അടൂർ: കുറിൽ ദ്വീപിൽ ഹെൽമറ്റില്ലാതെ വന്നതിന് 500 രൂപ അടൂർ പൊലീസ് പെറ്റിയടിച്ച സംഭവത്തിൽ പൊലീസ് പറയുന്നത് മുഴൂവൻ പച്ചക്കള്ളമെന്ന് സ്‌കൂട്ടർ യാത്രക്കാരനും മാധ്യമ പ്രവർത്തകനുമായ അരുൺ നെല്ലിമുകൾ.

ഹെൽമറ്റില്ലാതെ അരുണും കുടുംബവും സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിന്റെ പടം സഹിതം അടൂർ പൊലീസിന്റെ പിഴയടയ്ക്കാനുള്ള ചെല്ലാൻ ലഭിച്ചതും സംഭവം നടന്നത് ജപ്പാനും റഷ്യയും അവകാശ തർക്കം ഉന്നയിക്കുന്ന കുറിൽ ദ്വീപിലാണെന്ന് ചെല്ലാനിൽ രേഖപ്പെടുത്തിയിരുന്നതുമായ വാർത്ത മറുനാടനാണ് പുറത്തു വിട്ടത്. ചിത്രം അടൂർ ടൗണിൽ വച്ച് അടൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ പകർത്തിയതാണെന്നായിരുന്നു അടൂർ ട്രാഫിക് പൊലീസ് എസ്ഐ അജി പറഞ്ഞിരുന്നത്.

എന്നാൽ, ഇത് പച്ചക്കള്ളമാണെന്ന് അരുൺ പറയുന്നു. ഏപ്രിൽ 11 ന് വൈകിട്ട് 4.31 നാണ് ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തിരിക്കുന്ന ചിത്രം പതിഞ്ഞിരിക്കുന്നത് എന്നാണ് ചെല്ലാനിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ താൻ അതു വഴി പോയത് 3.20 നാണ്. ഈ സമയം ഭാര്യയും ഇളയ കുഞ്ഞുമായിട്ടാണ് നെല്ലിമുകൾ കേരളാ ബാങ്കിൽ പോയത്. ഉടൻ തന്നെ തിരിച്ചു വരികയും ചെയ്തു. ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചുള്ള ചിത്രമാണ് അത്. വൈകിട്ട് ആറരയോടെയാണ് ഇ ചെ്ല്ലാൻ വഴി പിഴയടയ്ക്കാനുള്ള സന്ദേശം എത്തിയത്.

തനിക്കിട്ട് പെറ്റി അഅടിക്കാനുള്ള വ്യഗ്രതയിൽ സ്ഥലമേതെന്ന് പൊലീസ് നോക്കിയില്ല. സമയവും തെറ്റാണ്. സാധാരണ ഇങ്ങനെ കിട്ടുന്ന പെറ്റി അപ്പോൾ തന്നെ ആൾക്കാർ ഓൺലൈൻ വഴിയോ നേരിട്ടോ കൊണ്ട് അടയ്ക്കുകയാണ് പതിവ്. ചെല്ലാൻ രസീത് അരിച്ചു പെറുക്കി നോക്കുമ്പോഴാണ് പ്ലേസ് ഓഫ് ഇൻസിഡന്റ് കുറിൽ ഐലൻഡ് ആണെന്ന് കണ്ടത്. ഇതേത് സ്ഥലമെന്ന് കൺഫ്യൂഷൻ അടിച്ചാണ് ഗൂഗിളിൽ സേർച്ച് ചെയ്തത്. അപ്പോഴാണ് പസഫിക് സമുദ്രത്തിലെ ദ്വീപ സമൂഹമാണെന്നും അതിന്മേൽ റഷ്യയും ജപ്പാനും അവകാശ തർക്കം ഉണ്ടെന്നും മനസിലാക്കുന്നത്. എന്തായാലും ഈ പെറ്റി താൻ അടയ്ക്കില്ലെന്ന് അരുൺ പറയുന്നു.

മറുനനാടൻ വാർത്ത വൈറൽ ആയതോടെ നിരവധി പേരാണ് ഇത്തരം അബദ്ധം തങ്ങൾക്ക് പറ്റിയ കാര്യവുമായി മുന്നോട്ട് വരുന്നത്. സർക്കാരിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ വേണ്ടി മുക്കിനും മൂലയിലും കാമറയുമായി പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും വിന്യസിച്ചിരിക്കുകയാണ്. ഏതു തരത്തിലും പിഴ അടപ്പിക്കുക എന്നതാണ് ലക്ഷ്യം. പഴയതു പോലെ വാഹന പരിശോധനയില്ല.

നിയമലംഘകരുടെ ചിത്രം പകർത്തി ഓൺലൈൻ വഴി നോട്ടീസ് അയയ്ക്കുകയാണ് ചെയ്യുന്നത്. വൻ തുക ഈയിനത്തിൽ ഈടാക്കുകയാണ് ലക്ഷ്യം. പ്രത്യേകിച്ച് മുന്നറിയിപ്പില്ലാതെയുള്ള ഈ പിരിവ് ഒറ്റ നോട്ടത്തിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നുമില്ല.