- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബസ് വിവാദത്തിൽ സത്യം ഉടൻ തെളിയും
തിരുവനന്തപുരം: ബസിനു കുറുകെ കാർ നിർത്തി തടയുകയും ട്രിപ്പ് പൂർണമാക്കാൻ അനുവദിക്കാതെ യാത്രക്കാരെ ഇറക്കി വിടുകയും ചെയ്ത സംഭവത്തിൽ പരാതി നൽകാൻ തയാറാകാതെ കെഎസ്ആർടിസി ഒളിച്ചു കളിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഭയം. മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് കെ.എം.സച്ചിൻദേവ് എംഎൽഎയും ഉൾപ്പെടെയുള്ളവർ പ്രതിസ്ഥാനത്തുള്ള സംഭവത്തിൽ രാഷ്ട്രീയ സമ്മർദ്ദം ഏറെയാണ്. ഡ്രൈവർക്കെതിരെ നടപടി വേണമെന്ന് തിരുവനന്തപുരം നഗര സഭ പ്രമേയം പാസാക്കിയതും സിപിഎമ്മിന്റെ നിലപാട് വിശദീകരണമാണ്. മേയർക്കെതിരായ നടപടികളൊന്നും കെ എസ് ആർ ടി സിയുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല.
ഭരണകക്ഷിയുടെ സമ്മർദ്ദം കാരണമാണ് പരാതി നൽകാതെ കെഎസ്ആർടിസി കള്ളക്കളി നടത്തുന്നത്. അതേസമയം, ആഭ്യന്തര അന്വേഷണം നടത്തി ഡ്രൈവർക്ക് അനുകൂലമായി കെഎസ്ആർടിസി സിഎംഡി പ്രാഥമിക റിപ്പോർട്ട് മന്ത്രിക്കു നൽകിയെങ്കിലും വിശദ റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. അതായത് കെ എസ് ആർ ടി സി എംഡിയുടെ റിപ്പോർട്ട് ഡ്രൈവർക്ക് അനുകൂലമാണ്. ഇത് മനോരമയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ബസിനുള്ളിലെ ക്യാമറകൾ പൊലീസ് പരിശോധിക്കും. അശ്ലീല ആംഗ്യം കാട്ടിയതിനുള്ള തെളിവാണ് പൊലീസ് തേടുന്നത്. ഇതിൽ നിന്നും സംഭവത്തിലെ യഥാർത്ഥ ചിത്രം കിട്ടുമെന്നാണ് പൊലീസ് പറയുന്നത്.
കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചതോടെ ഡ്രൈവർ യദു സിറ്റി പൊലീസ് കമ്മിഷണർക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും പരാതി നൽകി. ഈ പരാതികളിൽ നടപടി ഉണ്ടാകാതെ വന്നാൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. അതേസമയം, ബസ് തടഞ്ഞ് ട്രിപ്പ് മുടക്കിയതിന് പരാതി നൽകേണ്ടെന്നാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിനും സീബ്രാ ലൈനിൽ വാഹനം നിർത്തി ട്രാഫിക് നിയമം തെറ്റിച്ചതിനും കേസെടുക്കാമെങ്കിലും ഡ്രൈവറുടെ ആരോപണം നിലവിലെ കേസിനൊപ്പം അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഡ്രൈവർ യദുവിന്റെ മൊഴിയെടുക്കും. അപകടകരമായ നിലയിൽ വാഹനമോടിച്ച് നിയമലംഘനം നടത്തുകയും അശ്‌ളീല ആംഗ്യംകാട്ടിയ ഡ്രൈവറെ തടഞ്ഞു വയ്ക്കുകയുമാണ് മേയറും എംഎൽഎയും ചെയ്തതെന്ന് പൊലീസ് ന്യായീകരിക്കുന്നു. എന്നാൽ ബസിനുള്ളിലെ ക്യാമറാ പരിശോധനയിൽ ഇതിൽ സത്യം തെളിയും. ബസ് തടഞ്ഞില്ലെന്ന നിലപാടിലായിരുന്നു മേയർ. റെഡ് സിഗ്‌നലിൽ ബസ് നിറുത്തിയപ്പോൾ ബസിനടുത്തെത്തി ഡ്രൈവറെ ചോദ്യം ചെയ്യുക മാത്രമാണുണ്ടായത് എന്നാണ് മേയർ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ സീബ്രാ ലൈനിൽ ബസിന് കുറുകേ കാർ നിർത്തിയിട്ടശേഷം ബസിന്റെ ഡോർ വലിച്ചുതുറന്ന് ഡ്രൈവറുമായി വാക്കേറ്റമുണ്ടാകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഈ വാദം പൊളിയുകയായിരുന്നു.
മേയർ പരാതി നൽകിയതോടെയാണ് യദു കൗണ്ടർ പരാതി നൽകിയത് . പൊലീസ് എത്തിയാണ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തത് അതിനാൽ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്ന പരാതിയിൽ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതെല്ലാം യുദു തള്ളികളയുകയാണ്. ഗതാഗത മന്ത്രിയുടെ നിർദേശാനുസാരം വിജിലൻസ് നടത്തിയ അന്വേഷണത്തിലും ഡ്രൈവർക്കെതിരായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് അറിയുന്നത്. പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലെ റെഡ് സിഗ്‌നലിലാണ് കാർ നിർത്തി ബസ് ഡ്രൈവറുമായി സംസാരിച്ചതെന്നായിരുന്നു മേയർ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. ഇത് പച്ചക്കള്ളമാണെന്ന് കാണിക്കുന്നു ക്യാമറ ദൃശ്യവും അന്വേഷണ റിപോർട്ടും.
മാത്രമല്ല സംഭവം നടക്കുമ്പോൾ മറ്റു വാഹനങ്ങൾ അതുവഴി കടന്നു പോകുന്ന സി സി ടി വി ദൃശ്യങ്ങളുണ്ട്. റെഡ് സിഗ്‌നൽ സമയത്താണ് കാർ നിർത്തിയതെന്ന മേയറുടെ വാദത്തെ ഇത് നിരാകരിക്കുന്നു. സംഭവ സമയത്ത് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന മേയറുടെ ആരോപണവും മെഡിക്കൽ പരിശോധനയിൽ പൊളിഞ്ഞു. പരിശോധനയിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.