തിരുവനന്തപുരം: മേയറും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ പോലീസിന് നടപടികള്‍ എടുക്കേണ്ടി വരും. പൊലീസിന് കോടതിയുടെ വിമര്‍ശനം കിട്ടിയ സാഹചര്യത്തിലാണ് ഇത്.. യദുവിന്റെ പരാതിയില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്ന് വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് നിര്‍ദേശിച്ചത് കേസില്‍ ട്വിസ്റ്റായി മാറും. മേയറും സംഘവും സഞ്ചരിച്ച കാര്‍ കണ്ടെത്താത്തത് എന്തു കൊണ്ടെന്നും കോടതി ചോദിച്ചു. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 22 ന് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. യദുവിന് ഇനിയും കെ എസ് ആര്‍ ടി സി ജോലി തിരികെ നല്‍കിയിട്ടില്ല. പിരിച്ചു വിട്ടതുമില്ല. ഈ സാഹചര്യത്തില്‍ മേയര്‍ക്കെതിരായ കേസ് നിര്‍ണ്ണായകമാണ്.

ഡ്രൈവര്‍ യദു കന്റോണ്‍മന്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് പൊലീസിനെ കോടതി വിമര്‍ശിച്ചത്. യദു കോടതിയില്‍ സമര്‍പ്പിച്ച മോണിറ്ററിങ് പെറ്റീഷന്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടല്‍. സുതാര്യമായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. എതിര്‍കക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തതിലും പൊലീസിനു വിമര്‍ശനമുണ്ട്. കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നേരത്തെ യദു നല്‍കിയ പരാതി പോലീസ് ഗൗരവത്തില്‍ എടുത്തിരുന്നില്ല.

പരാതി നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരുവിധ അന്വേഷണവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യദു കോടതിയെ സമീപിച്ചത്. കോടതിയുടെ ഭാഗത്ത് നിന്ന് ഒരു അന്വേഷണം വേണമെന്ന് യദു ആവശ്യപ്പെട്ടിരുന്നു. ഇതിന്മേലുള്ള വാദം കേള്‍ക്കവെയാണ് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇതുവരെ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ എന്ന സംശയവും കോടതി പ്രകടിപ്പിച്ചു. 22-ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കന്റോണ്‍മെന്റ് സിഐ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ പോലീസ് നല്‍കുന്ന മറുപടി നിര്‍ണ്ണായകമാകും. ഇതിന് ശേഷം കോടതി നേരിട്ട് അന്വേഷണം നടത്തിയാല്‍ അത് മേയറിനും തിരിച്ചടിയാകും.

മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയുമടക്കം അഞ്ച് ആളുകളുടെ പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യദു സ്വകാര്യ ഹര്‍ജി ഫയല്‍ചെയ്തത്. ഏപ്രില്‍ 27 ന് രാത്രി പത്തോടെ പാളയത്ത് സാഫല്യം കോംപ്ലക്സിനു മുന്നിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡ്രൈവര്‍ യദുവിനെതിരെ മേയറും പരാതി നല്‍കിയിരുന്നു. ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്നാണ് യദുവിന് എതിരെയുള്ള പരാതി. ഈ വിവാദത്തില്‍ ഡ്രൈവര്‍ യദു മേയര്‍ ആര്യ രാജേന്ദ്രനെ ലൈംഗിക ചേഷ്ടയുള്ള ആംഗ്യം കാണിച്ചതിനും അമിതവേഗത്തില്‍ വാഹനമോടിച്ചതിനുമുള്ള തെളിവുകളാണ് പൊലീസ് അന്വേഷിച്ചത്. എന്നാല്‍ ബസിലെ സിസിടിവി ക്യാമറയിലുള്ള മെമ്മറി കാര്‍ഡ് കാണാതായതോടെ ലൈംഗിക ചേഷ്ട കാണിച്ചോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി പൊലീസ്. ബസിന്റെ വേഗപ്പൂട്ട് പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ അമിതവേഗത്തിലായിരുന്നോ എന്നും സ്ഥിരീകരിക്കാനായില്ല.

ഇതിനിടയിലാണ് മേയര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയുമായി യദു കോടതിയെ സമീപിച്ചതും തുടര്‍ന്ന് പൊലീസ് കേസെടുത്തതും. ലൈംഗിക അധിക്ഷേപക്കേസില്‍ പ്രതിയായ ആള്‍ തന്നെ തനിക്കെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ മറ്റൊരു പരാതി നല്‍കിയത് പൊലീസിനെ കുഴച്ചു. മേയര്‍ക്കെതിരെ അന്വേഷണം നടത്താന്‍ നിരവധി പരിമിതികളുമുണ്ടായിരുന്നു. അതേസമയം, തര്‍ക്കത്തിനിടെ മേയറുടെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ദേവ് ബസിനുള്ളില്‍ കയറിയെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചതായും വാര്‍ത്തകളെത്തി. സച്ചിന്‍ദേവ് ബസില്‍ കയറിയെന്നും ബസ് പൊലീസ്‌സ്റ്റേഷനിലേക്ക് പോകാന്‍ എം.എല്‍.എ ആവശ്യപ്പെട്ടെന്നുമാണ് ബസിലെ യാത്രക്കാര്‍ നല്‍കിയ മൊഴിയെന്നും റിപ്പോര്‍ട്ടുകളെത്തി.

എം.എല്‍.എ ബസില്‍ കയറിയ വിവരം കണ്ടക്ടര്‍ ട്രിപ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വിസ് തടസ്സപ്പെട്ടതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയപ്പോഴാണ് എം.എല്‍.എ ബസില്‍ കയറിയതും രേഖപ്പെടുത്തിയത്. ഈ രേഖ കെ.എസ്.ആര്‍.ടി.സിയില്‍നിന്നും പൊലീസ് ശേഖരിച്ചിരുന്നു. കോടതിയില്‍ ഇതെല്ലാം പോലീസ് അറിയിക്കുമോ എന്നതാണ് നിര്‍ണ്ണായകം. നേരത്തെ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതി നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.

പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും പ്രാഥമിക ഘട്ടത്തില്‍ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നും തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് നേരത്തെ വിലയിരുത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ കോടതി എടുക്കുന്ന നിലപാട് അതിനിര്‍ണ്ണായകമാകും.