- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എസ് സി പരീക്ഷയ്ക്ക് പോകും വഴി ഗാതഗത കുരുക്ക്; യു ടേൺ എടുത്തത് അതിവേഗം പോകാൻ; ചാവിയൂരിയ പൊലീസുകാരൻ തട്ടിത്തെറിപ്പിച്ചത് സ്വപ്നം; രണ്ടാഴ്ച കഴിഞ്ഞ് സമൻസ് വരുമെന്നും കോടതിയിൽ പോയി പെറ്റിയടക്കണമെന്നും പറഞ്ഞ് നെഞ്ചു പൊട്ടുന്നവനെ ആശ്വസിപ്പിക്കുന്ന കേരളാ പൊലീസ്; രാമനാട്ടുകരയിലെ അരുൺ വേദന പറയുമ്പോൾ
കോഴിക്കോട്: പൊലീസിൽ നന്മയും തിന്മയുമുണ്ട്. തിന്മകളെ തൂത്തെറിഞ്ഞാൽ മാത്രമേ സേനയ്ക്ക് മനുഷ്യ മുഖം കിട്ടൂ. വാഹന പരിശോധനയ്ക്കിടെ വാഹനത്തിന്റെ താക്കോൽ പൊലീസ് ഊരി എടുക്കരുതെന്നാണ് ചട്ടം. പക്ഷേ ചില പൊലീസുകാർ ആക്ഷൻ ഹീറോകളാണ്. സിനിമയിലെ പോലെ പൊലീസിലെ ആക്ഷൻ ഹീറോകൾ നന്മമരങ്ങളല്ല. സാധാരണക്കാരെ കഷ്ടപ്പെടുത്താനാണ് ഇവരുടെ പ്രത്യേക 'ഏക്ഷൻ;.
'കുടുംബം പുലർത്താൻ ജോലി ചെയ്യുന്നതിനൊപ്പം ഉറക്കമിളച്ച് പഠിച്ച്് പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുത്തത് എന്നൊന്നും പറഞ്ഞാൽ സാധാരണക്കാരന്റെ വേദന മനസ്സിലാകില്ല. കിളികൊല്ലൂരിൽ സൈനികനേയും സഹോദരനേയും ചവിട്ടി മെതിച്ച പൊലീസ് ക്രൂരതയ്ക്ക് മുകളിലാണ് ഒരു പൊലീസുകാരന്റെ ദുർവാശിയിൽ ഇല്ലാതായ പ്രതീക്ഷകളുടെ വില. ഇല്ലാതായ അവസരത്തിനായി ഞാനിനി ഏതു വാതിലിൽ മുട്ടും? എന്ന ഈ യുവാവിന്റെ ചോദ്യം കേരള മനസാക്ഷിയോടുള്ളതാണ്. ജനാധിപത്യ കേരളത്തിൽ ജനങ്ങളുടെ കണ്ണീരിന് പൊലീസ് വില കൊടുക്കുന്നില്ലെന്നതാണ് വസ്തുത.
രാമനാട്ടുകര മുട്ടുംകുന്ന് താഴെ പാണഴിമേത്തൽ അരുൺ നിവാസിൽ ടി.കെ.അരുണിന്റെ വേദന സമാനതകളില്ലാത്തതാണ്. 22ന് ഉച്ചയ്ക്കു 2നു നടന്ന പിഎസ്‌സി പരീക്ഷ എഴുതാൻ മീഞ്ചന്ത ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പരീക്ഷാകേന്ദ്രത്തിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് അരുണിനെ പൊലീസിലെ വില്ലൻ കൈകാണിച്ചത്. ഗതാഗതം നിയന്ത്രിക്കുകയായിരുന്ന സീനിയർ സിപിഒ രഞ്ജിത്ത് പ്രസാദ് ഗതാഗത നിയമം പാലിച്ചില്ലെന്നു പറഞ്ഞ് തടഞ്ഞത്. വാഹനം റോഡരികിലേക്ക് മാറ്റിയിടീച്ചു. പിന്നെ ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. ഇവിടെ തുടങ്ങി കഷ്ടകാലം.
പിഎസ്‌സി പരീക്ഷയ്ക്ക് പോകുകയാണെന്നും ഒന്നരയ്ക്കു മുൻപ് പരീക്ഷാകേന്ദ്രത്തിൽ എത്തണമെന്നും പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. 1.20നു ബൈക്ക് തൊട്ടടുത്തുള്ള സ്റ്റേഷനിലേക്കു മാറ്റി പൊലീസുകാരൻ കന്റീനിലേക്കു പോയി. ഒരു കാരണവുമില്ലാതെ 1.55 വരെ സ്റ്റേഷനിൽ നിർത്തിച്ച അരുണിനോട് ഒടുവിൽ സ്റ്റേഷനിലുണ്ടായിരുന്ന എസ്‌ഐ പി.ഹനീഫ കാര്യമന്വേഷിച്ചു. വിവരം പറഞ്ഞതോടെ അരുണിനെ പൊലീസ് ജീപ്പിൽ കയറ്റി പരീക്ഷാകേന്ദ്രത്തിലേക്കു പോയി.
