തിരുവനന്തപുരം: സംസ്ഥാനം പാചകശ്രേഷ്ഠ എന്ന ബഹുമതി നൽകി ആദരിച്ച പാചക വിദഗ്ധനാണ് പഴയിടം മോഹനൻ നമ്പൂതിരി.വിശക്കുന്ന വയറിന് അന്നം നൽകുന്നതിനെക്കാൾ പുണ്യം വേറെയില്ലെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. സ്‌കൂൾ കലോത്സവത്തിൽ പഴയിടം അന്നം വിളമ്പിയിട്ട് പതിനാറ് കൊല്ലമാകുന്നു. ഇത്തവണയും പഴയിടം തന്നെ. കലോത്സവം പൊടിപൊടിക്കുന്നതിനിടെ, മോഹനൻ നമ്പൂതിരിയെ സാമുദായികമായി അധിക്ഷേപിക്കുന്ന പോസ്റ്റ് വിവാദമായി. 24 ന്യൂസിന്റെ മുൻ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്ററും, കേരള സർവകലാസാല പൊളിറ്റിക്കൽ സയൻസ് വകുപ്പിലെ അദ്ധ്യാപകനുമായ അരുൺ കുമാറാണ് പോസ്റ്റിട്ടിരിക്കുന്നത്. കലോത്സവത്തിലും, ഭക്ഷണത്തിലും ജാതി കയറ്റി തമ്മിൽ വെറുപ്പിക്കുന്നത് എന്തിനെന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത്. അരുണിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പോസ്റ്റുകൾ വരുന്നുണ്ട്.

അരുൺ കുമാറിന്റെ പോസ്റ്റ് ഇങ്ങനെ:

ജാതി പ്രവർത്തിക്കുന്നത് ശുദ്ധി - അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയൻ ഭക്ഷണം എന്ന രൂപത്തിൽ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൻ ഈ വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടൻ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്‌ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളും ആഘോഷപൂർവ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തിൽ ശുദ്ധികലർത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.

അതേസമയം, ഈ വിഷയത്തിൽ പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചെരുവിലിന്റെ പോസ്റ്റ് കടകവിരുദ്ധമാണ്.

പോസ്റ്റ് ഇങ്ങനെ:

ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്‌മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണ്. തുണിയലക്കുന്ന, നിലമുഴുന്ന, വിറകുവെട്ടുന്ന, കല്ലുടക്കുന്ന, ചെരിപ്പുകുത്തുന്ന നമ്പൂതിരിമാരും ഇന്നുണ്ട്. അവരൊക്കെ വെളിച്ചത്തു വരട്ടെ. (ശുചീകരണവേലക്ക് സവർണ്ണ ജാതിക്കാർക്ക് പ്രത്യേക സംവരണവും അനുവദിക്കാവുന്നതാണ്.)

'നമ്പൂതിരിയെ മനുഷ്യനാക്കണം' എന്ന ഇ.എം.എസിന്റെ ഓങ്ങല്ലൂർ പ്രസംഗം കേട്ട് ആവേശഭരിതനായി പട്ടാമ്പി ചന്തയിൽ നിന്ന് കൈക്കോട്ടു വാങ്ങുന്ന ഒരു നമ്പൂതിരിയെക്കുറിച്ച് വി.ടി.യുടെ ഒരു ചെറുകഥയുണ്ട്.

ഈ വിഷയത്തിൽ എഴുത്തുകാരനായ ജയ് എൻ കെയുടെ പോസ്റ്റ് കൂടി വായിക്കാം:

സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണത്തിന് സർക്കാർ എത്ര തുകയാണ് അലോട്ട് ചെയ്തിരിക്കുന്നത് എന്നാണ് ആദ്യം തിരക്കേണ്ടത്. സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് വിദ്യാർത്ഥിയൊന്നിന് 8 രൂപ വച്ചാണ് കൊടുക്കുന്നത്. ഓരോ നൂറ്റമ്പത് കുട്ടികൾ വച്ച് കൂടുമ്പോഴും ഓരോ രൂപ വച്ച് കുറയുകയും ചെയ്യും. അതിൽ രണ്ട് കൂട്ടം കറികളും ആഴ്ചയിൽ ഒരു ദിവസം മുട്ടയും, രണ്ട് ദിവസം പാലും ഉണ്ടായിരിക്കുകയും വേണം.
ഏഴും എട്ടും രൂപയ്ക്ക് രണ്ട് കൂട്ടം കറികളോടു കൂടി കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം കൊടുക്കണമെന്ന് ചട്ടമുള്ള സർക്കാർ സംവിധാനം കലോത്സവ ഭക്ഷണത്തിനുള്ള തുക അലോട്ട് ചെയ്തിരിക്കുന്നതും ഏറെക്കുറെ തുച്ഛമായിരിക്കുമെന്ന് ഉറപ്പാണ്. മൂന്ന് നേരം ഭക്ഷണത്തിന് ഒരു 50 രൂപാ വച്ച് പോലും തലയൊന്നിന് കൊടുക്കുന്നുണ്ടാവുമോ ? സംശയമാണ്. ആ തുക കൊണ്ട് ചിക്കൻ ബിരിയാണി കൊടുക്കണം, കല്ലുമ്മക്കായ റോസ്റ്റ് കൊടുക്കണമെന്ന് നിർബന്ധിക്കാനൊന്നും പറ്റുകയില്ലല്ലോ? അത് പോലെ തന്നെയാണ് ഇത്രയും പേർക്ക് വച്ച് വിളമ്പാനുള്ള യുട്ടെൻസിലുകളും, മാൻപവറും ലോജിസ്റ്റിക്‌സുമൊക്കെ എത്ര ഗ്രൂപ്പുകൾക്ക് കേരളത്തിലുണ്ടാവുമെന്ന ചോദ്യവും . അതുള്ള ഗ്രൂപ്പുകളിൽ എത്ര പേർ തുച്ഛമായ ലാഭത്തിന് വേണ്ടി മെനക്കെടുമെന്ന ചോദ്യവും .

പഴയിടമെന്നല്ല, അയാൾക്ക് മുമ്പ് പാചകം പിടിച്ചിരുന്നവരെല്ലാം അതിന് മുതിർന്നത് പബ്ലിസിറ്റിക്കും പരസ്യത്തിനും വേണ്ടിയാണ് എന്നത് ആർക്കാണറിയാത്തത്? അയ്യായിരത്തിനും എണ്ണായിരത്തിനും മൂന്ന് നേരം വച്ച് നാലഞ്ച് ദിവസം വച്ച് വിളമ്പാൻ തങ്ങൾക്കേ ശേഷിയുള്ളൂ എന്ന പരസ്യത്തിന് വേണ്ടി മാത്രം. തുച്ഛമായ തുകയ്ക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കണമെങ്കിൽ അത് വെജിറ്റേറിയൻ ആയാലല്ലേ പറ്റൂ? അത്ര മാത്രമേയുള്ളൂ ഈ വിഷയത്തിലെന്നാണ് തോന്നുന്നത്.ബ്രാഹ്‌മണിക്കൽ ഹെജിമണിയൊക്കെ നമുക്ക് വേറെ വിഷയത്തിൽ പിടിക്കാം