ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയത്തിൽ അഴിമതി ആരോപണം നേരിടുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ സിബിഐ ചോദ്യം ചെയ്യാൻ ഒരുങ്ങുമ്പോൾ  രാഷ്ട്രീയ കുരുക്കായി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് എഴുതിയ 'സ്വരാജ്' എന്ന പുസ്തകത്തിലെ വരികൾ. ഭരണത്തിലേറിയപ്പോൾ പഴയ തത്വങ്ങളും ആശയസംഹിതകളും കേജ്രിവാൾ കൈവിട്ടുവെന്ന ആക്ഷേപമാണ് ഉയരുന്നത്.

'മദ്യക്കടകൾ തുറക്കാനുള്ള ലൈസൻസ് നൽകുന്നത് രാഷ്ട്രീയക്കാരുടെ ശുപാർശ പ്രകാരമാണ്. കൈക്കൂലി വാങ്ങി അവർ ലൈസൻസ് നൽകുന്നു. മദ്യക്കടകൾ മൂലം നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. കുടുംബ ജീവിതം തകർക്കപ്പെടുന്നു. മദ്യക്കടകൾ തുറക്കണോയെന്ന് അതു നേരിട്ടു ബാധിക്കപ്പെടുന്നവരോട് ആരും അന്വേഷിക്കുന്നില്ലെന്നതാണ് വിരോധാഭാസം. മദ്യക്കടകൾ അവരുടെമേൽ ഏൽപ്പിക്കപ്പെടുകയാണ്'..... എന്നാണ് 'സ്വരാജ്' എന്ന തന്റെ പുസ്തകത്തിൽ കേജ്രിവാൾ എഴുതിയത്. ഇതെല്ലാം ഭരണത്തിലേറിയപ്പോൾ ബോധപൂർവം മറന്നുവെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു.

മദ്യനയത്തിൽ അഴിമതി ആരോപണം നേരിടുന്ന അരവിന്ദ് കേജ്രിവാളിനെ പഴയ തത്വങ്ങളും ആശയസംഹിതയും ഓർമിപ്പിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ എഴുതിയ പഴയ കത്ത് രാഷ്ട്രീയ എതിരാളികൾ ചർച്ചയാക്കുകയാണ്. മദ്യനയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബിഐ നോട്ടിസ് നൽകിയതിന് പിന്നാലെയാണ് രാഷ്ട്രീയ വിവാദം ഉയരുന്നത്. ഡൽഹിയിലെ വിവാദ മദ്യനയം ആദ്യം ഉയർന്നു വന്നതിനു പിന്നാലെ കഴിഞ്ഞ ഓഗസ്റ്റിൽ അണ്ണാ ഹസാരെ അയച്ച കത്ത് ഇപ്പോൾ ചർച്ചയാകുന്നത്.

ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ എന്ന പ്രസ്ഥാനവുമായി മുന്നോട്ടുപോകവെ മദ്യക്കടകളോടുള്ള കേജ്രിവാളിന്റെ നിലപാട് ഇങ്ങനെ അല്ലായിരുന്നു. തന്റെ ഗ്രാമമായ റാലെഗാവ് സിദ്ധിയിൽ കഴിഞ്ഞ 35 വർഷമായി സിഗററ്റോ മദ്യമോ വിറ്റിട്ടില്ല. ഇതിനെ കേജ്രിവാളും മനീഷ് സിസോദിയയും അഭിനന്ദിച്ചതാണ്. ഈ നിലപാടിൽനിന്ന് തിരിച്ചുപോക്കാണ് എഎപി നടത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് കേജ്രിവാൾ എഴുതിയ 'സ്വരാജ്' എന്ന പുസ്തകത്തിൽനിന്നുള്ള ഭാഗം കത്തിൽ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രീയത്തിൽ ചേർന്ന ശേഷം കേജ്രിവാൾ തന്റെ ആശയങ്ങളും തത്വങ്ങളും മറന്നുവെന്നാണ് കത്തിൽ അണ്ണാ ഹസാരെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ''അതുകൊണ്ടാണ് നിങ്ങളുടെ സർക്കാർ ഡൽഹിയിൽ പുതിയൊരു മദ്യനയം രൂപീകരിച്ചത്. ഇതു മദ്യക്കച്ചവടത്തിനും മദ്യ ഉപഭോഗത്തിനും കുതിപ്പേകും. എല്ലാ തെരുവിലും മദ്യക്കടകൾ തുറക്കാനാകും. ഇത് അഴിമതി വർധിപ്പിക്കും. ഇതു ജനങ്ങളുടെ താൽപര്യ പ്രകാരമല്ല'' അണ്ണാ ഹസാരെ പറയുന്നു.

