കോട്ടയം: കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നായ അരുവിത്തുറ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച വിവാദങ്ങൾ അടിസ്ഥാന രഹിതമെന്ന് വിശദീകരണം. ശനിയാഴ്ച വൈകിട്ട് പള്ളിയിലെ 101 പൊൻകുരിശിനൊപ്പം പേട്ട, പാലാ, അരിവിത്തുറ മേഖലകളിലെ മറ്റ് പള്ളികളിലെ ഉൾപ്പെടെ ആയിരം കുരിശുമായിട്ടാണ് വിശ്വാസികൾ നഗര പ്രദക്ഷിണം ചെയ്യുക. ഇത്തരം നഗര പ്രദക്ഷിണം കുരിശുമായി മുമ്പും നടന്നിരുന്നുവെന്ന് സഭ പറയുന്നു. മുമ്പും സമാനമായ നഗരപ്രദക്ഷിണം നടത്തിയിട്ടുണ്ട്. 2019ലും 2022ലും കുരിശുമായി നഗരപ്രദക്ഷിണം നടന്നിരുന്നു.

അരുവിത്തുറ എന്ന പേര് ഉപയോഗിക്കരുതെന്ന പോപ്പുലർ ഫ്രണ്ടിന്റെ ആഹ്വാനത്തിനും ബിഷപ്പ് ഹൗസിലേക്ക് അവർ നടത്തിയ പ്രകടത്തിനുമുള്ള മറുപടിയാകും അരലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന പ്രദക്ഷിണമെന്ന തരത്തിൽ പരിവാർ കേന്ദ്രങ്ങളിൽ വാർത്ത വന്നിരുന്നു. ഇത് വിവാദത്തിന് പുതിയ തലം നൽകി. ഇതിനിടെയാണ് ഇടവക വൈദികൻ വിശദീകരണവുമായി എത്തുന്നത്. ഇടവകയിൽ നവീകരണ പ്രവർത്തനം നടന്നിരുന്നുവെന്നും അതിന്റെ ഭാഗമായാണ് സന്തോഷമായുള്ള നഗര പ്രദക്ഷിണമെന്നും സഭ പപറയുന്നത്.

രണ്ടായിരത്തോളം വർഷമായി കോട്ടയം ജില്ലയിലെ അരുവിത്തുറ പ്രദേശത്ത് ക്രൈസ്തവർ ജീവിക്കുന്നതാണ്. വി.ഗീവർഗ്ഗീസിന്റെ നാമത്തിലുള്ള അരുവിത്തുറ പള്ളി പ്രമുഖ തീർത്ഥാടന കേന്ദ്രവുമാണ്. ഈരാറ്റുപേട്ട നഗരസഭയുടെ ഭാഗമാണെങ്കിലും ഈരാറ്റുപേട്ടയും അരുവിത്തുറയും രണ്ടു സ്ഥലങ്ങളായിതന്നെയാണ് നിന്നത്. അരുവിത്തുറയിലും ഈരാറ്റുപേട്ടയിലും പ്രത്യേകം പോസ്റ്റ് ഓഫീസുകളും പോസ്റ്റ് ഓഫീസുകൾക്ക് വ്യത്യസ്ത പിൻകോഡുകളും ഉണ്ട്. അതിനിടെ അരുവിത്തുറ എന്ന സ്ഥലം ഇല്ലന്ന രീതിയിൽ പ്രചരണം ഉണ്ടായി. ഇതിനിടെയാണ് അരുവിത്തറ പള്ളിയിലെ നഗരപ്രദക്ഷിണം വിവാദമായത്. ആരേയും തോൽപ്പിക്കാനല്ല പെരുന്നാൾ എന്നും ഇടവക പറയുന്നു.

