ലണ്ടൻ: ആഫ്രിക്കയിലെയും ഏഷ്യയിലെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർക്ക് യു കെയിലും യൂറോപ്പിലും വിസ നിഷേധിക്കുന്നത് വർദ്ധിച്ചു വരുന്നതിൽ ഗായകർ, എഴുത്തുകാർ, പ്രൊഡ്യൂസർമാർ, ഫെസ്റ്റിവൽ മാനേജർമാർ എന്നിവർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണ്. സാംസ്‌കാരിക വൈവിധ്യത്തിനെതിരെയുള്ള നടപടിയാണ് ഇതെന്ന് അവർ പറയുന്നു. കഴിഞ്ഞ വർഷം മാത്രം നിഷേധിക്കപ്പെട്ട, ഇത്തരം വിസ അപേക്ഷകളിൽ നിന്നും ഫീസ് ഇനത്തിൽ ബ്രിട്ടന് 44 മില്യൻ പൗണ്ട് ലഭിച്ചു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യൂറോപ്യൻ യൂണിയന് ലഭിച്ചത് 130 മില്യൻ യൂറോ (110 മില്യൻ പൗണ്ട്) ആണ് എന്നും കണക്കിൽ പറയുന്നു.

ഹ്രസ്വകാല സന്ദർശനത്തിനെത്തുന്നവർക്കുള്ള യു കെ വിസയുടെ ഫീസ് 2023 ഒക്ടോബറിൽ 100 പൗണ്ടിൽ നിന്നും 115 പൗണ്ട് ആക്കി ഉയർത്തിയിരുന്നു. അതു പോലെ യൂറോപ്യൻ യൂണിയൻ വിസയ്ക്കുള്ള ചാർജ്ജ് 80 യൂറോയിൽ നിന്നും 90 യൂറോ ആയും വർദ്ധിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ വിസ ഫീസ് ഇനത്തിൽ ഈ വർഷം കൂടുതൽ തുക ലഭിക്കും എന്നത് ഉറപ്പാണ്. ഇത്രയും ഉയർന്ന ഫീസ് ഈടാക്കുമ്പോഴും, വിസ അപേക്ഷ നിരസിക്കപ്പെട്ടാൽ അത് തിരികെ ലഭിക്കില്ല എന്നതാണ് വസ്തുത.

ഇത്രയും വലിയ, തിരിച്ചു നൽകേണ്ടതില്ലാത്ത തുക ഈടാക്കുന്നത് അതിക്രമമാണെന്നാണ് ഘാനിയൻ - സ്‌കോട്ടിഷ് എഴുത്തുകാരനായ ലെസ്ലി ലോക്കോ പറയുന്നത്. പലപ്പോഴും, ഇത്രയും തുക അടയ്ക്കാൻ കഴിവില്ലാത്തവരായിരിക്കും, ഈ തുക അടക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിസ കൂടുതലായി നിരസിക്കപ്പെടുന്നത് ആഫ്രിക്കൻ വംശജർക്കാണ്. 40 ശതമാനം മുതൽ 70 ശതമാനം വരെ ആഫ്രിക്കൻ വംശജരുടെ അപേക്ഷകളാണ് നിരസിക്കപ്പെടുന്നത്. ആർട്ട്‌സ് ആൻഡ് മൈഗ്രേഷൻ റിസർച്ച് ഗ്രൂപ്പായ ലാഗോ കളക്ടീവിന്റെ വിശകലന റിപ്പോർട്ടിലാണ് ഈ വസ്തുതയുള്ളത്.

ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും ഉള്ള കലാകാരന്മാർക്ക് വിസ നിഷേധിക്കുന്നത് പരോക്ഷമായ വർണ്ണ വിവേചനമാനെന്ന് ബ്രിട്ടീഷ് കവിയും ബ്രോഡ്കാസ്റ്ററുമായ ലെം സിസ്സേ ആരോപിക്കുന്നു. ഈ വർഷം വെനീസ് ബിനാലെയിൽ എത്യോപ്യയുടെ ആദ്യ പവലിയൻ ക്യുറേറ്റ് ചെയ്ത സിസ്സേ പറയുന്നത് തന്റെ എത്യോപ്യയിൽ നിന്നുള്ള സഹപ്രവർത്തകർക്ക് വിസ പ്രശ്നം ഉണ്ടായില്ലെങ്കിലും, അത് നേരിട്ട ആഫ്രിക്കൻ വംശജരെ തനിക്ക് അറിയാമെന്നാണ്. ഇത് ഗുരുതരമായ ഒരുപ്രശ്നമായി മാറിയിരിക്കുകയാനെന്നും സിസ്സെ പറയുന്നു.

നൈജീരിയ, ഘാന, സെനെഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ യൂറോപ്യൻ യൂണിയൻ വിസ നിഷേധിക്കുന്നതിന്റെ നിരക്ക് 40 മുതൽ 47 ശതമാനം വരെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ബ്രിട്ടനിൽ വിസ ഏറ്റവുമധികം നിഷേധിക്കുന്നത് അൾജീരിയയിൽ നിന്നുള്ളവർക്കാണ്. ഈ രാജ്യത്ത് നിന്നുള്ള അപേക്ഷകളിൽ 71 ശതമാനം വരെ നിരാകരിക്കപ്പെടുകയാണ്. 53 ശതമാനവുമായി ബംഗ്ലാദേശ് രണ്ടാം സ്ഥാനത്തുണ്ട്. ഘാന, പാക്കിസ്ഥാൻ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള 30 മുതൽ 46 ശതമാനം വരെ അപേക്ഷകളും നിരസിക്കപ്പെടുകയാണ്. മാർച്ച് 2024 ൽ അവസാനിച്ച ഒരു വർഷത്തിൽ, മൊത്തം രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾ കണക്കിലെടുത്താൽ നിരസിക്കപ്പെട്ടത് 21 ശതമാനം ആണെന്ന് ഹോം ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ മാർച്ചിൽ പോർച്ചുഗൽ ആസ്ഥാനമായുള്ള അഫ്ഗാൻ യുവ ഓർക്കെസ്ട്രാ ടീമിന് യു കെ ഹോം ഓഫീസ് വിസ നിഷേധിച്ചിരുന്നു. ലണ്ടനിലെ സൗത്ത്ബാങ്ക് സെന്ററിലെ പരിപാടിയോടെ അവരുടെ യു കെ ടൂർ തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമായിരുന്നു വിസ നിഷേധിച്ചത്. ഇത് കനത്ത പ്രതിഷേധത്തിന് വഴിവെച്ചതോടെ ഹോം ഓഫീസ് മുൻ നടപടികളിൽ നിന്നും മലക്കം മറിഞ്ഞ് 47 അംഗ സംഘത്തിന് വിസ അനുവദിക്കുകയായിരുന്നു. 14 നും 22 നും ഇടയിൽ പ്രായമുള്ളവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. താലിബാനെ ഭയന്ന് നാടുവിട്ട് പോർച്ചുഗലിൽ സ്ഥിരതാമസമാക്കിയ സംഘം നേരത്തെ ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ജർമ്മനി എന്നീ രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.