കോഴിക്കോട്: ബസില്‍വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി യുവതി പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ യാത്രക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ അരുൺ പുനലൂർ. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഒരാളെ പരസ്യമായി അപമാനിച്ച് മരണത്തിലേക്ക് തള്ളിവിടുന്ന പ്രവണതയ്‌ക്കെതിരെ നിയമനടപടി വേണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ബസിൽ സ്ത്രീകളുടെ ഇടയിൽ മോശമായി പെരുമാറുന്നവർ ഉണ്ടെന്നത് നിഷേധിക്കുന്നില്ലെങ്കിലും, ഈ കേസിൽ ആ മനുഷ്യൻ മനപ്പൂർവ്വം എന്തെങ്കിലും ചെയ്തതായി വീഡിയോയിൽ തോന്നുന്നില്ലെന്ന് അരുൺ കുറിച്ചു. "ആ മനുഷ്യൻ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ, വീഡിയോ എടുത്ത് പരസ്യമാക്കി അയാളെ മരണത്തിലേക്ക് തള്ളിവിട്ട ആ സ്ത്രീക്കെതിരെ കേസെടുക്കണം. അല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും," എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അരുൺ പുനലൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

ഈ വാർത്ത കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി.. ആ ബസിലെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചാ വിഷയം ആയിരുന്നത് കൊണ്ട് മിക്കവരും കണ്ടു കാണും.. ബസിൽ സ്ത്രീകളുടെ ഇടയിൽ മനപ്പൂർവം തിക്കിത്തിരക്കി നിന്ന് കലാപരിപാടികൾ നടത്തുന്ന ചിലരൊക്കെ ഇപ്പോഴുമുണ്ട് അതു നിഷേധിക്കുന്നില്ല പക്ഷെ ഈ വിഡിയോയിൽ അങ്ങനെ ആ മനുഷ്യൻ മനപ്പൂർവംമായി അവിടെ നിന്ന് എന്തെങ്കിലും ചെയ്യുന്നതായി തോന്നിയതുമില്ല..

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ആ ബസിൽ അവരുടെ പരിസരത്തു ഇരുന്ന ആളുകൾ ഇത് ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ അവർക്കേ പറയാൻ പറ്റൂ.. ആ മനുഷ്യൻ അങ്ങനെ ഒന്ന് ചെയ്തിട്ടില്ല എങ്കിൽ വിഡിയോ എടുത്തു പരസ്യമാക്കി അയാളെ അപമാനിച്ചു മരണത്തിലേക്ക് തള്ളി വിട്ട ആ സ്ത്രീക്കെതിരെ കേസെടുക്കണം.. അല്ലെങ്കിൽ ഇനിയും ഇതുപോലെ ആവർത്തിക്കും..

എന്ത് തന്നേ ആയാലും കാലം മോശമാണ് ബസിലും മറ്റു തിരക്കുള്ള സ്ഥലങ്ങളിലും പോകുന്ന പുരുഷന്മാർക്ക് ജാഗ്രത ഉണ്ടാവണം മാക്സിമം അവരുടെ ഇടയിൽ നിക്കുമ്പോൾ അകന്ന് നിൽക്കാനും വിഡിയോ പിടിക്കുന്നതു പോലെ വല്ലതും ചുറ്റിനും നടക്കുണ്ടോ എന്നും ശ്രദ്ധിക്കണം.. ആരെങ്കിലും അസത്യം പ്രചരിപ്പിച്ചാൽ അതിനെ നേരിടാനുള്ള ചങ്കുറപ്പും ആവശ്യമാണ്.. ഇതുപോലെ വരുന്ന വിഡിയോകളെ കണ്ണടച്ച് വിശ്വസിച്ചു ആളെ കുറ്റക്കാരനാക്കുന്ന കാര്യത്തിലും സമൂഹവും അൽപ്പം ജാഗ്രത കാണിക്കാം.

ഞായര്‍ രാവിലെയാണ് ഗോവിന്ദപുരത്തെ വീട്ടില്‍ ദീപകിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതെന്നും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു യുവാവെന്നും ദീപകിന്റെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയിലാണ് തിരക്കുള്ള ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിപ്പെട്ടത്. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് വടകര പൊലീസില്‍ പരാതിയും നല്‍കി. ബസില്‍നിന്നും യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചു. പിന്നാലെ ദീപക് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

തിരക്കുള്ള ബസില്‍ വെച്ചാണ് യുവതി വീഡിയോ ചിത്രീകരിച്ചത്. ഈ വീഡിയോയില്‍ ദീപക് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയകളിലും വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, വീഡിയോ കണ്ടവരും വ്യത്യസ്ത അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

ദീപക് നിരപരാധിയാണെന്നും, വീഡിയോ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടതാണെന്നും ബന്ധുക്കള്‍ പറയുന്നു. കണ്ടന്റ് ക്രിയേഷന് വേണ്ടിയാണ് യുവതി വീഡിയോ എടുത്തതെന്നും, ദീപക്കിനെ അറിയുന്നവര്‍ക്ക് അദ്ദേഹം ഇത്തരക്കാരനല്ലെന്ന് അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സെയില്‍സ് മാനേജര്‍ ആയിരുന്നു ദീപക്. ജോലി സംബന്ധമായ ആവശ്യത്തിന് പോകുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. കണ്ടന്റുക്കാനായി യുവതി മനഃപ്പൂര്‍വ്വം മുന്നോട്ട് കയറിവന്ന് ദീപക്കിനെ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.