയുന്ന ഓരോ വാക്കും സ്‌ക്രീനിൽ തൽസമയം എഴുതിക്കാണിക്കും. അനാവശ്യ വ്യാഖ്യാനങ്ങളിലൂടെ കോടതിയെ വിവാദത്തിലാക്കുന്നത് തടയുകയാണ് ലക്ഷ്യം. ഭാവിയിൽ ഇത് തർജ്ജമ ചെയ്ത് എല്ലാ ഭാഷക്കാർക്കും മനസ്സിലാകുന്ന രീതിയിലേക്ക് മൊഴി മാറ്റവും ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ജനങ്ങളുമായി കൂടുതൽ അടുക്കാനാണ് നീക്കം. വിധി പകർപ്പുകൾ പ്രാദേശിക ഭാഷയിലാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കും. ശിവസേനയുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസുകളാണ് സോഫ്റ്റ്‌വെയർ ആദ്യമായി പകർത്തിയെഴുതിയത്.
നൊമോളജി ടെക്‌നോളജി എന്ന ബെംഗളൂരു കമ്പനിയുടെ 'ടെരസ്' എന്ന നാച്വറൽ ലാംഗ്വിജ് പ്രോസസിങ് പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. സോഫ്റ്റ്‌വെയർ തത്സമയം തയാറാക്കുന്ന ആദ്യപതിപ്പിനു 90% കൃത്യതയാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ജീവനക്കാർ അപ്പോൾ തന്നെ തിരുത്തലുകൾ വരുത്തി 100% കൃത്യത ഉറപ്പാക്കും. വിഡിയോയുമായി ഒത്തുനോക്കി അഭിഭാഷകർക്കും മറ്റും തിരുത്തുകൾ നിർദ്ദേശിക്കാം. ഇതിലൂടെ കോടതി നടപടി ക്രമം വേഗത്തിൽ രേഖകളിലേക്ക് മാറും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കൃത്യതയ്ക്കായി ഒരേ സമയത്ത് 2 പേർ സംസാരിക്കുന്നത് ഒഴിവാക്കണം. ഇനി അങ്ങനെയുണ്ടായാലും ജീവനക്കാർ ആവശ്യമായ തിരുത്തലുകൾ വരുത്തും. വാദങ്ങൾ സുപ്രീം കോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും ദേശീയ പ്രാധാന്യമുള്ള കൂടുതൽ കേസുകൾ ലൈവ്‌സ്ട്രീം ചെയ്യാനും ആലോചനയുണ്ട്. ഇതിലൂടെ ജനങ്ങളിലേക്ക് കൂടുതൽ അടുക്കാനാണ് സുപ്രീംകോടതി തീരുമാനം.
ചീഫ് ജസ്റ്റിസ് എം മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവാണ് മലയാളത്തിലാക്കി കേരള ഹൈക്കോടതി വെബ്‌സൈറ്റിൽ ആദ്യം അപ്ലോഡ് ചെയ്തിരിക്കുന്നത്. വാഹന വായ്പ, കൂടരഞ്ഞി പഞ്ചായത്തിലെ ചെക്ക് ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട കേസുകളിലാണ് മലയാളത്തിൽ പ്രസിദ്ധീകരിച്ച ഉത്തരവുകൾ. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് മലയാള പരിഭാഷ തയാറാക്കിയത്. അതുകൊണ്ടുതന്നെ മലയാളി പൊതുസമൂഹം സാധാരണ ജീവിതത്തിൽ ഉപയോഗിക്കാത്ത, മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ചില പദപ്രയോഗങ്ങളും വാക്കുകളും ഉത്തരവിൽ കടന്നുകൂടിയിട്ടുണ്ട്. പകർപ്പുകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് ഒത്തുനോക്കി പരിശോധിക്കുന്നുണ്ട്.
ഇംഗ്ലീഷ് ഭാഷയിൽ നിന്ന് തർജമ ചെയ്യുന്നതിനാൽ ചിലയിടങ്ങളിലൊക്കെ ഒരൊറ്റ സെന്റൻസ് വലിയൊരു പാരഗ്രാഫാണ്. അതേസമയം, ഉത്തരവ് മലയാളത്തിൽ പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതി ഉത്തരവുകൾ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശിക ഭാഷയിൽ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടുത്തിടെ നിരീക്ഷിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായി കേരളാ ഹൈക്കോടതിയാണ് ഈ മാറ്റം അംഗീകരിച്ചു രണ്ടു ഉത്തരവുകൾ മലയാളത്തിലാക്കി പുറത്തിറക്കിയത്. കോടതി വിധിന്യായങ്ങൾ വായിച്ചു മനസിലാക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് ഉത്തരവുകൾ പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത്.
ഓരോ വർഷവും ഒരു ലക്ഷം കേസുകൾ വരെ കേരള ഹൈക്കോടതിയിൽ തീർപ്പാക്കപ്പെടുന്നു. ഹൈക്കോടതി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മുൻ ഉത്തരവുകൾ വിവർത്തനം ചെയ്യുക എന്ന മഹത്തായ ജോലിയും ഏറ്റെടുക്കേണ്ടതുണ്ട്, ഇതിന് കൂടുതൽ മനുഷ്യശക്തിയും ഫണ്ടും ആവശ്യമാണ്. ഹൈക്കോടതി മുന്നോട്ടുവെച്ച പ്രചോദനപരമായ ഈ മാതൃക, വിധികൾ അവരുടെ പ്രാദേശിക ഭാഷയിൽ ലഭ്യമാകുന്നതോടെ പൗരന്മാരെ, പ്രത്യേകിച്ച് താഴേത്തട്ടിലുള്ളവരെ, ശാക്തീകരിക്കുമെന്ന് കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തു. ഭാഷാ ശാക്തീകരണത്തിലേക്കുള്ള ഈ ചരിത്രപരമായ ചുവടുവെപ്പ് നമുക്ക് ആഘോഷിക്കാം,'' അദ്ദേഹം ട്വീറ്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