കാഞ്ഞിരപ്പള്ളി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആയുര്‍വേദ ചികിത്സക്കായി കേരളത്തില്‍. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയിലാണ് കെജ്രിവാള്‍ ചികിത്സക്കായി എത്തിയത്. ഒരാഴ്ച്ച അദ്ദേഹം കേരളത്തില്‍ ചികിത്സയില്‍ തുടരും.

ബുധനാഴ്ച രാത്രി ഏഴോടെ കാഞ്ഞിരപ്പള്ളിയിലെത്തിയ കെജ്രിവാളിന് കേരള പൊലീസ് സുരക്ഷ ഒരുക്കി. ഇന്നലെ ഉച്ച മുതല്‍ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശത്തും പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. 2016ല്‍ പ്രകൃതി ചികിത്സയുടെ ഭാഗമായി അരവിന്ദ് കെജ്രിവാള്‍ ബംഗളൂരുവില്‍ എത്തിയിരുന്നു. പ്രമേഹത്തിനും വിട്ടുമാറാത്ത ചുമക്കും പരിഹാരം തേടിയാണ് 10 ദിവസത്തെ ചികിത്സക്കാണ് എത്തിയത്. അസാധാരണമായി ഉയരുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവും സ്ഥിരമായ ചുമയും കെജ് രിവാളിനെ അലട്ടിയിരുന്നു.

ഡല്‍ഹിയില്‍ അധികാരം പോയതിന് ശേഷം കെജ്രിവാള്‍ ദൈനംദിന രാഷ്ട്രീയത്തില്‍ അത്രകണ്ട് സജീവമായിരുന്നില്ല. യുഎസ തീരുവ വിഷയത്തിലാണ് അദ്ദേഹം അടുത്തിടെ ശക്തമായ നിലപാടുമായി രംഗത്തുവന്നത്. യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് 75 ശതമാനം തീരുവ ഏര്‍പ്പെടുത്തി 'ധൈര്യം കാണിക്കണം' എന്നായിരുന്നു പ്രധാനമന്ത്രി മോദിയോട് കെജ്രിവാള്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പ്രതികാരമായാണ് ഈ നടപടി സ്വീകരിക്കാന്‍ കെജ്രിവാള്‍ ആവശ്യപ്പെട്ടത്.

'പ്രധാനമന്ത്രി ധൈര്യം കാണിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു, രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയിരിക്കുന്നു. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് നിങ്ങള്‍ 75 ശതമാനം തീരുവ ചുമത്തുക, രാജ്യം അത് സഹിക്കാന്‍ ഒരുക്കമാണ്. ട്രംപ് മുട്ടു മടക്കുമോ ഇല്ലയോ എന്ന് അപ്പോള്‍ കാണാം', -കെജ്രിവാള്‍ പറഞ്ഞു.

2025 ഡിസംബര്‍ 31 വരെ അമേരിക്കന്‍ പരുത്തി ഇറക്കുമതിക്കുള്ള 11 ശതമാനം തീരുവ ഒഴിവാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനത്തെയും കെജ്രിവാള്‍ വിമര്‍ശിച്ചു. ഈ നീക്കം തദ്ദേശീയ കര്‍ഷകര്‍ക്ക് ദോഷകരമാകുമെന്നും യുഎസിലെ കര്‍ഷകരെ സമ്പന്നരാക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. 'യുഎസില്‍ നിന്നുള്ള പരുത്തി എത്തുമ്പോള്‍ ഇവിടുത്തെ കര്‍ഷകര്‍ക്ക് വിപണിയില്‍ 900 രൂപയില്‍ താഴെയേ ലഭിക്കൂ. അവരുടെ കര്‍ഷകരെ സമ്പന്നരാക്കുകയും ഗുജറാത്തിലെ കര്‍ഷകരെ ദരിദ്രരാക്കുകയും ചെയ്യുന്നു', കെജ്രിവാള്‍ പറഞ്ഞു.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ വിളവെടുപ്പ് കാലത്ത്, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുയോജ്യമായ വിപണിയില്ലാതെ ഇന്ത്യന്‍ പരുത്തി ഉത്പാദകരെ കേന്ദ്രത്തിന്റെ നയം ദുര്‍ബലരാക്കിയിരിക്കുകയാണെന്നും കര്‍ഷക ആത്മഹത്യകള്‍ക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ 'മുട്ടുമടക്കി'യെന്ന് കെജ്രിവാള്‍ ആരോപിച്ചു, യുഎസ് തീരുവകള്‍ക്ക് ശക്തമായി മറുപടി നല്‍കുന്നതിന് പകരം മോദി എന്തിനാണ് 'തലകുനിച്ചത്' എന്നും അദ്ദേഹം ചോദിച്ചു.

തീരുവ ആവശ്യങ്ങള്‍ക്ക് പുറമെ, യുഎസ് പരുത്തി ഇറക്കുമതിക്ക് 11 ശതമാനം തീരുവ പുനഃസ്ഥാപിക്കണമെന്നും ഒരു മിനിമം താങ്ങുവില ഏര്‍പ്പെടുത്തണമെന്നും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. യുഎസ് തീരുവകള്‍ കാര്‍ഷിക മേഖലയെ മാത്രമല്ല, ഇന്ത്യയിലെ വജ്ര തൊഴിലാളികളെയും ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.