പത്തനംതിട്ട: പാർട്ടി സെക്രട്ടറിയുടെ ജനകീയ പ്രതിരോധ ജാഥയ്ക്ക് 15,000 രൂപ സംഭാവന തന്നില്ലെങ്കിൽ കാണിച്ചു തരാമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. പമ്പയിൽ നിന്ന് അനധികൃതമായി മണൽ വാരുന്നവരോട് സിപിഎം തോട്ടപ്പുഴശേരി ബ്രാഞ്ച് സെക്രട്ടറി അരുൺ മാത്യു ഭീഷണി മുഴക്കുന്നുവെന്ന പേരിലാണ് ഓഡിയോ പ്രചരിക്കുന്നത്. 3000 രൂപ വേണേൽ തരാമെന്ന് പറഞ്ഞ് പ്രതിരോധിക്കുന്ന മണൽ വാരലുകാരനോട് നിന്നെയൊക്കെ കാണിച്ചു തരാമെന്ന് സെക്രട്ടറി പറയുന്നതാണ് ഓഡിയോ ക്ലിപ്പിൽ ഉള്ളത്.

കോഴഞ്ചേരിയോട് ചേർന്നു കിടക്കുന്ന പഞ്ചായത്താണ് തോട്ടപ്പുഴശേരി. പമ്പ ഒഴുകുന്നത് പഞ്ചായത്തിലൂടെയാണ്. ഇവിടെ പണ്ട് മണൽ വാരിയിരുന്ന കടവുകൾ പഞ്ചായത്ത് പൂട്ടി സിൽ ചെയ്തിരിക്കുകയാണ്. ആ പൂട്ട് താക്കോൽ ഉപയോഗിച്ച് തുറന്നാണ് വാരിയ മണൽ കടത്തുന്നത് എന്ന് സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. ബ്രാഞ്ച് സെക്രട്ടറി ചോദിക്കുന്നത് ഒരു ലോഡ് മണൽ സൈറ്റിൽ കുത്തുമ്പോൾ ലഭിക്കുന്ന പണമാണ്.

എന്നാൽ, ഒരു ലോഡ് മണലിന് തങ്ങൾക്ക് കിട്ടുന്നത് വെറും 4000 രൂപ മാത്രമാണെന്നാണ് വാരലുകാരൻ പറയുന്നത്. തങ്ങൾ കഷ്ടപ്പെട്ട് വാരി ചുമന്ന് കൊണ്ട് എത്തിക്കുന്നു. അതു കൊണ്ട് എല്ലാ വാരലുകാരും ചേർന്ന് മൂവായിരം രുപ തരാം. അതിൽ കൂടുതൽ പറ്റില്ലെന്നും പറയുന്നു. ജാഥയിൽ പങ്കെടുക്കാൻ ഒരു ബസ് പത്തനംതിട്ട പോകണമെങ്കിൽ 5000 രൂപ കൊടുക്കണമെന്ന് സെക്രട്ടറി പറയുന്നു. അതു കൊണ്ട് 15,000 രൂപയിൽ ഒരു പൈസ പോലും കുറയില്ലെന്നും പറയുന്നു.

3000 രൂപ എന്ന സംഭാവനയിൽ ഉറച്ചു നിൽക്കുകയാണ് മണൽവാരലുകാരൻ. തങ്ങൾ കെ.ജെ. രാജുവെന്ന സിപിഎം നേതാവിനോട് പറഞ്ഞിട്ടുണ്ടെന്നും പറയുന്നു. രാജുവല്ല ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. അതൊക്കെ കഴിഞ്ഞ കാലമെന്ന് സഖാവിന്റെ മറുപടി. അരുൺ ആണ് ബ്രാഞ്ച്് സെക്രട്ടറി. സിപിഎമ്മിനെ വെല്ലുവിളിച്ച് നിനക്കൊക്കെ മണൽ വാരാൻ കഴിയുമോ? നീയൊക്കെ എവിടുന്നൊക്കെ വാരുന്നുണ്ടെന്ന് എനിക്കറിയാം. ഒരു ലോഡ് മണലിന്റെ കാശ് വേണം. അല്ലെങ്കിൽ പൊലീസിനെ കൊണ്ട് നിന്നെയൊക്കെ പിടിപ്പിക്കും എന്നും അരുൺ പറയുന്നുണ്ട്.

എന്നാൽ, മണൽവാരലുകാരന് യാതൊരു കൂസലുമില്ല. നീയെന്താന്ന് വച്ചാൽ അങ്ങ് കാണിക്ക്. 4000 രൂപ ഒരു ലോഡ് മണലിൽ കിട്ടും. പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ് വാരുന്നത്. അതുകൊട്ടയിലാക്കി ചുമന്ന് വേണം ലോറിയിൽ കൊണ്ടിടാൻ. ഒരു ലോഡ് മണൽ ലോറിക്കാർ വിൽക്കുന്നത് 12,000 രൂപയ്ക്കാണ്. എന്നും അയാൾ പറയുന്നു.

നിങ്ങൾക്ക് എത്ര കിട്ടുമെന്നൊക്കെ വ്യക്തമായി എനിക്കറിയാം. ലോറിക്കാരുടെ കൈയിൽ നിന്ന് കൂടി വാങ്ങി 15,000 തരണം. അല്ലാത്ത പക്ഷം ഒരുത്തനെയും മണൽ വാരാൻ അനുവദിക്കില്ല. പൊലീസിൽ അറിയിക്കും. സഖാവിന്റെ വെല്ലുവിളി മണൽവാരലുകാരൻ തള്ളുന്നിടത്താണ് ഓഡിയോ അവസാനിക്കുന്നത്.

മണൽ വാരലിന് നിരോധനമുള്ള നദിയാണ് പമ്പ. പൊലീസിനും സിപിഎം നേതാക്കൾക്കും റവന്യൂ അധികൃതർക്കും പടി കൊടുത്താണ് മണൽ വാരൽ നടക്കുന്നതെന്നാണ് ഓഡിയോ ക്ലിപ്പിൽ നിന്ന് പുറത്തു വരുന്നത്. എല്ലാവർക്കും പങ്കിട്ട് കഴിയുമ്പോൾ മണൽ വാരലുകാർക്ക് കിട്ടുന്നത് തുച്ഛമായ തുകയാണ്. അതു കൊണ്ടാണ് സഖാവ് ചോദിക്കുന്ന സംഭാവന നൽകാൻ കഴിയില്ലെന്ന് മണൽ വാരലുകാരൻ അറുത്തു മുറിച്ച് പറയുന്നത്.