തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട ഭക്ഷണ വിവാദത്തിൽ വീണ്ടും ഫേസ്‌ബുക്ക് കുറിപ്പുമായി അദ്ധ്യാപകനും മുൻ മാധ്യമ പ്രവർത്തകനുമായ അരുൺ കുമാർ രംഗത്തെത്തി. വിവാദം അവസാനിപ്പിക്കുന്നു എന്ന സൂചനയുമായാണ് അരുൺകുമാറിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. കലോത്സവ ഭക്ഷണവിവാദത്തിന് കാരണമായ പോസ്റ്റ് അശോകൻ ചരുവിൽ സോഷ്യൽ മീഡിയയിൽ നിന്നും പിൻവലിച്ചു. ഇതോടെ തന്റെ മറുപടി അപ്രസക്തമായെങ്കിലും താൻ എഴുതിയ പോസ്റ്റ് നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അരുൺകുമാർ വ്യക്തമാക്കി.

അരുൺ കുമാറിന്റെ കുറിപ്പ്..

പ്രിയപ്പെട്ടവരെ,
കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രതികരണം ശ്രീ അശോകൻ ചരുവിലിന്റെ നവോത്ഥാനത്തെക്കുറിച്ചുള്ള പോസ്റ്റിന്റെ മറുപടിയായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിലെ ചിത്രമാണ് ഉപയോഗിച്ചതും. ശ്രീ ചരുവിൽ പ്രസ്തുത പോസ്റ്റ് പിൻവലിച്ചതായി കാണുന്നു. അതിനാൽ എന്റെ മറുപടിയും അപ്രസക്തമാണ്.

എങ്കിലും ആശയം പ്രസക്തമാകയാൽ നിലനിർത്തുന്നു. ശ്രീ പഴയിടത്തിന്റെ ചിത്രം നീക്കുകയാണ്. വെജിറ്റേറിയൻ മെനു കാലോചിതമായി പരിഷ്‌ക്കരിക്കണം എന്നാശയത്തെ ആ ചിത്രം ഒരു വ്യക്തിയിലേക്ക് വഴി തിരിച്ചുവിട്ടു എന്ന വിമർശം ഉൾക്കൊള്ളുന്നു.

ഭക്ഷണ വിവാദം പഴയിടം മോഹൻ നമ്പൂതിരിയുടെ പിന്മാറ്റത്തിലാണ് കലാശിച്ചത്. സ്‌കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചത്.

അരുൺ കുമാർ ഉയർത്തിയ വിവാദം ആളിപ്പടർന്നെേതാ ട്വന്റിഫോറിന് പങ്കില്ലെന്ന് വ്യക്തമാക്കി ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സംസ്ഥാനം പാചകശ്രേഷ്ഠ എന്ന ബഹുമതി നൽകി ആദരിച്ച പാചക വിദഗ്ധനായ പഴയിടം മോഹനൻ നമ്പൂതിരിയെ അധിക്ഷേപിക്കുന്ന രീതിയിൽ ചാനലിലെ മുൻ അവതാരകനായ ഡോ. അരുൺ കുമാർ ഫേസ്‌ബുക്കിൽ എഴുതിയ പ്രസ്താവനയുമായി ചാനലിന് ഒരു ബന്ധവുമില്ലെന്നാണ് ശ്രീകണ്ഠൻ നായർ വിശദീകരിച്ചത്. . 24 ന്യൂസ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പഴയിടം നമ്പൂതിരിയുടെ വിവാദവുമായി ബന്ധപ്പെട്ട് പല ആളുകളും ചോദിക്കുന്നത് 24ന് ബന്ധമുണ്ടോ എന്നാണ്. ഡോ. അരുൺ കുമാർ ഫേസ്‌ബുക്കിൽ എഴുതിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യങ്ങൾ. എന്നാൽ അതുമായി 24ന് ബന്ധമില്ല. അരുൺ കുമാർ യൂണിവേഴ്സിറ്റിയിലെ ഒരു സ്വതന്ത്ര അദ്ധ്യാപകനാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്.