2010ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതിക്കെതിരെ ഉയർന്നുവന്ന പ്രസ്ഥാനമാണ് ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ. 2012ൽ ഈ പ്രസ്ഥാനത്തിനു നേതൃത്വം നൽകിയ കേജ്രിവാൾ ഉൾപ്പെടെയുള്ളവർ ആംആദ്മി പാർട്ടി (എഎപി) രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങി. അണ്ണാ ഹസാരെ മുൻനിർത്തി ആരംഭിച്ച ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ എഎപിയായി രൂപാന്തരം പ്രാപിച്ചതോടെ ഹസാരെ അകലം പാലിച്ചുനിൽക്കുകയായിരുന്നു.

സ്വരാജിൽ മദ്യനയത്തെക്കുറിച്ച് പറയുന്നത്.

''പ്രശ്‌നം: നിലവിൽ മദ്യക്കടകൾ തുറക്കാനുള്ള ലൈസൻസ് നൽകുന്നത് രാഷ്ട്രീയക്കാരുടെ ശുപാർശ പ്രകാരമാണ്. കൈക്കൂലി വാങ്ങി അവർ ലൈസൻസ് നൽകുന്നു. മദ്യക്കടകൾ മൂലം നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. കുടുംബ ജീവിതം തകർക്കപ്പെടുന്നു. മദ്യക്കടകൾ തുറക്കണോയെന്ന് അതു നേരിട്ടു ബാധിക്കപ്പെടുന്നവരോട് ആരും അന്വേഷിക്കുന്നില്ലെന്നതാണ് വിരോധാഭാസം. മദ്യക്കടകൾ അവരുടെമേൽ ഏൽപ്പിക്കപ്പെടുകയാണ്.

ശുപാർശ: മദ്യക്കടകളുടെ ലൈസൻസ് നൽകാനുള്ള അവകാശം ഗ്രാമസഭകളെ ഏൽപ്പിക്കുക. അവർ യോഗം ചേർന്ന് അതു തീരുമാനിക്കട്ടെ. യോഗത്തിൽ പങ്കെടുക്കുന്ന 90% സ്ത്രീകളും അതിൽ വോട്ട് ചെയ്യട്ടെ. കേവലമൊരു ഭൂരിപക്ഷത്തോടെ ലൈസൻസ് നൽകാതിരിക്കാൻ യോഗത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കു സാധിക്കും.''

മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഞായറാഴ്ച രാവിലെ 11-ന് ഹാജരാവാനാണ് സിബിഐയുടെ നിർദ്ദേശം. കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളിൽ വ്യക്തത തേടിയാണ് കെജ്രിവാളിനെ വിളിപ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 17-ന് ഫയൽ ചെയ്ത എഫ്.ഐ.ആർ. റിപ്പോർട്ടിൽ കെജ്രിവാളിനെ പ്രതിയായി ചേർത്തിരുന്നില്ല. എന്നാൽ കുറ്റാരോപിതരെയും ചില സാക്ഷികളെയും ചോദ്യം ചെയ്തതിൽനിന്ന് കെജ്രിവാളിന്റെ പേരും കേസിനെ ചുറ്റിപ്പറ്റി ഉയർന്നു. ഇതിൽ വ്യക്തത വരുത്താനാണ് വിളിപ്പിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

സിബിഐ നോട്ടീസ് കണ്ട് പേടിക്കില്ലെന്നും കെജ്‌രിവാൾ ഹാജരാകുമെന്നും എഎപി അറിയിച്ചു. കെജ്‌രിവാൾ അന്വേഷണത്തോട് സഹകരിക്കുമെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ കളികളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ആം ആദ്മി പാർട്ടി നേതാവും രാജ്യസഭ എംപിയുമായ സജ്ഞയ് സിങ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് കെജ്‌രിവാളിന് നിർദ്ദേശം നൽകിയിട്ടുള്ളത്.

കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നതെങ്ങനെയാണ് എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി പുറത്തേക്ക് വരാനുള്ളത്. ഏറ്റവും നിർണ്ണായകമായിട്ടുള്ള കാര്യം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ സിസോദിയ അടക്കമുള്ളവർ കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുകയാണ്. സിസോദിയയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സിബിഐ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇഡിയും അറസ്റ്റ് ചെയിതിരുന്നു.