ഉള്ളിലുള്ള ദൈവവിശ്വാസം പ്രഖ്യാപിക്കുന്നതിനും മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നതിനു വേണ്ടിയാണ് ഈ നഗരപ്രദക്ഷിണം സംഘടിപ്പിക്കുന്നത്. അരുവിത്തുറ പള്ളിയിൽ നിന്ന് ഈരാറ്റുപേട്ട ചുറ്റി വടക്കേക്കര കുരിശുപള്ളിയിൽ എത്തി തിരിച്ച് പള്ളിയിൽ എത്തുന്ന രീതിയിലാണ് പ്രദക്ഷിണം ക്രമികരിച്ചിരിക്കുന്നത്. പാരമ്പര്യവും അനുഷ്ഠാനങ്ങളും ആചാരങ്ങളും ഒത്തു ചേരുന്ന അരുവിത്തുറ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് സമാധാനവും സ്‌നേഹവുമാകും പകർന്ന് നൽകുകയെന്ന് പള്ളി അധികാരികൾ പറയുന്നത്.

22ന് വൈകുന്നേരം 6.30നാണ് പ്രദക്ഷിണം ആരംഭിക്കുന്നത്. പള്ളിയിൽ നിന്ന് ഈരാറ്റുപേട്ട ചുറ്റി വടക്കേക്കര കുരിശുപള്ളിയിൽ എത്തി തിരിച്ച് പള്ളിയിൽ എത്തുന്ന രീതിയിലാണ് പ്രദക്ഷിണം . 101 പൊൻകുരിശുകളോടൊപ്പം തൊട്ടടുത്ത ഇടവക പള്ളികളിലെ കുരിശുകളും ഈ പ്രദക്ഷിണത്തിലുണ്ടാവും. ദൈവ വിശ്വാസം പ്രഖ്യാപിക്കുന്നതിനും മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നതിനു വേണ്ടിയാണ് നഗരപ്രദക്ഷിണം സംഘടിപ്പിക്കുന്നത്.

വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, അസി. വികാരിമാരായ സെബാസ്റ്റ്യൻ നടുത്തടം, ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്‌മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ, ജനറൽ കൺവീനർ അരുൺ താഴത്തുപറമ്പിൽ, നഗര പ്രദക്ഷിണ കൺവീനർ ഡോ. റെജി വർഗീസ് മേക്കാടൻ, പ്രദക്ഷിണ കമ്മിറ്റി കൺവീനർ ചാക്കോച്ചൻ പ്ലാത്തോട്ടം, ജോജി തടിക്കൻ, ജോർജ് മൂഴിയാങ്കൽ, ഡോ. ആൻസി വടക്കേച്ചിറയാത്ത്, സിജി ലൂക്‌സൺ, മോളി തെങ്ങുംമൂട്ടിൽ, തിരുനാൾ പ്രസുദേന്തി ജോസ് കുര്യൻ ചോങ്കര തുടങ്ങിയവർ നേതൃത്വം നൽകും.

ഏറ്റവും മുന്നിൽ ചെണ്ടമേളം, അതിനു പിന്നിലായി സ്റ്റീൽ കുരിശും മാർതോമാ കുരിശും തിരിക്കാലുകളുമായി അൾത്താരബാലന്മാരും കൊടികളുമായി സൺഡേ സ്‌കൂൾ കുട്ടികളും അദ്ധ്യാപകരും, അതിനു പിന്നിലായി അരുവിത്തുറ പള്ളിയിലെ വെള്ളിക്കുരിശുകളും സ്വർണ്ണക്കുരിശുകളും അടുത്ത പള്ളികളിലെ കുരിശുകളും, ചെണ്ടമേളം, പിന്നാലെ 101 പൊൻകുരിശുകൾ, നാസിക് ഡോൾ, മുത്തുക്കുടകൾ, സിസ്റ്റേഴ്‌സ്, ബാൻഡ് സെറ്റ്, ഡീക്കന്മാർ, അവർക്കു പിന്നിലായി അരുളിക്കാ, പാലിയാ, ഏറ്റവും അവസാനമായി വിശ്വാസ സമൂഹം എന്ന ക്രമത്തിലാണു പ്രദക്ഷിണം.