- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരവിന്ദ് കെജ്രിവാള് ജയില്‍ മോചിതന്‍; ജയിലിന് പുറത്ത് വന്‍ സ്വീകരണമൊരുക്കി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍; എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന് ആദ്യപ്രതികരണം
സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ മോചനം
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അഞ്ചരമാസം ജയിലില്‍ കഴിഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ പുറത്തിറങ്ങി. ഡല്‍ഹിയിലെ കനത്ത മഴയെ അവഗണിച്ച് ഒട്ടേറെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരാണ് കേജ്രിവാളിനെ സ്വീകരിക്കാന്‍ തിഹാര്‍ ജയിലിനു പുറത്തു കാത്തുനിന്നത്. ജയിലിനു പുറത്ത് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം സംഘടിപ്പിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍, ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എംപി സഞ്ജയ് സിങ് തുടങ്ങിയവര്‍ കേജ്രിവാളിനെ സ്വീകരിക്കാനെത്തിയിരുന്നു. കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ കെജ്രിവാളിനെ വരവേറ്റത്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്നായിരുന്നു ജയിലിന് പുറത്തെത്തിയ കെജ്രിവാളിന്റെ ആദ്യപ്രതികരണം.
തന്റെ ധൈര്യമിപ്പോള്‍ നൂറുമടങ്ങു വര്‍ധിച്ചുവെന്നു ജയില്‍മോചിതനായ ശേഷം അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ജയിലിനു പുറത്തു തന്നെ സ്വീകരിക്കാനെത്തിയ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ''ഈ കനത്ത മഴയിലും നിങ്ങള്‍ ഇത്രയും പേര്‍ ഇവിടെ വന്നു. അതിന് എല്ലാവരോടും നന്ദി. എന്റെ ജീവിതം ഈ രാജ്യത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഈ ജീവിതത്തില്‍ ഒട്ടേറെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്. എന്നാല്‍ സത്യത്തിന്റെ പാതയിലൂടെയാണ് ഞാന്‍ നടന്നതെന്നതിനാല്‍ ദൈവം എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു'' കേജ്രിവാള്‍ പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ച് 21 മുതല്‍ തടവില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വീണ്ടും ഏറ്റെടുക്കാം. ഇഡി കേസില്‍ സുപ്രീംകോടതി ജാമ്യം നല്കുന്നതിനു മുമ്പ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് കെജ്രിവാളിന് ജയിലില്‍ തുടരേണ്ടി വന്നത്. വിചാരണ ഉടനെ ഒന്നും പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ ജാമ്യം നല്കുകയാണെന്നും രണ്ടംഗ ബഞ്ച് വ്യക്തമാക്കി.സാക്ഷികളെ സ്വാധീനിക്കരുത്, സെക്രട്ടറിയേറ്റില്‍ പ്രവേശിക്കരുത്, ചില ഫയലുകള്‍ മാത്രമേ കാണാവൂ തുടങ്ങിയ മുന്‍കേസിലെ ജാമ്യ വ്യവസ്ഥകള്‍ തുടരും.
ഭിന്നാഭിപ്രായം രേഖപ്പെടുത്തിയാണു കേജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ ജഡ്ജിമാര്‍ വിധി പറഞ്ഞത്. കേജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളില്‍ അപാകതകളൊന്നും ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കേജ്‌രിവാളിനെ അറസ്റ്റുചെയ്യുമ്പോള്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 41-ന്റെ ഉത്തരവുകള്‍ പാലിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്ന വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
കേജ്രിവാളിനെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യമില്ലായിരുന്നു എന്ന വീക്ഷണമാണു ജസ്റ്റിസ് ഉജ്വല്‍ ഭുയന്‍ പങ്കുവച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേജ്രിവാളിന് ഇ.ഡി ജാമ്യം അനുവദിച്ചത് പരാജയപ്പെടുത്താന്‍ മാത്രമായിരുന്നു സിബിഐയുടെ അറസ്റ്റ്. 22 മാസമായി കേജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇ.ഡി കേസില്‍ മോചിതനായതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേജ്‌രിവാളിനു ജാമ്യം നല്‍കാനുള്ള തീരുമാനത്തില്‍ ഇരു ജഡ്ജിമാരും ഏകകണ്ഠമായാണു തീരുമാനമെടുത്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതും വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലാത്തതും കണക്കിലെടുത്താണു ജാമ്യം നല്‍കിയത്.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂണ്‍ 26നാണു സിബിഐ കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കേജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കാന്‍ ഓഗസ്റ്റ് 14നു സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. സിബിഐയില്‍നിന്ന് വിശദീകരണവും കോടതി ചോദിച്ചു. അഞ്ചരമാസത്തിന് ശേഷമാണ് കേജ്‌രിവാള്‍ ജയില്‍മോചിതനാകുന്നത്. സത്യം ജയിച്ചെന്നും സുപ്രീം കോടതിക്കു നന്ദിയെന്നും ആംആദ്മി പാര്‍ട്ടി പ്രതികരിച്ചു
സിബിഐ റജിസ്റ്റര്‍ ചെയ്ത കേസിലാണു കേജ്‌രിവാളിനു ജാമ്യം ലഭിച്ചത്. മാര്‍ച്ച് 21ന് ആയിരുന്നു ആദ്യ അറസ്റ്റ്. അന്ന് ഇ.ഡിയാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയില്‍നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കേജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇ.ഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതിവിധി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കേജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച അദ്ദേഹം ജൂണ്‍ രണ്ടിനു ജയിലിലേക്കു മടങ്ങിയിരുന്നു.