പഴയിടം മോഹനൻ നമ്പൂതിരിയോട് അരുൺ കുമാർ എടുത്ത നിലപാട് ശരിയല്ലെന്നാണ് 24ന്റെ അഭിപ്രായം. കാരണം ഇത്രയേറെ കലോത്സവങ്ങളെ ഊട്ടിയുറക്കിയ ഒരാൾ ഇത്രയേറെ കുട്ടികൾക്ക് ഭക്ഷണം വച്ചുകൊടുത്ത ഒരാൾ കോഴിക്കോട് കലോത്സവം ഉൾപ്പെടെ വലിയ വിജയകരമായി പൂർത്തിയാക്കാൻ പണിയെടുത്ത ഒരാളിനെ ഇങ്ങനെ വേദനിപ്പിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ് ഞങ്ങൾ

കുട്ടികൾക്ക് ഏത് ഭക്ഷണം വിളമ്പണമെന്നത് ആത്യന്തികമായി തീരുമാനിക്കേണ്ടത് കുട്ടികൾ തന്നെയായിരിക്കണം . അതുകൊണ്ട് കുട്ടികളുടെ ഒരു സർവെ നടത്തിയായിരിക്കണം അതിലൊരു തീരുമാനം എടുക്കേണ്ടത്. 24ന് വിഷയത്തിൽ ഉത്തരവാദിത്തമുണ്ടെന്ന തലത്തിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പ്രതികരണം നടത്തുന്നത്' ശ്രീകണ്ഠൻ നായർ വ്യക്തമാക്കി.

കലോത്സവം പൊടിപൊടിക്കുന്നതിനിടെ, മോഹനൻ നമ്പൂതിരിയെ സാമുദായികമായി അധിക്ഷേപിക്കുന്ന പോസ്റ്റ് വിവാദമായിരുന്നു. 24 ന്യൂസിന്റെ മുൻ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്ററും, കേരള സർവകലാസാല പൊളിറ്റിക്കൽ സയൻസ് വകുപ്പിലെ അദ്ധ്യാപകനുമായ അരുൺ കുമാറാണ് പോസ്റ്റിട്ടിരിക്കുന്നത്. കലോത്സവത്തിലും, ഭക്ഷണത്തിലും ജാതി കയറ്റി തമ്മിൽ വെറുപ്പിക്കുന്നത് എന്തിനെന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത്. അരുണിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പോസ്റ്റുകൾ വന്നിരുന്നു.

അരുൺ കുമാറിന്റെ വിവാദ പോസ്റ്റ് ഇങ്ങനെ:

ജാതി പ്രവർത്തിക്കുന്നത് ശുദ്ധി - അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയൻ ഭക്ഷണം എന്ന രൂപത്തിൽ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൻ ഈ വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടൻ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്‌ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളും ആഘോഷപൂർവ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തിൽ ശുദ്ധികലർത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.

വിഷയത്തിൽ അരുൺകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ അമർഷം പുകയുകയാണ്. അരുൺകുമാറിനെതിരെ കേസെടുക്കണമെന്ന പരാതി മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കിട്ടിയിട്ടുണ്ട്. ജാതി പറഞ്ഞ് ഒരാളുടെ തൊഴിൽ നിഷേധിക്കുക, ജാതീയമായ വേർതിരിവ് സമൂഹത്തിൽ ഉണ്ടാക്കി കലാപത്തിന് ശ്രമിക്കുക എന്നിവ കാട്ടിയാണ് അരുൺകുമാറിന് എതിരെ സ്വദേശി ജാഗരൺ ബഞ്ച് യൂത്ത് വിങ് സംസ്ഥാന കൺവീനർ യുവരാജ് ഗോകുൽ പരാതി നൽകിയത്.