അവിടെ എത്തിയപ്പോഴേക്കും സമയം 2.10. റിപ്പോർട്ടിങ് സമയം കഴിഞ്ഞ ഉദ്യോഗാർഥിയെ ഹാളിൽ പ്രവേശിപ്പിക്കാൻ പരീക്ഷ നടത്തിപ്പുകാർ വിസമ്മതിച്ചു. അരുൺ ഫറോക്ക് അസി. കമ്മിഷണർക്കു പരാതി നൽകിയതിനെ തുടർന്നാണ് പിന്നീടു പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തത്. ഇവിടെ രഞ്ജിത്ത് പ്രദാസിന്റെ ക്രൂരതയ്‌ക്കൊപ്പം ഹനീഫ എന്ന പൊലീസുകാരന്റെ നല്ല മനസ്സും തെളിയുന്നു. പക്ഷേ രഞ്ജിത്ത് പ്രസാദിന്റെ ക്രൂരതയിൽ അരുണിന് ഈ നന്മയും തുണയായില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മീഞ്ചന്ത ജിവിഎച്ച്എസ് സ്‌കൂളിലായിരുന്നു പരീക്ഷാകേന്ദ്രമായി അനുവദിച്ചുകിട്ടിയത്. ഫറോക്ക് സ്റ്റേഷനു സമീപത്തെത്തിയതോടെ ഗതാഗതതടസ്സം ഉണ്ടായി. തടസ്സം തീർന്ന് പരീക്ഷാ സെന്ററിലെത്തുമ്പോഴേക്ക് സമയം വൈകുമെന്ന് ബോധ്യപ്പെട്ടതോടെ ഫറോക്ക് പുതിയപാലത്തിൽ നിന്ന് യുടേൺ എടുത്ത് ഫറോക്ക് ടൗൺ വഴി പോവാനായി തുനിഞ്ഞു. ജങ്ഷനിലെത്തിയതോടെ അവിടെ ഗതാഗതം നിയന്ത്രിക്കുന്ന ഒരു പൊലീസുകാരൻ അരുൺ സഞ്ചരിച്ച ബൈക്ക് തടഞ്ഞു.
പൊലീസുകാരൻ പറഞ്ഞതനുസരിച്ച് ബൈക്ക് സൈഡിലേക്ക് മാറ്റിയിട്ടപ്പോൾ ബൈക്കിന്റെ ചാവിയൂരി പൊലീസുകാരൻ വീണ്ടും ഗതാഗതം നിയന്ത്രിക്കാനായി പോയി. പരീക്ഷയ്ക്ക് പോവുകയാണെന്നും ഉച്ചയ്ക്ക് 1.30-നകം പരീക്ഷാകേന്ദ്രത്തിലെത്തണമെന്നും നേരം വൈകുന്നുവെന്നും പലയാവർത്തി പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ലെന്ന് അരുൺ പറയുന്നു. അല്പനേരം കഴിഞ്ഞ് 1.20ന് ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് ഒരുകാരണവുമില്ലാതെ 1.55 വരെ അരുണിനെ സ്റ്റേഷനിൽ നിർത്തിച്ചു. ഇതിനിടെ വിവരമറിഞ്ഞെത്തിയ സ്റ്റേഷനിലെ എസ് ഐ ഹനീഫ ഇടപെട്ടു. തുടർന്ന് അരുണിനെ പൊലീസ് ജീപ്പിൽ കയറ്റി വേഗത്തിൽ പരീക്ഷാകേന്ദ്രത്തിലേക്ക് തിരിക്കുകയും ചെയ്തു.
റിപോർട്ടിങ് സമയം കഴിഞ്ഞ് പരീക്ഷാകേന്ദ്രത്തിലെത്തിയ ഉദ്യോഗാർഥിയെ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കാൻ പരീക്ഷാനടത്തിപ്പുകാർ അനുവദിച്ചില്ല. പൊലീസുകാർ നേരിട്ട് ആവശ്യപ്പെട്ടെങ്കിലും ഒഎംആർ ഷീറ്റ് ക്യാൻസൽ ചെയ്തെന്നും ഇനി പരീക്ഷയെഴുതാൻ അനുവദിക്കാനാവില്ലെന്നും പറഞ്ഞ് അവർ കൈമലർത്തി. അതോടെ പൊലീസുകാർ അരുണിനെ ജീപ്പിൽ തന്നെ തിരികെ സ്റ്റേഷനിലെത്തിച്ചു. രണ്ടാഴ്ച കഴിഞ്ഞ് സമൻസ് വരുമെന്നും കോടതിയിൽ പോയി പെറ്റിയടക്കണമെന്നും പറഞ്ഞ് അവർ അരുണിനെ പറഞ്ഞുവിട്ടു.
മറുനാടന് മലയാളി ബ്യൂറോ